ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിൻ്റെ പടികളിറങ്ങുകയാണ്

പാരമ്പര്യവും പുരോഗമന ആശയങ്ങളുടെ തുടക്കവും
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിലും വളർച്ചയിലും ത്യാഗപൂർണ്ണമായ സംഭാവനകൾ നല്കിയ ഒരു കുടുംബത്തിലെ പിൻതലമുറക്കാരനാണ് ഞാൻ. ബഹുമുഖപ്രതിഭയും നിരവധി ട്രേഡ് യൂണിയനുകളുടെ സ്ഥാപകനും നവോത്ഥാന നായകരിലെ ആദ്യ കമ്മ്യൂണിസ്റ്റുമായ ഡോ. വി.വി. വേലുക്കുട്ടി അരയനാണ് എൻ്റെ മുത്തച്ഛൻ.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളായിരുന്ന എൻ്റെ അച്ഛൻ അഡ്വ.വി.വി. നാഗേന്ദ്രനും അച്ഛൻ്റെ സഹോദരങ്ങളും മാമൻ പി.ജി. വേലായുധൻ നായരുമെല്ലാം പിന്നീട് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.(എം) ൻ്റെ നേതാക്കളോ സജീവ പ്രവർത്തകരോ ആയി മാറി.
ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള, മന്നത്തു പത്മനാഭൻ, അയ്യങ്കാളി, ടി.കെ. മാധവൻ, സി.എസ്.സുബ്രഹ്മണ്യൻ പോറ്റി തുടങ്ങിയ നിരവധി നവോത്ഥാന നായകരും സഖാവ് പി.കൃഷ്ണപിള്ള, എ.കെ.ജി തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളും കലാ - സാഹിത്യ- സാമൂഹിക - പത്രപ്രവർത്തന രംഗങ്ങളിലെ ഒട്ടനവധി പ്രമുഖരും ഇടയ്ക്കിടെ സന്ദർശിച്ചിരുന്ന ഒരു കുടുംബത്തിൽ പിറന്നതിനാൽ അത്തരം കാര്യങ്ങളിൽ സ്വാഭാവികമായും ഞാൻ ആകഷ്ടനായിരുന്നു. വീട്ടിലെ ചർച്ചകളിലാകെ നിറഞ്ഞുനിന്ന പുരോഗമന ആശയങ്ങൾ, എൻ്റെ രക്തത്തിൽ അലിഞ്ഞുചേരുകയും നല്ല കമ്മ്യൂണിസ്റ്റ് നേതാക്കൾ എൻ്റെ ഹീറോകളാകുകയും ചെയ്തത് അങ്ങനെയാണ്.
പ്രസ്ഥാനത്തോടുള്ള മൂന്ന് പതിറ്റാണ്ടിന്റെ സർഗ്ഗാത്മക സമർപ്പണം
1997-ൽ സഖാവ് ഇ.എം.എസ് ജീവിച്ചിരിക്കെ അദ്ദേഹത്തെ കുറിച്ച് 'ഇ.എം.എസ് - ജീവിക്കുന്ന ഇതിഹാസം' എന്ന പേരിൽ ഒരു ഓഡിയോ കാസറ്റും പുസ്തകവും ഞാൻ പുറത്തിറക്കുകയുണ്ടായി. അതിനുശേഷം ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളം കാലമായി, കമ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തെയും പി.കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, ലെനിൻ ,ഇ.കെ നായനാർ തുടങ്ങിയ നേതാക്കളെയും കുറിച്ചുള്ള നിരവധി ഓഡിയോ കാസറ്റുകൾ, പുസ്തകങ്ങൾ, വീഡിയോ പ്രോഗ്രാമുകൾ, വിപ്ലവഗാന സി.ഡി.കൾ, ടെലിവിഷൻ പരമ്പര, 'വസന്തത്തിൻ്റെ കനൽ വഴികളിൽ' (മലയാളം),'വീരവണക്കം'(തമിഴ്) എന്നീ ചലച്ചിത്രങ്ങൾ തുടങ്ങിയവ ഞാൻ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച് പുറത്തിറക്കിയിട്ടുള്ളതാണ്.
ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തതിൽ പി കൃഷ്ണപിള്ള, ഇ.എം.എസ്, എ. കെ. ജി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ജനകീയ പോരാട്ടങ്ങളുടെ ചരിത്രമാണ് 'വസന്തത്തിൻ്റെ കനൽ വഴികളി'ലൂടെ ഞാൻ ആവിഷ്‌കരിച്ചത്. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതകൊണ്ടുമാത്രമാണ്, എൻ്റെ സർഗ്ഗവാസനകളും കോടിക്കണക്കിനു രൂപയും ആയുസ്സിൻ്റെ നല്ലൊരു ഭാഗവും യാതൊരു ലാഭേച്ഛയുമില്ലാതെ ഇത്തരം പ്രവർത്തനങ്ങൾക്കായി ഞാൻ വിനിയോഗിച്ചിട്ടുള്ളത്. 'വസന്തത്തിൻ്റെ കനൽ വഴികളിൽ' മാത്രമല്ല; ഞാനെഴുതി സംവിധാനം ചെയ്ത സൃഷ്ടികളെല്ലാം കേരളത്തിലെ പാർട്ടി സഖാക്കളും കുടുംബങ്ങളും ഹൃദയത്തിലേറ്റുവാങ്ങിയിട്ടുണ്ട്.
'വസന്തത്തിൻ്റെ കനൽ വഴികളിൽ': തകർച്ചയും വ്യക്തിവൈരാഗ്യവും
2014-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി 'വസന്തത്തിൻ്റെ കനൽ വഴികളിൽ' പുറത്തിറങ്ങിയപ്പോഴുണ്ടായ നിർഭാഗ്യകരമായ ചില സംഭവങ്ങൾ മൂലം ആ ചിത്രത്തിന് വലിയ സാമ്പത്തിക തകർച്ചയുണ്ടായി. (തെരഞ്ഞെടുപ്പിൽ സി.പി.ഐ (എം) ൻ്റെ പ്രചരണാർത്ഥം റിലീസ് ചെയ്തുവെന്ന് ആരോപിച്ചു കൊണ്ടുള്ള പരാതിയിൽ ഇലക്ഷൻ കമ്മീഷൻ നടപടിയെ തുടർന്ന് ചിത്രം പിൻവലിക്കേണ്ടിവന്നു.) അതിനേക്കാൾ എന്നെ വേദനിപ്പിച്ചത് ആ ചിത്രത്തെ ജനങ്ങളിലേക്കെത്തിക്കുവാനും എന്നെ സഹായിക്കാനും കഴിയുന്ന ചിലർ സ്വീകരിച്ച വിദ്വേഷകരമായ നടപടികളാണ്. ആ സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കത്തിൻ്റെ ശക്തിയും പ്രസക്തിയും തിരിച്ചറിഞ്ഞിട്ടും എന്നോടുള്ള വ്യക്തിവിരോധത്താൽ അത് പുറംലോകം കാണാൻ പാടില്ല എന്നൊരു ക്രൂരമായ നിലപാടാണ് ചിലർ എടുത്തത്.
പ്രചാരണായുധമായ സിനിമയും വർദ്ധിച്ച പകയും
'വസന്തത്തിൻ്റെ കനൽ വഴികളിൽ' സിനിമയുടെ വീഡിയോ ഡിസ്‌ക് 2015-ൽ സഖാവ് കോടിയേരി പ്രകാശനം ചെയ്തശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സമ്മേളനങ്ങളിലും കുടുംബയോഗങ്ങളിലുമെല്ലാം ഈ സിനിമയുടെ പ്രദർശനം ഒരു കാമ്പയിനായി നടന്നിരുന്നതും രാഷ്ടീയമായി അതു സൃഷ്ടിച്ച ആശയവ്യക്തതയും ആവേശവും ഫലപ്രാപ്തിയും ആരും മറന്നുപോകുമെന്നു കരുതുന്നില്ല.
കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമയുടെ പ്രദർശനം, പാർട്ടി വേദികളിലെ ഒരു പരിപാടിയായി മാറിയിരുന്നു. ഇത്തരം പ്രദർശനങ്ങൾ വഴി എനിക്ക് യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെങ്കിലും പാർട്ടി വേദികളെ ഉത്സാഹഭരിതമാക്കുന്നതിനും ജനങ്ങളിൽ രാഷ്ട്രീയ ബോധവല്ക്കരണം സൃഷ്ടിക്കുന്നതിനും എൻ്റെ സിനിമ വിജയിക്കുന്നതിൽ ഞാൻ അഭിമാനിച്ചു. കേരളത്തിലെ ബഹുഭൂരിപക്ഷം പാർട്ടി സഖാക്കളും നേതാക്കളും ആ ചിത്രത്തിൻ്റെ പേരിൽ എന്നെ ഹൃദയപൂർവ്വം അഭിനന്ദിച്ചതും സ്നേഹിച്ചതും എനിക്കു വിസ്മരിക്കാനാവില്ല.
എന്നാൽ പാർട്ടിയുടെ പ്രമുഖ നേതാക്കളും ബഹുഭൂരിപക്ഷം വരുന്ന സഖാക്കളും ചിത്രത്തിനു നല്കിയ ഊഷ്മളമായ സ്വീകരണം, ചിലരുടെ ഉള്ളിൽ അണയാതെ കിടന്ന പകയെ വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ഒരു വർഗ്ഗശത്രുവിനോടെന്നപോലെ അവർ എന്നോട് കാട്ടിയ ക്രൂരതകളുടെ കഥകൾ, പുറംലോകം അറിയാതിരിക്കാനാണ് യഥാർത്ഥത്തിൽ ഞാൻ ശ്രമിച്ചത്. ഈ കഴിഞ്ഞ പന്ത്രണ്ടു വർഷത്തോളം കാലം ഞാൻ നേരിട്ട പലവിധ ദുരിതങ്ങളക്കാൾ ഭയാനകവും ഭീകരവുമായത് മേൽപ്പറഞ്ഞ ചിലർ എനിക്കുമേൽ പ്രയോഗിച്ച ഉന്മൂലന ക്രിയകളായിരുന്നു !
'വീരവണക്കം': വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ട വീണ്ടും ഒരു പരീക്ഷണം
കഴിഞ്ഞവർഷം ഒരു തമിഴ് സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചപ്പോൾ കേരളത്തിൻ്റെ പഴയകാല ചരിത്രത്തെയും തമിഴ്‌നാടിൻ്റെ ഇന്നത്തെ സാമൂഹ്യാവസ്ഥയെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് 'വീരവണക്കം' എന്നൊരു ചിത്രമാണ് ഞാൻ ചെയ്തത്. പി.കൃഷ്ണപിള്ളയായി സമുദ്രക്കനിയും തമിഴ്നാട്ടിലെ വിപ്ലവകാരിയായി ഭരതും വേഷമിട്ട ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ കണ്ട ഇരു സംസ്ഥാനങ്ങളിലെയും മാധ്യമങ്ങളും ചലച്ചിത്ര നിരൂപകരും രാഷ്ട്രീയ നേതാക്കളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ത്യാഗോജ്ജല പോരാട്ടങ്ങളെ പുതുതലമുറയിലേക്ക് പകരാൻ ഏറ്റവും അനുയോജ്യമായ ഒരു ചിത്രമാണിതെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇക്കാലമത്രയും അനുഭവിച്ച കഷ്ടപ്പാടുകൾ മറന്നുകൊണ്ട്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മഹത്വത്തെ പറ്റി ദേശീയപ്രാധാന്യമുള്ള ഒരു തമിഴ് സിനിമ ചെയ്തപ്പോഴെങ്കിലും ചിലർ മനസ്സിൽ സൂക്ഷിച്ചുവച്ച പന്ത്രണ്ടു വർഷം പഴക്കമുള്ള പകയും വൈരാഗ്യവും ഇല്ലാതായിട്ടുണ്ടാവും എന്ന് ഞാൻ ധരിച്ചു.
എന്നാൽ എൻ്റെ മുന്നിൽ തുറന്ന വാതിലുകളെല്ലാം കൊട്ടിയടയ്ക്കുന്ന ക്രൂരതകൾ തന്നെയാണ് വീണ്ടും ആവർത്തിച്ചത്. സി.പി.ഐ (എം) ൻ്റെ ഭാഗമായി നിന്നുകൊണ്ട് മുപ്പതുവർഷത്തിലധികം കാലമായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളും ഓഡിയോ - വീഡിയോ പ്രോഗ്രാമുകളും യാതൊരു ലാഭേച്ഛയുമില്ലാതെ നിരന്തരം പുറത്തിറക്കി, കോടിക്കണക്കിനു രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായ ഒരുവനോട് ഇത്ര കടുത്ത പകയും വൈരാഗ്യവും ഇപ്പോഴും ഉള്ളിൽ സൂക്ഷിക്കുകയെന്നത് ഉൾക്കൊള്ളാനാകുന്നില്ല.
നഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ
ഞാൻ മനസ്സിലാക്കിയ കമ്മ്യൂണിസത്തിൻ്റെ ബാലപാഠം, കരുണയാണ്. അടിച്ചമർത്തപെട്ടവരോട്, പട്ടിണിപ്പാവങ്ങളോട്, നിരാലംബരായവരോട്, ജാതിയുടെയും മതത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ വിവേചനം അനുഭവിക്കുന്നവരോട്, നിസ്സഹായരായി കണ്ണീരണിയുന്നവരോട് ഞങ്ങൾ നിങ്ങളോടൊപ്പമാണെന്ന് പറയുന്ന ദയയും ചങ്കൂറ്റവുമാണ് കമ്മ്യൂണിസത്തിൽ ഞാൻ കണ്ടത്.
പക്ഷേ, ഇന്ന് നിർഭാഗ്യവശാൽ എനിക്കത് കാണാൻ കഴിയുന്നില്ല. നല്ലവരായ നിരവധി നേതാക്കളും പ്രവർത്തകരും ഈ പ്രസ്ഥാനത്തിൽ ഇപ്പോഴുമുണ്ട്. അവരെയോർത്ത് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല.
കനിവില്ലാത്ത കാലം: ഒരു പാട്ടിന്റെ ഓർമ്മ
വസന്തത്തിൻ്റെ കനൽ വഴികളിൽ എന്ന സിനിമയിൽ ഞാനെഴുതി കേരളത്തിൻ്റെ ആരാധ്യയായ വിപ്ലവഗായിക പി.കെ. മേദിനി ഈണമിട്ടു പാടിയ ഒരു ഗാനമുണ്ട്..
"കത്തുന്ന വേനലിലൂടെ, കനിവിനായ് കരഞ്ഞുകൊണ്ട്, കനൽ വഴികൾ താണ്ടിനടന്നു പോയൊരു കാലം!അത് കിനാവുകൾ ചുട്ടുകരിക്കും കനിവില്ലാക്കാലം !മനുജനെ മനുജൻ തിന്നും മനസ്സില്ലാക്കാലം !"
പഴയകാലത്തെ ചൂഷകരും നിർദ്ദയരുമായ ജന്മിമാരും തമ്പ്രാക്കന്മാരും പാവപ്പെട്ട അടിയാളരോടും തൊഴിലാളികളോടും കാട്ടിയ കൊടുംക്രൂരതകളുടെ പശ്ചാത്തലത്തിൽ എഴുതിയ പാട്ടാണിത്. പക്ഷേ ഇതിപ്പോൾ എൻ്റെ ജീവിതവുമായി ചേർത്തുവച്ചു നോക്കിയാലും ശരിയാകുമെന്നു തോന്നുന്നു!
വിടവാങ്ങൽ
സഹായിച്ചില്ലെങ്കിലും പിന്തുടർന്നു ദ്രോഹിക്കുന്ന ക്രൂരതകൾ സഹിച്ച് ഇനിയും തുടരാനാകില്ല. എന്നെ സ്നേഹിച്ച എല്ലാ നല്ലവരായ നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ചുകൊണ്ട് ഈ പടികളിറങ്ങുന്നു.
അനിൽ വി. നാഗേന്ദ്രൻ

അനിൽ വി. നാഗേന്ദ്രൻ —
- വ്യക്തിത്വം: മലയാള ചലച്ചിത്ര സംവിധായകൻ, ഗാനരചയിതാവ്, സാംസ്കാരിക പ്രവർത്തകൻ.
- പാരമ്പര്യം: നവോത്ഥാന നായകനും ആദ്യകാല കമ്മ്യൂണിസ്റ്റുമായ ഡോ. വി.വി. വേലുക്കുട്ടി അരയന്റെ കൊച്ചുമകനും, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് അഡ്വ. വി.വി. നാഗേന്ദ്രന്റെ മകനുമാണ്.
- പ്രധാന സിനിമകൾ: വസന്തത്തിന്റെ കനൽ വഴികളിൽ (2014), വീരവണക്കം (തമിഴ്).
- മറ്റു സംഭാവനകൾ: മൂന്ന് പതിറ്റാണ്ടോളം കമ്മ്യൂണിസ്റ്റ് ചരിത്രത്തെയും നേതാക്കളെയും (ഇ.എം.എസ്, കൃഷ്ണപിള്ള, എ.കെ.ജി) ആസ്പദമാക്കി പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ, വിപ്ലവഗാനങ്ങൾ (ഉദാ: പി.കെ. മേദിനി പാടിയ 'കത്തുന്ന വേനലിലൂടെ...'), ടെലിവിഷൻ പരമ്പരകൾ എന്നിവ ഒരുക്കി.
- സമീപകാല നിലപാട്: പ്രസ്ഥാനത്തിന് വേണ്ടി ജീവിതവും സമ്പാദ്യവും ഉഴിഞ്ഞുവെച്ചിട്ടും നേതൃത്വത്തിലെ ചിലരിൽ നിന്ന് നേരിട്ട അവഗണനയിലും വ്യക്തിവൈരാഗ്യത്തിലും പ്രതിഷേധിച്ച് സി.പി.ഐ(എം) ബന്ധം ഉപേക്ഷിച്ചു.





