കോഴിക്കോട് കടപ്പുറത്തെ സമ്മേളന നഗരിക്ക് പിന്നിലെ കട്ടൻചായ ബൂത്ത്.
(മുന്നിലെ പന്തലിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ 'പതിനാറടിയന്തരം' നടക്കുകയാണ്. ചുവന്ന കൊടികൾ താഴ്ത്തിക്കെട്ടിയിരിക്കുന്നു. ബെഞ്ചിലിരുന്ന് തണുത്ത കട്ടൻചായ ഊതിക്കുടിക്കുന്ന കന്നാസും കടലാസും. അകമ്പടിയായി പന്തലിൽ നിന്നുള്ള കൂട്ടക്കരച്ചിലും മൈക്കിലെ കാറലും.)
കന്നാസ്: (ചായ ഗ്ലാസ് താഴെ വെച്ച് എഴുന്നേറ്റു നോക്കിക്കൊണ്ട്) അല്ല കടലാസേ, ഈ കോഴിക്കോട്ട് നടക്കുന്നത് പാർട്ടി സമ്മേളനമാണോ അതോ തിരഞ്ഞെടുപ്പിൽ തോറ്റു തുന്നംപാടിയതിന്റെ പതിനാറാം അടിയന്തരമാണോ? പന്തലിൽ ഇരിക്കുന്നവരുടെയൊക്കെ മുഖം കണ്ടാൽ പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന ലക്ഷണമാണല്ലോ!
കടലാസ്: (ബീഡിപ്പുക മുകളിലേക്ക് ഊതിവിട്ട്) പതിനാറടിയന്തരം തന്നെയാണ് കന്നാസേ! പത്തുകൊല്ലം കേരളത്തെ ഒന്നാന്തരം പണ്ടാരമടക്കി കൈവെള്ളയിൽ വെച്ചു കൊടുത്ത പിണറായി വിജയനും മരുമോനും തന്നെയാണ് ആ ശവമഞ്ചത്തിന് മുന്നിൽ മുൻപന്തിയിൽ ഇരിക്കുന്നത്. കാര്യങ്ങളൊക്കെ കൈവിട്ടു പോയതുകൊണ്ട്, അളവുകോൽ ബാലനെ അതിന്റെ മുന്നോടിയായി ഇപ്പോഴത്തെ പുതിയ മുഖ്യമന്ത്രിയെ കാണാൻ ഒരു അടിയന്തര ദൂതുമായി അങ്ങോട്ട് പറഞ്ഞയച്ചിട്ടുണ്ടെന്നാണ് കേൾവി!
കന്നാസ്: (ചിരിച്ചുകൊണ്ട്) എന്നിട്ട് ആ ആർക്കും വേണ്ടാത്ത ബേബി സഖാവ് എവിടെപ്പോയി?
കടലാസ്: അവൻ ദാ ആ മൂലയിലിരുന്ന് കമ്പ്യൂട്ടറിനെയും എ.ഐ (AI) നെയും തെറിവിളിച്ചു നടക്കുന്നു! അന്ന് എൺപതുകളിൽ കമ്പ്യൂട്ടർ വന്നപ്പോഴും ഇവന്മാർ തല്ലിപ്പൊളിച്ചു, കോൺഗ്രസിലെ എ.ഐ (A-I) ഗ്രൂപ്പുകാരെയും കുറ്റം പറഞ്ഞു സമരം ചെയ്തു. ഇപ്പോൾ കാലം മാറി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വന്നപ്പോഴും ബേബിക്ക് വെളിവ് വെച്ചിട്ടില്ല!
കന്നാസ്: (പുറത്തേക്ക് നോക്കി) ദാ അപ്പുറത്ത് കെ.കെ. രമ മൈക്കിൽ പറയുന്നത് കേട്ടോ കടലാസേ? "ടി.പിയെ അമ്പത്തൊന്ന് വെട്ട് വെട്ടി കടുംവെട്ട് വെട്ടിയവർ ഇനിയെങ്കിലും അത് തുറന്നു സമ്മതിക്കണമെന്ന്!"
കടലാസ്: അത് കേട്ടതും വേദിയിലിരുന്ന മോഹനൻ മാസ്റ്ററും ലതികയും കൂടി പേടിച്ച് ചുറ്റും തിരിഞ്ഞു പിന്നോട്ട് നോക്കുന്നുണ്ട്! മേലെ പരലോകത്തിരുന്ന് കുഞ്ഞനന്തൻ ഇതൊക്കെ കണ്ട് പല്ലിളിച്ച് ചിരിക്കുന്നുമുണ്ടാവും!
കന്നാസ്: ആഹാ... അന്തസ്സ്! അപ്പോ ആ കുപ്പായക്കാരൻ ജി. സുധാകരൻ എന്താ അവിടെ നിന്ന് കാറുന്നത്?
കടലാസ്: സുധാകരൻ മൈക്കിൽ കയറി വിളിച്ചു പറയുകയാണ്: "ഭരിച്ച കാലത്ത് സഖാക്കളുടെ ഭാര്യമാർക്ക് മുഴുവൻ പിൻവാതിലിലൂടെ ജോലി കൊടുത്തു മുടിച്ചെന്ന്!" അത് കേട്ടതും ആ സലാം സഖാവ് പേടിച്ച് പന്തലിന്റെ അടിയിലൂടെ മുങ്ങി നടക്കുന്നുണ്ട്.
കന്നാസ്: (രഹസ്യമായി ചൂണ്ടിക്കാണിച്ച്) അപ്പുറത്തെ മരത്തണലിൽ എളമരം കരീമും മരുമോൻ റിയാസും കൂടി എന്താ ഒരു കുശുകുശുപ്പ്?
കടലാസ്: അതോ... അടുത്ത സമരം എവിടെ ഉണ്ടാക്കണം എന്ന പ്ലാനാണ്! അപ്പോഴേക്കും ദാ അപ്പുറത്ത് ടീച്ചറമ്മ പിണറായിക്കെതിരെ പാരവെക്കാൻ ആളെ കൂട്ടുന്ന തിരക്കിലാണ്. പയ്യന്നൂരിലെ കുഞ്ഞികൃഷ്ണനെയും ടി.കെ. ഗോവിന്ദനെയും മനസ്സിൽ ധ്യാനിച്ചുകൊണ്ടാണ് ടീച്ചറുടെ പടയൊരുക്കം!
കന്നാസ്: അത് ശരി... സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എവിടെപ്പോയി?
കടലാസ്: പുള്ളി വീട്ടിൽ നിന്ന് ശ്യാമള ടീച്ചറുടെ തെറിയും ശാസനയും കേട്ട് കേട്ട് ഇപ്പോൾ ചിരി പോലും നിർത്തി മൂലക്കിരിപ്പാണ്! വേദിയിൽ ദാ എം.ബി. രാജേഷും, പി. രാജീവും, പിന്നെ ആർക്കും വേണ്ടാത്ത സ്വരാജും കൂടി ഇരുന്നിട്ട് കടിച്ചാൽ പൊട്ടാത്ത നെടുനീളൻ സിദ്ധാന്ത പ്രസംഗങ്ങൾ കാണാപാഠം പഠിക്കുന്നു. ഇതൊന്നും കേൾക്കാതെ കെ.കെ. രാഗേഷ് രക്തസാക്ഷി മണ്ഡപത്തിൽ പോയി മാല കോർക്കുകയാണ്.
കന്നാസ്: (പൊട്ടിച്ചിരിച്ചുകൊണ്ട്) അല്ല കടലാസേ, അങ്ങ് ദൂരെ കെ.ടി. ജലീൽ ആരെയൊക്കെയോ വളഞ്ഞു വെച്ചിട്ടുണ്ടല്ലോ?
കടലാസ്: അത് അടുത്ത തവണ പവർകട്ട് ഉണ്ടാക്കാനുള്ള ഒന്നാന്തരം സൂത്രവിദ്യകൾ കെ.എസ്.ഇ.ബി ഓഫീസർമാരെ രഹസ്യമായി പഠിപ്പിച്ചു കൊടുക്കുന്നതാണ്! ഇതൊക്കെ കണ്ട് ഒന്നുമറിയാത്ത ഭാവത്തിൽ എം.എം. മണിയും തോമസ് ഐസക്കും കൈകൊട്ടി ചിരിച്ചു നടക്കുന്നു. ഇടയ്ക്ക് വിജയരാഘവൻ വന്ന് നല്ലതുപോലെ മുറുക്കാൻ മുറുക്കി തുപ്പി തുപ്പി പോകുന്നുമുണ്ട്!
കന്നാസ്: ഈ ജയരാജന്മാർ എവിടെപ്പോയി? അവരെ ആരെയും സ്റ്റേജിൽ കാണുന്നില്ലല്ലോ?
കടലാസ്: ജയരാജന്മാരിൽ ആ തടിയൻ പണ്ട് പണിതുണ്ടാക്കിയ ആയുർവേദ റിസോർട്ടിന്റെ ബാക്കി രേഖകൾ എങ്ങനെ മുക്കാം എന്ന് നോക്കി നടക്കുന്നു. ബാക്കി രണ്ട് പേരായ എം.വി. ജയരാജനും പി. ജയരാജനും കൂടി ‘ഇനി എപ്പോഴാണാവോ ഒന്നു വിളിക്കുക’ എന്ന് വിചാരിച്ച് രാജീവ് ചന്ദ്രശേഖറിന്റെ ഫോൺ കോളിനായി നോക്കി വെള്ളമിറക്കുന്നു!
കന്നാസ്: (റോഡിലേക്ക് നോക്കി) അതാ കാരായി രാജനും ബാലഗോപാലും കൂടി മുഖത്ത് വല്ലാത്തൊരു ഭാവം വരുത്തി നടക്കുന്നുണ്ടല്ലോ?
കടലാസ്: അടുത്ത പ്രതിപക്ഷ നേതാവ് ആവാൻ വേണ്ടി കണ്ണാടി നോക്കി ഗൗരവം പ്രാക്ടീസ് ചെയ്യുന്നതാണ്! അതിനിടയിൽ ചിന്ത ജെറോം അടുത്ത ജാഥയ്ക്ക് മൈക്കിലൂടെ വിളിക്കാൻ പുതിയ ഇംഗ്ലീഷ് തെറികൾ പഠിക്കുന്നു. തെരുവിൽ ടയർ കത്തിക്കാൻ വിവരമില്ലാത്ത എസ്.എഫ്.ഐ പിള്ളേർ അടുത്ത സമരത്തിനായി തലച്ചോറിൽ ബുദ്ധി മുളപ്പിക്കാൻ നോക്കുന്നു... ആരോഗ്യമന്ത്രിയായിരുന്ന വീണയാണെങ്കിൽ ഇതെല്ലാം കണ്ട് ക്യാമറയ്ക്ക് മുന്നിലിരുന്ന് വീണ്ടും വീണ വായിക്കുന്നു!
കന്നാസ്: ചുരുക്കം പറഞ്ഞാൽ പതിനാറടിയന്തരം ഉഷാറായി നടക്കുന്നുണ്ട്! ഭരിച്ച പത്തുകൊല്ലം നാട് മുടിപ്പിച്ചു, ഇപ്പോൾ തോറ്റു തുന്നംപാടിയപ്പോൾ സമ്മേളന നഗരിയിൽ ഇരുന്ന് ഓരോരുത്തരും പരസ്പരം കഴുത്തറുക്കുന്നു!
കടലാസ്: അതന്നെ കന്നാസേ! ഉസ്മാൻക്കാ... ആ കട്ടൻചായയുടെ പൈസ എഴുതിവെച്ചോ. ഈ പതിനാറടിയന്തരത്തിന്റെ അന്നദാനം കഴിഞ്ഞ്, പാർട്ടി കൂടി പിരിച്ചുവിട്ടിട്ട് ഞങ്ങൾ വന്ന് ബാക്കി തന്നേക്കാം!
രാധ മണമ്മൽ : കന്നാസും കടലാസും





