ദൃശ്യം: ഡിജിറ്റൽ യുഗത്തിലെ സൈബർ കെണികളും കളിപ്പാവകളും

ഡിജിറ്റൽ അടിമത്തവും കുട്ടികളുടെ മാനസികാവസ്ഥയും
ഡിജിറ്റൽ സാങ്കേതികവിദ്യ ലോകത്തെ കൈപ്പിടിയിലൊതുക്കിയപ്പോൾ, മനുഷ്യന്റെ സാംസ്കാരികവും ധാർമ്മികവുമായ മൂല്യച്യുതിയുടെ ഒരു വലിയ താവളമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മാറിക്കഴിഞ്ഞു. ഡിജിറ്റൽ അമിത ഉപയോഗം കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾ ഇന്ന് സജീവമാണ്.
സ്മാർട്ട്‌ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും അമിതമായ ഉപയോഗം കുട്ടികളെ ഒരു വിർച്വൽ ലോകത്തേക്ക് തളച്ചിടുകയും, അത് അവരുടെ സ്വാഭാവികമായ സാമൂഹിക ഇടപെടലുകളെയും കളിചിരികളെയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഫോൺ കൈമാറാൻ വിസമ്മതിക്കുമ്പോൾ കുട്ടികൾ പ്രകടിപ്പിക്കുന്ന അനിയന്ത്രിതമായ വാശിയും ദേഷ്യവും മാതാപിതാക്കളിൽ കടുത്ത ഉത്കണ്ഠയ്ക്കും മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നുണ്ട്.
ഇത് കുട്ടികളുടെ പഠനത്തെയും സർഗ്ഗാത്മകതയെയും മാത്രമല്ല, അവരുടെ ഉറക്കത്തെയും പൊതുവായ മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന ഒരു വലിയ സാമൂഹിക ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഷാർജയിലെ ദാരുണമായ ബാലമരണത്തിന്റെ ഞെട്ടൽ
ഷാർജയിൽ മൂന്ന് വയസ്സുകാരനായ മുഹമ്മദ് അർഷമാന്റെ ദാരുണ മരണത്തെ തുടർന്നുണ്ടായ അന്വേഷണം പ്രവാസി സമൂഹത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഫ്ലാറ്റ് സമുച്ചയത്തിലെ സ്റ്റെയർകേസ് ജനാലയിലൂടെ താഴേക്ക് വീണ് കുട്ടി മരിച്ച സംഭവത്തിൽ രണ്ട് ഒൻപത് വയസ്സുകാരായ പെൺകുട്ടികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഈ സംഭവം ഒരു സാധാരണ അപകടമെന്നതിലുപരി, കുട്ടികളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്ന ഡിജിറ്റൽ ലോകത്തിന്റെ അപകടസാധ്യതകളെയും മാതാപിതാക്കളുടെ മേൽനോട്ടത്തിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്, മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം, അക്രമാസക്തമായ ഗെയിമുകളും വീഡിയോകളും, കുടുംബങ്ങളിലെ ആശയവിനിമയക്കുറവ്, മാനസിക സമ്മർദ്ദം, പ്രവാസ ജീവിതത്തിലെ ഒറ്റപ്പെടൽ എന്നിവ കുട്ടികളുടെ മാനസിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ്.
കുട്ടികളുടെ സുരക്ഷയും ആരോഗ്യകരമായ വളർച്ചയും ഉറപ്പാക്കാൻ കുടുംബത്തിന്റെ സജീവ ഇടപെടൽ അനിവാര്യമാണെന്ന ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം നൽകുന്നത്.
സൈബർ ലോകത്തെ തെറിയഭിഷേകങ്ങളും അരാജകത്വവും
ഈ ഡിജിറ്റൽ കെണി കുട്ടികളിൽ മാത്രമല്ല, മുതിർന്നവർക്കിടയിലും വന്യമായ തെറിവിളികൾക്കും സൈബർ ഗുണ്ടായിസത്തിനും കാരണമാകുന്നുണ്ട്. ഷാർജയിൽ ടിക് ടോക് താരങ്ങൾ തമ്മിലുള്ള സൈബർ പോര് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചപ്പോൾ സാധാരണയായി ടിക് ടോക് കാണുന്ന ഒരാൾക്കും ഞെട്ടൽ എന്ന സംഭവം ഉണ്ടായില്ല.
ടിക് ടോക് എന്നാൽ തെറിവിളിക്കാനുള്ളവരുടെ സംസ്ഥാന സമ്മേളനമായി മാറിക്കഴിഞ്ഞപ്പോൾ ഒന്നല്ല ഒട്ടനവധി കൊലപാതകങ്ങൾ നടക്കുമായിരുന്നു, ഇന്ത്യയിൽ ഇത് നിരോധിച്ചില്ലായിരുന്നുവെങ്കിൽ. യുഎഇ യിലെ നിയമങ്ങളെ പേടിച്ചത് കൊണ്ടുമാത്രമാണ് ഇവിടെ ഇങ്ങനെയൊക്കെ വല്ലപ്പോഴും ഒരു കൊലയിലൊക്കെ കാര്യങ്ങൾ അവസാനിക്കുന്നത്.
പണ്ട് മമ്മൂട്ടി മനസിന് ഏറ്റവും പിരിമുറുക്കം വരുമ്പോൾ അദ്ദേഹത്തിന്റെ വെബ്സൈറ്റിലുള്ള ആസ്ക് @ മമ്മൂട്ടി .കോം (ask@mammootty.com) എന്ന ഇമെയിൽ തുറന്നു നോക്കുമായിരുന്നു. അതിലുണ്ടാകുക മൊത്തം പച്ചത്തെറികളായിരിക്കും; നീയെന്താടാ മൈxx തമാശ സിനിമയിൽ അഭിനയിക്കാത്തത്, എന്താടാ നീ ഡാൻസ് ചെയ്യാത്തത് എന്നിങ്ങനെയുള്ള തെറിയഭിഷേകം നിറഞ്ഞ കമന്റുകൾ.
അതുപോലെയാണ് മനസിന് വിഷമങ്ങൾ വരുമ്പോൾ ചുമ്മാ ഒന്ന് ടിക് ടോക് തുറന്നാൽ മതി; പിന്നീടങ്ങോട്ട് കുറെ വക്ക് പൊട്ടിയ പെണ്ണുങ്ങളുടെയും അതുപോലെയുള്ള കുറെ മലയാളി തെറിയന്മാരുടെയും തേരോട്ടമാണ് കാണാൻ സാധിക്കുന്നത്.
ഒളിച്ചിരിക്കാനുള്ള ധൈര്യവും വിർച്വൽ ഗുണ്ടായിസവും
നമ്മുടെ നാട്ടിൽ തീവണ്ടിയിലെ ടോയ്‌ലറ്റിലും, ആശുപത്രിയിലെ ചുമരുകളിലും, ബസുകളിലെ സീറ്റുകളുടെ പിന്നിലും ഒക്കെ സ്വന്തം പേരുകൾ കോയിൻ ഉപയോഗിച്ചുകൊണ്ട് കൊത്തിവെക്കുന്ന കലാവിരുതന്മാരാണ് പിന്നീട് കാലം മാറിയപ്പോൾ ടിക് ടോക്കിലും ഫേസ്ബുക്കിലും വാട്സാപ്പിലും വിലസി നടക്കുന്നത്. അവരാണ് വൈകീട്ടായാൽ ടിക് ടോകിൽ വന്നിരുന്നു തെറി പറയച്ചിലും വാട്സാപ്പ് ഗ്രൂപ്പുകളിലെ വഴക്കുകളും ഫേസ്‌ബുക്കിലെ കമന്റുകളും മാത്രമായി ജീവിക്കുന്നത്.
അതും രണ്ടെണ്ണം അടിച്ചാൽ പിന്നെ പറയാതിരിക്കുന്നതാണ് ഭേദം. അങ്ങനെ രണ്ടെണ്ണം അടിച്ചു കമന്റിടുന്നവരാണ് ഇടക്ക് ഇടക്ക് വർഗീയത ഇട്ടുകൊണ്ട് ഗൾഫിൽ ജയിലിൽ പോകുന്ന പാവങ്ങൾ. നേരം വെളുക്കുമ്പോൾ അവർ ഇട്ട കമന്റിനെതിരെ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടാകും; പിന്നെ ഡിലീറ്റ് ചെയുവാൻ നോക്കിയാൽ സമയം കഴിഞ്ഞിട്ടുണ്ടാകും. കമന്റിട്ട് അകത്തായ ഒട്ടുമിക്ക ആളുകളും നേരം വെളുത്താൽ പാവങ്ങളാണെന്ന് കാണാം. ഇവരൊക്കെ ടിക് ടോക്കിൽ ഇമ്മാതിരി വിലസാൻ കാരണം ഇവരുടെ പേക്കൂത്തുകളൊന്നും നാട്ടുകാർ കാണുന്നില്ല എന്ന ധൈര്യമാണ്.
വ്യൂസിനും പണത്തിനും വേണ്ടിയുള്ള ധാർമ്മിക അധഃപതനം
ഈ വക ടിക് ടോക് താരങ്ങളും സോഷ്യൽ മീഡിയ മൊഞ്ചന്മാരും യുദ്ധാവസ്ഥ കാരണം കുറച്ചു കാലം അവധിയിലായിരുന്നു. ഒരാൾക്കും ഒരു അനക്കം ഉണ്ടായിരുന്നില്ല. ആകെ കുറച്ചു തടിച്ചികളായ പെണ്ണുങ്ങൾ ഗെയിം കളിക്കുന്നത് മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. അവരും അത്യാവശ്യം തെറി ഉപയോഗിച്ചിരുന്നു, പക്ഷെ കച്ചവടം കുറവായിരുന്നു.
പിന്നെ ടിക് ടോക് ഭരിക്കുന്നത് കുറെ പാകിസ്ഥാനികളും ഫിലിപ്പിനോകളും മാത്രമാണ്. നേരെ ചൊവ്വേയുള്ള ഒരാളെയും ടിക് ടോകിൽ കണ്ടിരുന്നില്ല. എല്ലാവരും റീൽസും ഷോർട്സും ഒക്കെയായി ജീവിതം തള്ളി നീക്കിയിരുന്നു. കുറെയൊക്കെ ആളുകൾ അതിൽ നിന്നും നല്ലതുപോലെ പണം സമ്പാദിക്കുന്നുമുണ്ട്.
നല്ല കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ പോലും സബ്സ്ക്രൈബേഴ്സിനെ ഉപയോഗിച്ചുകൊണ്ട് അത്യാവശ്യം ശരീരവടിവും പൊക്കിൾ കൊടിയും നിതംബവും ഒക്കെ കാണിച്ചുകൊണ്ട് ബാങ്ക് അക്കൗണ്ട് നിറയ്ക്കുന്നുമുണ്ട്. പണ്ട് പുലികളായിരുന്ന കുറെ മല്ലു മാർ ഇന്നിപ്പോൾ റീച്ചിനായി തനിക്ക് കാൻസർ ആണെന്ന് വരെ സ്വയം പ്രഖ്യാപിച്ചു നടക്കുന്നതും നാം കണ്ടു.
ആഡംബര മോഹങ്ങളും പെൺവാണിഭ ചതിക്കുഴികളും
അതുപോലെ നാട്ടിൽ എല്ലാ വൃത്തികെട്ട കളികളും കളിച്ചുകൊണ്ട് ആണും പെണ്ണും കയറിപ്പോകുന്നത് ഗൾഫിലേക്കാണ്. അവിടെ ഫാഷൻ ഷോയുടെ പേരിലും സ്റ്റേജ് ഷോയുടെ പേരിലും കയറി ചെന്ന് ഇതുപോലെ ടിക് ടോക് അക്കൗണ്ട് ഒക്കെ ഉണ്ടാക്കി ഗൾഫിൽ പെൺവാണിഭവും കൂട്ടി കൊടുപ്പും ഒക്കെ നടത്തുന്ന ഒട്ടേറെ സ്ത്രീകളും പുരുഷൻമാരും ഈയിടെ പിടിക്കപ്പെട്ടു.
ഫാഷൻ ഷോയുടെ മറവിൽ പെണ്ണുങ്ങളെ മറ്റുള്ളവർക്ക് കാഴ്ചവെച്ചു എന്നാണ് പരാതി. അവരൊക്കെ നാട്ടിൽ നിന്നും എങ്ങനെ അങ്ങോട്ട് കയറിപ്പോയി? ആരാണ് സമ്മതം കൊടുത്തത്? ഇന്ത്യൻ നിയമപ്രകാരം എമിഗ്രേഷൻ ക്ലിയറൻസ് കിട്ടുക അത്ര എളുപ്പമല്ല എന്നിരിക്കെ എങ്ങനെയാണു അവരൊക്കെ അവിടെയെത്തിയത്.
എല്ലാറ്റിനും കാരണം ഒന്നോ രണ്ടോ ടിക് ടോക് കാരികൾ ഗൾഫിലെത്തി മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ നാട്ടിൽ സ്വന്തമായി സ്ഥലം വാങ്ങി ഒന്നര കോടിയുടെയും ഒരു കോടിയുടെയും വീടും മുപ്പത് ലക്ഷത്തിന്റെ കാറും രണ്ടു ലക്ഷത്തിന്റെ പൂജയും നാലു ലക്ഷത്തിന്റെ സദ്യയും ഒക്കെ നടത്തുന്നത് കണ്ടപ്പോൾ മനസ്സിൽ തോന്നിയ പൂതികളാണ് കൂട്ടിക്കൊടുപ്പുകളിൽ ചെന്നവസാനിക്കുന്നത്.
പ്രതിരോധ മാർഗ്ഗങ്ങൾ: മാതാപിതാക്കളുടെ ഉത്തരവാദിത്തം
കുട്ടികളെ ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്നും അമിത അടിമത്തത്തിൽ നിന്നും സംരക്ഷിക്കുന്നതിൽ മാതാപിതാക്കൾക്ക് നിർണ്ണായകമായ പങ്കുണ്ട്. കേവലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനപ്പുറം കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ മാത്രമേ അവരെ ശരിയായ വഴിക്ക് നടത്താൻ സാധിക്കൂ:
- ഡിജിറ്റൽ നിയന്ത്രണവും 'ടെക് കർഫ്യൂവും': കുട്ടികളുടെ സ്ക്രീൻ സമയത്തിന് കൃത്യമായ അതിർവരമ്പുകൾ നിശ്ചയിക്കുക. ഭക്ഷണസമയങ്ങളിലും രാത്രി ഉറങ്ങുന്നതിന് മുൻപും വീടുകളിൽ 'ടെക് കർഫ്യൂ' ഏർപ്പെടുത്തുക. ഫോണോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളോ ഇല്ലാത്ത 'ഡിവൈസ് ഫ്രീ സോണുകൾ' കിടപ്പുമുറിയിലും ഡൈനിംഗ് ഹാളിലും നടപ്പിലാക്കുക.
- തുറന്ന സംഭാഷണങ്ങൾ: കുട്ടികളുമായി ദിവസേന കുറച്ചു സമയമെങ്കിലും തുറന്ന സംഭാഷണങ്ങൾക്ക് സമയം കണ്ടെത്തുക. പ്രവാസ ജീവിതത്തിലെ ഒറ്റപ്പെടലും മാനസിക സമ്മർദ്ദങ്ങളും ഭയമില്ലാതെ പങ്കുവെക്കാൻ അവർക്ക് മാതാപിതാക്കൾ ഒപ്പം നിൽക്കണം.
- സജീവ പങ്കാളിത്തവും വിനോദങ്ങളും: ഡിജിറ്റൽ ലോകത്തെ അമിത ആശ്രയത്വത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ മാതാപിതാക്കൾ അവർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുക. കായികാധ്വാനമുള്ള വിനോദങ്ങൾ, വായന, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലേക്ക് അവരെ പ്രോത്സാഹിപ്പിക്കുക.
- മാതൃകയാവുക (Role Modeling): കുട്ടികൾക്ക് മുൻപിൽ മാതാപിതാക്കൾ തന്നെ ആദ്യം ഫോൺ ഉപയോഗം കുറച്ച് മാതൃകയാകണം. മാതാപിതാക്കൾ എപ്പോഴും ഫോണിൽ മുഴുകിയിരുന്നാൽ കുട്ടികളും അത് സ്വാഭാവികമായി അനുകരിക്കും.
- വിദഗ്ധ സഹായം: കുട്ടികളിൽ അസ്വാഭാവികമായ സ്വഭാവ വ്യതിയാനങ്ങളോ അക്രമവാസനയോ ഫോൺ മാറ്റിവെക്കുമ്പോൾ കടുത്ത വാശിയോ കണ്ടാൽ ഒട്ടും മടിക്കാതെ ആവശ്യമായ സമയത്ത് കൗൺസിലിങ് സഹായം തേടുക.
സോഷ്യൽ മീഡിയക്ക് അടിമപ്പെട്ട യുവാക്കൾക്കും പെൺകുട്ടികൾക്കുമുള്ള ഉപദേശങ്ങൾ
സോഷ്യൽ മീഡിയ എന്നത് കേവലം ഒരു വിർച്വൽ ലോകം മാത്രമാണ്. അതിലെ ലൈക്കുകൾക്കും റീച്ചിനും വേണ്ടി സ്വന്തം ജീവിതവും അന്തസ്സും പണയപ്പെടുത്തുന്നത് ബുദ്ധിയല്ല. താഴെ പറയുന്ന കാര്യങ്ങൾ ഗൗരവമായി ചിന്തിക്കുക:
- വ്യാജ ആഡംബരങ്ങളിൽ വീഴാതിരിക്കക്കുക: സോഷ്യൽ മീഡിയയിൽ കാണുന്ന പല ജീവിതങ്ങളും ആഡംബരങ്ങളും വെറും കാഴ്ചകൾ മാത്രമാണ്. ചിലർ ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാക്കുന്ന പണവും കാറും വീടും കണ്ട് മനസ്സിൽ അമിതമായ പൂതികൾ വളർത്തരുത്. അത്തരം മോഹങ്ങൾ നിങ്ങളെ എത്തിക്കുന്നത് ചതിക്കുഴികളിലും പെൺവാണിഭ കെണികളിലുമായിരിക്കും.
- റീച്ചിന് വേണ്ടിയുള്ള തരംതാഴലുകൾ ഒഴിവാക്കുക: വ്യൂസും സബ്‌സ്‌ക്രൈബേഴ്‌സിനെയും കൂട്ടാൻ വേണ്ടി സ്വന്തം ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതോ, തനിക്ക് മാരകമായ രോഗങ്ങളുണ്ടെന്ന് വ്യാജമായി ചമയുന്നതോ സ്വയം വിലയിടിക്കുന്നതിന് തുല്യമാണ്. താല്ക്കാലികമായ പണത്തേക്കാളും കൈയടിയേക്കാളും വലുതാണ് സ്വന്തം ആത്മാഭിമാനം.
- സൈബർ നിയമങ്ങളെ ഭയപ്പെടുക: ലഹരിയുടെ പുറത്തോ ദേഷ്യത്തിന്റെ പുറത്തോ സോഷ്യൽ മീഡിയയിൽ വന്ന് തെറിവിളിക്കുന്നതും വർഗീയമായ കമന്റുകൾ ഇടുന്നതും നിങ്ങളുടെ ഭാവി നശിപ്പിക്കും. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ കടുത്ത സൈബർ നിയമങ്ങൾ നിങ്ങളെ ജയിലിൽ എത്തിക്കാൻ നിമിഷങ്ങൾ മതി. ഓർക്കുക, ഒരു കമന്റ് ഡിലീറ്റ് ചെയ്യാൻ നോക്കിയാൽ ചിലപ്പോൾ സമയം കഴിഞ്ഞിട്ടുണ്ടാകും.
- യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങുക: ഇൻസ്റ്റാഗ്രാം റീൽസിനും ടിക് ടോക് ലൈവുകൾക്കും അപ്പുറത്ത് മനോഹരമായ ഒരു യഥാർത്ഥ ജീവിതമുണ്ട്. സുഹൃത്തുക്കളോട് നേരിട്ട് സംസാരിക്കുക, പുതിയ കഴിവുകൾ പഠിക്കുക, കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വെർച്വൽ ലോകത്തെ കയ്യടികൾ നിങ്ങളെ ഒരു ആപത്തിലും സഹായിക്കില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയുക.







