കന്നാസും കടലാസും: നിളയോരത്തെ ചായക്കടയിലെ 'ജിന്ന്' പുരാണം
ഭാരതപ്പുഴയുടെ തീരത്ത് കോടക്കലുള്ള കുഞ്ഞാലിയുടെ ചായക്കട. കട്ടൻചായയുടെ ആവിയും കടലാസുപൊതിഞ്ഞ പരിപ്പുവടയും മുന്നിലിരിക്കെ, പുഴയിലേക്ക് നോക്കി ദീർഘനിശ്വാസം വിടുകയാണ് കന്നാസ്. അപ്പുറത്ത് കടലാസ് മടക്കിവെച്ച പത്രത്തിന്റെ അവസാന പേജിലെ 'ഉടായിപ്പ് വാർത്ത'യിൽ കണ്ണുംനട്ട് ഇരിക്കുന്നു.
കന്നാസ്: കടലാസേ, ലോകത്ത് പച്ചക്കറിക്കച്ചവടം പൊട്ടിയവനുണ്ട്, പെട്ടിക്കട പൊട്ടിയവനുണ്ട്... പക്ഷേ സോപ്പുപൊടിയും ഓട്ടോറിക്ഷയും ഹോട്ടലും പൊട്ടിയ ശേഷം 'ജിന്ന് സർവീസ്' തുടങ്ങുന്ന സ്റ്റാർട്ടപ്പ് കമ്പനിയെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ?
കടലാസ്: (ചായ ഒരിറക്ക് കുടിച്ച് ചിരിയോടെ) പിന്നെ കേൾക്കാതെ! നമ്മുടെ തിരുനാവായയിലെ 'ജിന്ന് മഹ്ളറ' ഇൻകോർപ്പറേറ്റഡ് അല്ലേ നിന്റെ ഉദ്ദേശം? കൊല്ലത്തുനിന്ന് കെട്ടിയെടുത്ത അബു അലവി സഹദ് അജ്മീർ ഖാജയും, മൂവാറ്റുപുഴയുടെ സ്വന്തം 'അള്ളാവുച്ചി' എന്ന വൈദ്യരത്നം ജമാലുദ്ദീനും! കോ-ഫൗണ്ടർമാർ രണ്ടുപേരും തനി തങ്കങ്ങൾ.
കന്നാസ്: എനിക്ക് മനസ്സിലാവാത്തത് അതല്ല. കച്ചവടങ്ങൾ പതിനാറുനിലയിൽ പൊട്ടുമ്പോൾ സാധാരണക്കാർ എന്ത് ചെയ്യും? റേഷൻ കടയിൽ പോയി അരി വാങ്ങി വല്ല കൂലിപ്പണിക്കും പോകും. ഇവർ നേരെ കയറിയത് അത്ഭുത വ്യാപാരത്തിലേക്ക്! അതും പോരാഞ്ഞ് കായൽപട്ടണത്തെ വലിയുല്ലാഹിയുടെ ഫ്രാഞ്ചൈസിയും!
കടലാസ്: അതാണ് കന്നാസേ 'വിപണി സാധ്യത'. അരി വിറ്റാൽ കിലോയ്ക്ക് രണ്ട് രൂപ ലാഭം. അത്ഭുതം വിറ്റാലോ? പത്ത് രൂപയുടെ നേന്ത്രപ്പഴത്തിൽ സൂചി കൊണ്ട് നാല് പോറലേൽപ്പിച്ച്, ഉള്ളിൽ കഷ്ണമാക്കിയിട്ട് "ജിന്ന് കയറി പോരിശയാക്കിയ പഴം" എന്ന് പറഞ്ഞാൽ ഭക്തർ എണ്ണി നൽകുന്നത് രണ്ടായിരവും മൂവായിരവും രൂപ! മാർജിൻ കണ്ടോ നീ? സിലിക്കൺ വാലിയിലെ ടെക്കികൾ പോലും തോറ്റുപോകും ഈ ബിസിനസ് മോഡലിന് മുന്നിൽ.
കന്നാസ്: ആ നേന്ത്രപ്പഴം തൊലി പൊളിക്കുമ്പോൾ അകത്ത് കഷണങ്ങളായി വീഴുന്ന മാജിക് ട്രിക്ക്... സ്കൂൾ വാർഷികത്തിന് ഏഴാം ക്ലാസിലെ പിള്ളേര് കളിക്കുന്ന ഉടായിപ്പ് ട്രിക്ക് കൊണ്ടാണ് ഇവർ വലിയുല്ലാഹിമാരെ ഉണ്ടാക്കുന്നത്! ഭക്തി തലയ്ക്കുപിടിച്ചാൽ പിന്നെ മനുഷ്യന്റെ സാമാന്യബുദ്ധി പണയം വെക്കപ്പെടുമെന്ന് ഇവർക്ക് നന്നായി അറിയാം.
കടലാസ്: അറിയാം, പക്ഷേ ഇത്തവണ കളി തിരിഞ്ഞു. പണ്ട് നാട്ടിൻപുറങ്ങളിൽ ഒതുങ്ങിയിരുന്ന മാജിക് ഇവര് സോഷ്യൽ മീഡിയയിൽ റീൽസാക്കി ലൈവ് കൊടുത്തു. അൽഗോരിതം ഭക്തരെ മാത്രമല്ലല്ലോ എത്തിക്കുക, തലച്ചോറുള്ള ചെറുപ്പക്കാരിലേക്കും എത്തിച്ചു. വീഡിയോ വൈറലായതോടെ നേന്ത്രപ്പഴത്തിലെ തരികിട കയ്യോടെ പൊളിഞ്ഞു. തിരുനാവായയിലെ പയ്യന്മാർ വന്ന് അഞ്ചു ദിവസത്തെ 'ഡെഡ്‌ലൈൻ' കൊടുത്തപ്പോൾ തീർന്നു എല്ലാ ജിന്നിന്റെയും പവർ!
കന്നാസ്: എന്നാലും കടലാസേ, തിരുനാവായയിൽ നിന്ന് ഓടിച്ചാൽ ഇവർ അടങ്ങുമോ? ഇവിടുന്ന് പെട്ടിയും കിടക്കയും എടുത്ത് അടുത്ത ജില്ലയിൽ വേറൊരു പേരിൽ അടുത്ത ബോർഡ് തൂക്കും. "സ്വർഗ്ഗത്തിലേക്ക് എക്സ്പ്രസ്സ് വിസ" എന്നോ മറ്റോ പറഞ്ഞ് പുതിയ ആത്മീയ സ്റ്റാർട്ടപ്പ് ഇറക്കും.
കടലാസ്: തീർച്ചയായും. കാരണം, തെറ്റ് തട്ടിപ്പുകാരുടേത് മാത്രമല്ല. സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ കുറുക്കുവഴിയും അത്ഭുതങ്ങളും തേടി നടക്കുന്ന യാഥാസ്ഥിതികരുടെ അന്ധവിശ്വാസമാണ് ഇവരുടെ ഇൻവെസ്റ്റ്മെന്റ്. പടച്ചവന്റെ കാരുണ്യവും സഹജീവി സ്നേഹവും മറന്ന്, പഴത്തിലും നൂലിലും ജിന്നുകളിലും അത്ഭുതം തിരയുന്നവർ ഉള്ളിടത്തോളം കാലം അബുമാരും ജമാലുമാരും വേഷം മാറി വന്നുകൊണ്ടേയിരിക്കും.
കന്നാസ്: (ഗ്ലാസ് മേശപ്പുറത്ത് വെച്ച്) ചുരുക്കം പറഞ്ഞാൽ, സ്വന്തം പാപ്പരത്തം മറക്കാൻ ആത്മീയതയുടെ കുപ്പായമിടുന്ന ഇത്തരം 'മാജിക് ഉസ്താദുമാർക്ക്' ചെരുപ്പൂരി അടിക്കാൻ വിശ്വാസികൾ തന്നെ മുന്നിട്ടിറങ്ങണം. അല്ലേ?
കടലാസ്: അതെ കന്നാസേ. ജിന്ന് പഴം മുറിക്കില്ല, മനുഷ്യന്റെ കണ്ണുതുറന്നാൽ തീരാവുന്നതേയുള്ളൂ ഈ ആത്മീയ കോർപ്പറേറ്റ് കച്ചവടങ്ങൾ. കുഞ്ഞാലീ... രണ്ട് പരിപ്പുവട കൂടി ഇങ്ങോട്ട് എടുത്തോ, ജിന്ന് കേറാത്ത ഒറിജിനൽ തിരുനാവായ പരിപ്പുവട!
മോഹൻദാസ് അപ്പ : കന്നാസും കടലാസും





