പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിലെ ഇരുളടഞ്ഞ ചായക്കട.
"കനലെരിയും സമരപദങ്ങൾ
കയറിയൊരാളിന്നു വരുന്നേ..
കരുതലിനൊരു കാവൽ പോലെ,
എരിയും സൂര്യൻ..."
കറന്റില്ലാത്തതിനാൽ ഉസ്മാൻ കടത്തിണ്ണയിൽ ഇരുന്ന് ചിമ്മിനിവിളക്കിന്റെ തിരി നീട്ടുന്നു. അകത്തെ ബെഞ്ചിലിരുന്ന് വിയർപ്പിൽ കുളിച്ച കന്നാസും കടലാസും. പുറത്ത് കട്ടൻചായയുടെ പുകയേക്കാൾ കട്ടിയുള്ള ചൂട്. അപ്പോഴാണ് റോഡിലൂടെ തോറ്റു തുന്നംപാടിയ സഖാക്കളുടെ ജീപ്പ് പാട്ടുപെട്ടിയിൽ മെഗാഫോണും വെച്ച് അലറിപ്പാഞ്ഞു പോകുന്നത്: "പവർകട്ടിനെതിരെ... ഇൻക്വിലാബ്!"
കന്നാസ്: (ചെവി പൊത്തി തല കുലുക്കിക്കൊണ്ട്) അമ്മാതിരി കാറൽ! ഉസ്മാൻക്കാ... ആ ചിമ്മിനിവിളക്ക് ഇങ്ങോട്ട് എടുത്തു വെക്ക്. പത്തുകൊല്ലം ഈ നാട് ഭരിച്ചവരുടെ പുരാണം കേട്ട് കേട്ട് കണ്ണിലെ വെളിച്ചം മൊത്തം പോയി. എന്തൊരു അലർച്ചയാ കടലാസേ ആ ജീപ്പിൽ നിന്ന്?
കടലാസ്: (തണുത്തുപോയ കട്ടൻചായ ഒരു ഇറക്ക് കുടിച്ച് ചിരിച്ചുകൊണ്ട്) അതാണ് കന്നാസേ, കലിപ്പടങ്ങി തോറ്റു തൊപ്പിയിട്ട കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ ‘കരുതൽ പുരാണം: ഒന്നാം അധ്യായം’! ഭരണം കയ്യിലിരുന്ന പത്തുകൊല്ലം നാട് മുഴുവൻ അന്ധകാരത്തിലാക്കി. ഇപ്പോൾ കസേര തെറിച്ചു താഴെ വീണപ്പോൾ പാട്ടുപെട്ടിയും കെട്ടിപ്പിടിച്ച് പവർകട്ടിനെതിരെ നാടുനീളെ ഓടുന്നു!
കന്നാസ്: ഒരു ജനറേറ്റർ പോലും കറങ്ങാത്ത നാട്ടിൽ ഇവരുടെ പാട്ടുപെട്ടി മാത്രം ബാറ്ററിയിൽ ഫുള്ളായിട്ട് ഓടുന്നുണ്ടല്ലോ! അല്ല, ഈ പവർകട്ട് പുരാണത്തിന്റെ തുടക്കം എവിടുന്നാ?
കടലാസ്: അതാണ് പുരാണത്തിലെ ‘പവർ കരുതൽ’! നാട്ടുകാരുടെ കണ്ണിൽ വെളിച്ചം അടിച്ചാൽ കയ്യിലിരിപ്പ് കണ്ടുപിടിക്കും. അതുകൊണ്ട് പവർ പ്ലാന്റിലെ സകലമാന ജനറേറ്ററുകളും ആണിയൂരി ചീത്തയാക്കി വെച്ചു. ഡാമിലെ വെള്ളം ഒഴുക്കിക്കളഞ്ഞു. നാട്ടുകാർ മെഴുകുതിരി വാങ്ങി ശാന്തമായി ഇരിക്കാൻ വേണ്ടിയുള്ള 'ഇരുട്ടിന്റെ കരുതൽ!'
കന്നാസ്: അന്തസ്സ്! അപ്പോ ചോദിക്കാനും പറയാനും ഉണ്ടായിരുന്ന ആ പഴയ ഖജനാവോ?
കടലാസ്: അതാണ് രണ്ടാമത്തെ അധ്യായം—‘സാമ്പത്തിക കരുതൽ’! സാധാരണക്കാരന്റെ കയ്യിലും സർക്കാരിന്റെ പെട്ടിയിലും കാശിരുന്നാൽ അഹങ്കാരം കൂടും. അതുകൊണ്ട് പണ്ടേ കയ്യിട്ട് വാരി, വടിച്ചെടുത്ത് കാലിയാക്കി വെച്ചു. പെൻഷനും ശമ്പളവും ചോദിച്ചു ചെന്നാൽ ട്രഷറിയിൽ ഈച്ചയാട്ടാം. ആർക്കും ഒന്നും നഷ്ടപ്പെടാനില്ലാത്ത വിധം പൂജ്യമാക്കി വെച്ച ഭദ്രമായ കരുതൽ!
കന്നാസ്: ഛെ! ഇനി നാട്ടിൽ വല്ല അനീതിയും കണ്ട് പോലീസിനെ വിളിച്ചാലോ?
കടലാസ്: അവിടെയാണ് ‘ആഭ്യന്തര കരുതൽ’! നാട്ടുകാർക്ക് കാക്കിയെ പേടി തോന്നരുത് എന്ന് കരുതി, ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് അടിപിടിക്കേസിലെ സഖാക്കളെ പിൻവാതിലിലൂടെ കുത്തിത്തിരുകി യൂണിഫോം ഇടുവിച്ചു. പരാതിയുമായി ചെന്നാൽ എഫ്.ഐ.ആറിന് പകരം പാർട്ടി നയവിശദീകരണ രേഖ തന്ന് സല്യൂട്ടോടെ യാത്രയാക്കും!
കന്നാസ്: ഇത് കണ്ട് നെഞ്ച് തകർന്ന് വല്ല ആശുപത്രിയിലും ചെന്നാലോ കടലാസേ?
കടലാസ്: അവിടെയല്ലേ ‘ആരോഗ്യ കരുതൽ’ തകർക്കുന്നത്! ഒരുത്തി ക്യാമറ കണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ ഇരുന്ന് വീണ വായിക്കുന്നു. മറ്റേയാൾ പഴയ പിആറും കൂട്ടി ആഗോള വേദികളിൽ പോയി അവാർഡുകൾ ചാക്കിലാക്കി പെറുക്കിക്കൂട്ടുന്നു. ആശുപത്രികളിൽ മരുന്നില്ല, പഞ്ഞിയില്ല, പവർകട്ട് കാരണം വെന്റിലേറ്ററും ഓഫാണ്. സ്വന്തം പ്രതിരോധശേഷി കൊണ്ട് നാട്ടുകാർ സ്വയം ചികിത്സിച്ചു രക്ഷപ്പെടട്ടെ എന്ന ലോകോത്തര കരുതൽ!
കന്നാസ്: (റോഡിലേക്ക് വിരൽ ചൂണ്ടി) ആ... അപ്പോ ആ കവലയിൽ കാണുന്ന പിള്ളേരെന്തിനാ ഈ വെയിലത്ത് കൊടിയും പിടിച്ച് ചാടുന്നത്?
കടലാസ്: അത് പുരാണത്തിലെ സുപ്രധാനമായ ‘യുവജന കരുതൽ’! മകൾ മാസപ്പടി കേസിൽ, മരുമകൻ കരാറുകളുടെ കണക്കിൽ, അമ്മായിയപ്പൻ കസേര സംരക്ഷിക്കാൻ... അങ്ങനെ കുടുംബം മൊത്തം ചോദ്യം ചെയ്യലിന് വരിവരിയായി ക്യൂ നിൽക്കുമ്പോൾ നാട്ടുകാരുടെ കണ്ണ് വെട്ടിക്കണ്ടേ? അതിനാണ് ഈ എസ്എഫ്ഐ കുഞ്ഞുങ്ങളെ കരുതൽ തടങ്കലിൽ എന്നപോലെ തെരുവിൽ ഇറക്കി വിട്ടിരിക്കുന്നത്!
കന്നാസ്: എന്നിട്ട് എന്താ മൈക്കിലൂടെയുള്ള ആ അലമുറ?
കടലാസ്: അതാണ് ക്ലൈമാക്സിലെ ‘സമര കരുതൽ’! "കേരളം കത്തിക്കും!" എന്ന്! വീട്ടിൽ കറന്റില്ലാത്ത നാട്ടുകാർക്ക് വഴി കാണാൻ വേണ്ടി റോഡിൽ ടയർ കത്തിച്ചു വെളിച്ചം ഉണ്ടാക്കിക്കൊടുക്കുന്ന വിപ്ലവ കരുതൽ!
കന്നാസ്: ഭരിച്ചപ്പോൾ നാട് മുഴുവൻ ഇരുട്ടാക്കി, കുടുംബത്തെ കരകയറ്റി... ഇപ്പോൾ തോറ്റപ്പോൾ നാട്ടുകാരുടെ ചെവി തുളച്ച് ബാക്കി വെളിവ് കൂടി കളയാൻ പാട്ടുപെട്ടിയുമായി ഓടുന്നു!
കടലാസ്: അതേ കന്നാസേ, ഇതാണ് പത്തുകൊല്ലത്തെ സമ്പൂർണ്ണ ‘കരുതൽ പുരാണം’! ഉസ്മാൻക്കാ... ആ ചിമ്മിനിവിളക്ക് ഇങ്ങോട്ട് അടുപ്പിച്ചു വെച്ചേക്ക്. ഈ പുരാണം കേട്ട് എന്റെ ബോധത്തിന്റെ ഫ്യൂസ് കൂടി പോയി!
മോഹൻദാസ് അപ്പ : കന്നാസും കടലാസും





