കരുണാകരൻ-ആന്റണി യുഗവും

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തുടക്കവും
കേരളത്തിൽ കോൺഗ്രസ്സ് ഉണ്ടായ കാലം മുതൽ നേതാക്കൾ തമ്മിലുള്ള വടംവലികൾ കണ്ടുവളർന്നവരാണ് പഴയതലമുറക്കാർ. അവരുടെ കഥകൾ കേട്ട് വളർന്നവരാണ് പുതുതലമുറക്കാരും. കരുണാകരന്റെ കാലം മുതൽ എടുത്തു പരിശോധിച്ചാൽ കരുണാകരനും ആന്റണിയും തമ്മിൽ ഉണ്ടായിരുന്ന കളികളിൽ അറുപത് ശതമാനം കോൺഗ്രസ്സുകാർ കരുണാകരനോടോപ്പവും ബാക്കി നാൽപ്പത് ശതമാനം ആളുകളിൽ ആന്റണിക്കൊപ്പവും ഒക്കെയായിരുന്നു.
ആന്റണിക്കായി ശക്തമായി ഉമ്മൻചാണ്ടിയും സുധീരനും എംഎം ഹസ്സനും ഒക്കെ നിലകൊണ്ടപ്പോൾ വയലാർ രവിയൊക്കെ അങ്ങിങ്ങായി കാണപ്പെട്ടിരുന്നു. അന്നവർ നേരിട്ടായിരുന്നു അങ്കം നയിച്ചിരുന്നത്. എന്തുതന്നെ ഗ്രൂപ്പ് കളിച്ചാലും അവർക്ക് പിന്നിൽ അണികൾ ഉണ്ടായിരുന്നു .
മക്കൾ രാഷ്ട്രീയവും തിരുത്തൽവാദികളുടെ ഉദയവും
പിന്നീട് ആന്റണി - മുരളീധരൻ അങ്കം പൊട്ടിപുറപ്പെട്ടപ്പോഴും ഏകദേശമൊക്കെ അങ്കം അതുപോലെ തന്നെയായിരുന്നു. മുരളീധരൻ മൂക്കാതെ പഴുക്കാൻ നോക്കിയെന്ന പേരിലായിരുന്നു മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ സകലമാന പത്രക്കാരും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ മുരളിക്കെതിരെ തിരിഞ്ഞതും അതിനെ ബലപ്പെടുത്താൻ രമേശ് ചെന്നിത്തല - എം ഐ ഷാനവാസ് - ജി കാർത്തികേയൻ - കെസി വേണുഗോപാൽ എന്നിവരുടെ കൂട്ടായ്മയിൽ തിരുത്തൽവാദ പ്രക്രിയകളൊക്കെ ആരംഭിച്ചതും.
ഇവരെയെല്ലാം കരുണാകരൻ കൈപിടിച്ച് കൊണ്ടുവന്നവരാണെങ്കിലും അവസാനം കരുണാകരന്റെ കൈത്തണ്ടയിൽ തന്നെ കൊത്തി മുറിവേൽപ്പിച്ചു. ആ ശാപം ചിലരെയൊക്കെ ഇപ്പോഴും വേട്ടയാടുന്നതുപോലെ തോന്നുന്നു .
ഉമ്മൻചാണ്ടി-ചെന്നിത്തല ഗ്രൂപ്പുകളും പിന്നാമ്പുറ കളികളും
പിന്നീട് രൂപം കൊണ്ട ഗ്രൂപ്പുകളായിരുന്നു ഉമ്മൻചാണ്ടി - രമേശ് ചെന്നിത്തല അനുകൂലികളുടേത്. അപ്പോഴൊക്കെ നേരിട്ടുള്ള അങ്കം മാറ്റിവെച്ചുകൊണ്ട് പിന്നാമ്പുറ കളികളായിരുന്നു ഏറെയും. ഏത് വിധേനയും ഉമ്മൻചാണ്ടിയെ പ്രകോപിപ്പിച്ച് രാജിവെപ്പിക്കുവാൻ രമേശ് വിഭാഗവും ചില മാധ്യമ സുഹൃത്തുക്കളും ചേർന്നുകൊണ്ട് ശ്രീധരൻനായർ കത്ത് വിവാദവും , പാമോയിൽ കേസ് വിധി വിവാദവുമൊക്കെ പടച്ചു വിട്ടപ്പോൾ രാജിവെക്കാനൊരുങ്ങിയ ഉമ്മൻചാണ്ടിയെ ധൈര്യവും ബുദ്ധിയും കൊടുത്തുകൊണ്ട് പിടിച്ചു നിർത്തിയവർ കുഞ്ഞുമാണിയും കുഞ്ഞാലിക്കുട്ടിയും ചേർന്നായിരുന്നു. അന്ന് ആ കളികൾക്ക് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കണ്ണൂർ വിഭാഗവും ഉമ്മൻചാണ്ടിയെ സഹായിച്ചിരുന്നു.
നവകാലത്തെ പിആർ തന്ത്രങ്ങളും വി.ഡി. സതീശൻ തരംഗവും
ഇന്നിപ്പോൾ പത്ത് കൊല്ലം പനോത്തിയടിച്ചുകൊണ്ട് ആർക്കും വേണ്ടതായിരുന്ന കോൺഗ്രസ്സിന് പുതു ജീവൻ കൈവന്നപ്പോൾ കുറെയധികം കുളാണ്ടർമാർ പലവിധേനയും ആ കസേര ലക്ഷ്യംവെച്ചുകൊണ്ട് ഇറങ്ങി പുറപ്പെട്ടിരുക്കുന്നത് . ഇതൊക്കെ കാണുമ്പോൾ രണ്ട് തലകൾ ഉണ്ടായിരുന്നെങ്കിൽ ഒരെണ്ണം തല്ലി പൊട്ടിക്കാമായിരുന്നുവെന്ന് നല്ല കോൺഗ്രസ്സ് പ്രവർത്തകർ സ്വയം ചിന്തിച്ചുപോകുന്നു. പിണറായി വിജയനെ വെല്ലുന്ന പിആർ ഉപയോഗിച്ചുകൊണ്ട് പലവിധ കൂലിയെഴുത്തുകളും പോഡ്കാസ്റ്റുകളുമായി സ്ഥാനമോഹികൾ മുന്നോട്ട് നീങ്ങുമ്പോൾ ആത്മാർത്ഥതയുള്ള അണികൾ അവരെക്കൊണ്ടാവുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ കമന്റുകളിട്ടും പോസ്റ്റുകൾ ഉണ്ടാക്കിയും അവരുടെ വികാരം അറിയിക്കുന്നു.
കെ സുധാകരനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഒറിജിനൽ കോൺഗ്രസ്സുകാർ ഒന്നടങ്കം വിഡി സതീശനായി അരയും തലയും മുറുക്കി കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. പണമിറക്കാതെ പിആർ കിട്ടിയ സന്തോഷത്തിലായിരിക്കും വി . ഡി യിപ്പോൾ.
ചെന്നിത്തലയുടെ 'കുനുഷ്ട്' ബുദ്ധിയും സതീശൻ നേരിട്ട അവഗണനയും
കപ്പിനും ചുണ്ടിനുമിടയ്ക്ക് ഒട്ടേറെ സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടു എന്നത് സതീശൻ പ്രസംഗങ്ങളിൽ വെളിപ്പെടുത്തിയപ്പോൾ അതിനെ കളിയാക്കി കുറെ കൂലിയെഴുത്തുകാർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുന്നുണ്ട്. അതേറ്റുപിടിക്കാൻ കുറെ ഓൺലൈൻ എഴുത്തുകാരും മുൻപന്തിയിലുണ്ട്. അന്ന് 2011-ൽ മന്ത്രിസഭ ഉണ്ടാകുവാൻ കാരണമായ ലോട്ടറി വിവാദത്തിൽ കോൺഗ്രസ്സിന് വേണ്ടി പടപൊരുതിയ സതീശനെ കേവലം ഒരു യുവജന കാര്യവകുപ്പോ, സ്പോർട്സ് വകുപ്പോ കൊടുക്കാതെ ഒതുക്കി മാറ്റിനിർത്തിയത് നൂറു ശതമാനവും രമേശ് ചെന്നിത്തലയായിരുന്നു എന്നത് ആർക്കുമറിയാവുന്ന സത്യങ്ങൾ.
തനിക്ക് മേലെ വേറൊരു നായർ പറക്കരുത് എന്ന കുനുഷ്ട് ബുദ്ധി പ്രയോഗിച്ചപ്പോൾ കാലം ചെന്നിത്തലക്ക് തന്നെ മറുപടി കൊടുത്തതും ഇപ്പോഴത്തെ യുവ എംഎൽഎ മാർ ഓർത്തുവെക്കുന്നത് നല്ലതാണ്. അന്ന് മുഖ്യമന്ത്രിയാകുവാൻ എല്ലാ അർത്ഥത്തിലും സാദ്ധ്യതകൾ ഉണ്ടായിട്ടും ഇപ്പോൾ മൂന്നാം സ്ഥാനത്തിരുന്നുകൊണ്ട് കേരളയാത്ര പോലുള്ള മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നത് കാണുമ്പൊൾ യഥാർത്ഥത്തിൽ വേദനയാണ് ഓരോ കോൺഗ്രസ്സുകാരനും.
ഭരണപരിചയമെന്ന വാദവും വി.ഡി. സതീശന്റെ സാധ്യതകളും
സതീശന് മന്ത്രിപദവികളിൽ ഇരുന്നുള്ള പരിചയം ഇല്ല എന്ന വാദമാണ് മറ്റുള്ള നേതാക്കൾ നിരത്തുന്നത് . അങ്ങനെയാണെങ്കിൽ കേവലം രണ്ടുവർഷം മാത്രം എംപിയായിരുന്ന രേവന്ത് റെഡ്ഢി എങ്ങനെ തെലങ്കാന മുഖ്യമന്ത്രിയായി അത്യുഗ്രൻ ഭരണം കാഴ്ചവെക്കുന്നു? രാഹുൽഗാന്ധി എങ്ങനെ പ്രധാനമന്ത്രിയാവും ? പിണറായി വിജയൻ രണ്ടു കൊല്ലം മാത്രമേ വൈദ്യുതി മന്ത്രിയായിട്ടുള്ളൂ . എന്നിട്ടും പത്ത് കൊല്ലം മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നില്ലേ ? സതീശനെ സംബന്ധിച്ചിടത്തോളം 25 കൊല്ലത്തോളം കേരളത്തിലെ ഒരു എംഎൽഎ ആയി മാത്രം ഇരിക്കുമ്പോൾ ഇതുവരെ കേരളഭരണത്തിൽ നടന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും സൂക്ഷ്മനിരീക്ഷണം നടത്തുവാൻ കഴിഞ്ഞിട്ടുണ്ട് . ഇക്കഴിഞ്ഞ മന്ത്രിസഭയിൽ ആർക്കൊക്കെയായിരുന്നു ഭരണപരിചയം ഉണ്ടായിരുന്നത് എന്നത് കൂടി ഓർക്കണം.
കേരളത്തിൽ യുഡിഎഫിന് 80 സീറ്റുകൾക്ക് മേലെ ലഭിക്കുകയാണെങ്കിൽ ഉറപ്പായും സതീശൻ തന്നെയായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് ഹൈക്കമാൻഡ് തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. 71 - 80 സീറ്റുകൾ മാത്രമേ ലഭിക്കുന്നു എങ്കിൽ രമേശോ വേണുഗോപാലോ ആര് വേണേൽ ആയിക്കോട്ടെ എന്നതാണ് തീരുമാനം.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ വാശിയും രാഹുൽ ഗാന്ധിയുടെ ഇടപെടലും
സതീശനെ കുറിച്ചുള്ള മറ്റൊരു അപരാധം, സ്ഥാനാർത്ഥി നിർണ്ണയ പട്ടികയിൽ നിന്നും തിരുകി കയറ്റിയ സ്ഥാനാർത്ഥികളെ ഒഴിവാക്കണം എന്ന് പറഞ്ഞുകൊണ്ട് രാഹുൽഗാന്ധിയുമായി വാക്ക് തർക്കം നടത്തിയത്രേ. നമ്മൾ നേരത്തെ സൂചിപ്പിച്ച പാലോട് രവി പോലെ, ചന്ദ്രശേഖർ പോലെയുള്ള പാഴ് വസ്തുക്കളെ ഒഴിവാക്കാനായിരുന്നു സതീശൻ ശാഠ്യം പിടിച്ചത്.
കാനഗോലു കണ്ടെത്തിയ സ്ഥാനാർത്ഥികളെ ഒഴിവാക്കി കേസിയും രമേശും തിരുകിക്കയറ്റിയ കുറെ പെട്ടിപിടിയന്മാരെ ഒഴിവാക്കാനായിരുന്നു ആ വാശി. കേസിക്കും രമേശിനും 80 സീറ്റിന് മുകളിൽ വരുന്നതിലും താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടൊക്കെ തന്നെയാണ് 24 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥി നിർണ്ണയം എന്ന വെല്ലുവിളി അവർ ചേർന്ന് വൈകിപ്പിച്ചതും, കെ സുധാകരന്റെ മരുമകന് പണംകൊടുത്ത് വെടി പൊട്ടിപ്പിച്ചതും.
രാഹുൽഗാന്ധിക്ക് ലേശം ബുദ്ധിയും ദീർഘവീക്ഷണവും ഉള്ളതുകൊണ്ടാണ് കെ സി ആദ്യം കൊടുത്ത ലിസ്റ്റ് വലിച്ചെറിഞ്ഞു കളഞ്ഞത്. അപ്പോൾ രാഹുൽഗാന്ധിയും ഒരു നല്ല തീരുമാനം എടുക്കുമെന്നു നമ്മുക്ക് പ്രത്യാശിക്കാം.
കെ.സി. വേണുഗോപാലും മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ആശങ്കകളും
കെ സി വേണുഗോപാലിനോട് ചേർന്നുള്ള ചുരുക്കം ചില നേതാക്കൾക്ക് എന്ത് വിധേനയും കെസി തന്നെ മുഖ്യമന്ത്രിയായി വരുമെന്ന ഉറപ്പിലാണ്. ഹൈക്കമാൻഡ് എന്നാൽ കെസി ആണെന്നും രാഹുൽഗാന്ധി കെസി പറയുന്നതിന്റെ അപ്പുറത്ത് തീരുമാനങ്ങൾ എടുക്കില്ല എന്നൊക്കെയാണ് അവരുടെ ഉറപ്പുകൾ. കെ സി ആണെങ്കിൽ മുഖ്യമന്ത്രി പദത്തെ കുറിച്ച് ചോദിക്കുമ്പോൾ പൊട്ടൻ കളിക്കുകയാണ്. ആരൊക്കെയോ അദ്ദേഹത്തെ ചാട്ടിന്മേൽ കയറ്റിക്കൊണ്ട് ആസൂത്രണങ്ങൾ മെനയുകയാണ്.
ലേശം ബുദ്ധിയും ദീർഘവീക്ഷണവും കെസിക്ക് ഉണ്ടായിരുന്നുവെങ്കിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു രാജ്യസഭാ സീറ്റ് ബിജെപിക്ക് കൊടുത്തുകൊണ്ട് ആലപ്പുഴയിൽ മത്സരിക്കില്ലായിരുന്നു. ഇതിപ്പോൾ ആകപ്പാടെ ഒരു അഴകൊഴമ്പൻ അവസ്ഥയിൽ അകപ്പെട്ടിരിക്കുകയാണ് കെ സി. ഇല്ലത്തുനിന്നും ഇറങ്ങുകയും ചെയ്തു അമ്മാത്തേക്ക് എത്തുന്നുമില്ല എന്ന ഗതികേടിലാണ് കെസി യിപ്പോൾ.
സോണിയാ ഗാന്ധി മാതൃകയും കെ.സി. നേരിടുന്ന വെല്ലുവിളികളും
കെ സി യെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയാകുന്നതിനേക്കാൾ നല്ലത് എ ഐ സി സി യിൽ ഇരുന്നുകൊണ്ട് കേരളത്തിന്റെ സൂപ്പർ മുഖ്യമന്തി വേണേൽ ചമയാം. രേവന്ത് റെഡ്ഢിയും സിദ്ധരാമയ്യയും ഇപ്പോഴും കെസിയെ കാണുവാൻ ഓഫീസിന് പുറത്ത് കാത്തിരിക്കുന്നത് ആ പദവിയുടെ അന്തസ്സാണ്. 2004 ഇൽ പ്രധാനമന്ത്രിയാവാതെ സോണിയാഗാന്ധി മാറി നിന്നതാണ് അവരോടുള്ള ജനങ്ങൾക്കുള്ള മതിപ്പ്. അന്നവർ മാറി നിന്നില്ലായിരുന്നുവെങ്കിൽ 2009 തിരഞ്ഞെടുപ്പിൽ യുപിഎ രണ്ടാമതും അധികാരം പിടിക്കില്ലായിരുന്നു. കൂടെ നടക്കുന്ന കുറെ അധികാരമോഹികളുടെ വാക്കുകൾ കേട്ടുകൊണ്ട് കെ സി മുഖ്യമന്ത്രിക്കസേരയിൽ കയറി ഇരുന്നാൽ പിന്നെ ആ മനുഷ്യന്റെ കേരളത്തിലെ മതിപ്പും എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നത് ഉറപ്പാണ്.
കരുണാകരൻ കാസർഗോഡ് ലോക്സഭാ സീറ്റ് നൽകിയിട്ടും അവിടെ ജയിക്കാതെ ആലപ്പുഴയിൽ വന്ന് മത്സരിക്കേണ്ടി വന്നത് കെ സി മറക്കരുത്. അതേ കാസർഗോട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ ജയിച്ചുകയറിയതും നാം കണ്ടു. ആയതിനാൽ ഉപതെരഞ്ഞെടുപ്പുകൾ വന്നാൽ കെ സി നിലം തൊടില്ല എന്നാണ് യുഡിഎഫ് അണികളുടെ കമന്റുകൾ.
സാമ്പത്തിക ആരോപണങ്ങളും യുവ എംഎൽഎമാരുടെ സ്തുതിപാഠകരും
അതുപോലെ മറ്റൊരു ആരോപണം തൃശൂരിലെ രണ്ടു സീറ്റുകൾ അടക്കം പതിനഞ്ചോളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്‌ചയിക്കാൻ പണം കൈപ്പറ്റിയെന്നും അണികൾ ആരോപിക്കുന്നു. ആ പണം തന്നെ മറ്റുള്ള സ്ഥാനാർത്ഥികൾക്ക് സ്വന്തം സഹായം പോലെ കൊടുത്തതും അവരെ ഒക്കെ കൂടെ നിർത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. ഇത്തവണ എ ഐ സി സി നല്ല രീതിയിൽ പണം ഇറക്കിയിട്ട് തന്നെയാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും തിരഞ്ഞെടുപ്പുകളെ നേരിട്ടത്. അതിന് കാരണമായത് കർണാടകത്തിലെയും തെലങ്കാനയിലെയും കോൺഗ്രസ് ഭരണമാണ്. അല്ലാതെ ആരും സ്വന്തം പോക്കറ്റിൽ നിന്നൊന്നുമല്ല ഈ പണം വീശിയിട്ടുള്ളത്. പക്ഷെ തിരഞ്ഞെടുപ്പിൽ മത്സരിച്ച എംഎൽഎ മാരുടെ മിക്കവാറും പേരുടെ ധാരണ കെ സിയുടെ പണമാണ് തങ്ങൾക്ക് കിട്ടിയത് എന്നാണ്. അതുകൊണ്ടാണ് പെട്ടെന്ന് കുറെ യുവ എംഎൽഎമാർ കെ സി സ്തുതിഗീതം പാടിയത്. പിന്നെ പിന്നെ അവർക്കും കാര്യങ്ങൾ മനസ്സിലായി എന്ന് തോന്നുന്നു.
കെ സി യുടെ മനസ്സിൽ എങ്ങനെയെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രി ആയാൽ മതി. അദ്ദേഹത്തിന് 63 വയസ്സ് കഴിഞ്ഞു, മുഖ്യമന്ത്രിക്ക് ശേഷം റിട്ടയർമെന്റ് കാലം. ഇഷ്ടം പോലെ പണം കയ്യിലുണ്ട്. പക്ഷെ യുവ എംഎൽഎ മാർക്ക് കേരളത്തിൽ വീണ്ടും ജയിച്ചുകയറാൻ കോൺഗ്രസ്സ് എന്ന പാർട്ടി ഇവിടെയൊക്കെ തന്നെ വേണ്ടേ?
രമേശ് ചെന്നിത്തലയുടെ പുതിയ നീക്കങ്ങളും സോഷ്യൽ മീഡിയ വിമർശനവും
രമേശ് ചെന്നിത്തലയെ ഈയിടക്ക് ആരൊക്കെയോ മൂച്ച് കയറ്റിക്കൊണ്ട് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പറഞ്ഞുകൊടുത്തുവെന്ന് തോന്നുന്നു. ഇതുവരെ കാണാത്ത ഒരു ആവേശം ആ മനുഷ്യനിലും കാണപ്പെടുന്നു. പെട്ടെന്ന് ഒരു കേരളയാത്ര എന്ന പേരിൽ പോഡ്‌കാസ്റ്റും കുറെ സോഷ്യൽ മീഡിയ എഴുത്തുകാരും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. അടങ്ങി ഒതുങ്ങി നിന്നുകൊണ്ട് നല്ല ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം വാങ്ങിയെടുക്കാതെ ആ മനുഷ്യനിലും മുഖ്യമന്ത്രി വികാരം അണപൊട്ടി ഒഴുകകുകയാണ് ഇപ്പോൾ.
കയ്യിൽ കിട്ടിയ സുവർണാവസരം കളഞ്ഞു കുളിച്ചിട്ട് ഇന്നിപ്പോൾ മോങ്ങികരഞ്ഞിട്ട് കാര്യമില്ല എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ കാണുന്ന കമന്റുകൾ. അന്ന് ടിപി കേസിൽ ശരിയായ കൊമ്പൻ സ്രാവിൽ എത്തേണ്ടത് കോമ്പ്രമൈസ് ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ മോങ്ങേണ്ട കാര്യമുണ്ടായിരുന്നോ? എന്നും കമന്റുകൾ കാണുന്നു.
രേവന്ത് റെഡ്ഢി മോഡലും ഹൈക്കമാൻഡിനുള്ള താക്കീതും
തക്കം പാർത്തിരുന്ന ശത്രൂക്കൾക്ക് എറിഞ്ഞുകളിക്കുവാൻ വടി കൊടുത്തിരിക്കുയാണ് ഹൈക്കമാൻഡ് എന്നുപറയുന്നവർ. അവർക്ക് തെലങ്കാനയിലെ പോലെ നശിച്ചുപോയ കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ച രേവന്ത് റെഡ്‌ഡിയെ മുഖ്യമന്ത്രിയാക്കിയത് പോലെ ഇവിടെയും പണിയെടുത്ത ആളെ മുഖ്യമന്ത്രിയാക്കുവാൻ എന്തിനാണ് കൂടുതൽ ആലോചിക്കുന്നത്. അഥവാ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ കേരളം എന്ന സംസ്ഥാനത്തെ കോൺഗ്രസ്സ് എന്നെന്നേക്കുമായി മറക്കേണ്ടി വരുമെന്നാണ് വോട്ട് ചെയ്തവരുടെ ഭാഷ്യം.
കെ സി, ബിജെപിയുടെ ഏജന്റാണോ എന്ന് സംശയിക്കുന്ന തരത്തിലുള്ള കമന്റുകളൊക്കെ വായിക്കുമ്പോൾ എന്തിനാണ് അങ്ങനെയൊക്കെ കമന്റുകൾ എഴുതുവാൻ അവസരം സൃഷ്ടിച്ചു കൊടുക്കുന്നത് എന്നതാണ് നല്ല കോൺഗ്രസ്സുകാർ ചോദിക്കുന്നത്.
നിലപാടും തിരുത്തൽ ആവശ്യങ്ങളും
അധികാരമോഹവും അവസരവാദനയങ്ങളും കൈമുതലാക്കിയ ഒട്ടനവധി നേതാക്കളുടെ ഇപ്പോഴത്തെ അവസ്ഥകൾ കൂടി കണക്കിലെടുത്തുകൊണ്ട് ഹൈക്കമാൻഡ് എന്ന് പറയുന്നവർ ഉചിതമായ തീരുമാനം എടുത്തില്ല എങ്കിൽ പഴയ കാലം പോലെ കോൺഗ്രസ്സുകാർ പ്രതികരിക്കാതെ ഇരിക്കില്ല എന്നുകൂടി ഓർമ്മപ്പെടുത്തുന്നു. അല്ലെങ്കിൽ പിന്നെ രാഹുൽഗാന്ധിക്ക് കെ സി യെ എങ്ങനെയെങ്കിലും ബുദ്ധിപരമായി കേന്ദ്രത്തിൽ നിന്നും കെട്ടുകെട്ടിക്കണം എന്ന തോന്നൽ മനസ്സിൽ ഉദിച്ചകാണും എന്നും ചിലരൊക്കെ അഭിപ്രായപ്പെടുന്നുമുണ്ട്.
പി . സി എന്ന ഇനിഷ്യലിൽ ഉള്ള മറ്റുള്ള നേതാക്കളുടെ ഗണത്തിലേക്ക് കെ. സി യും വീഴാതെ സൂക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
ഇങ്ങനെയൊക്കെ എഴുതുവാൻ എവിടെനിന്നും പണം കൈപ്പറ്റിയിട്ടല്ല എന്നുകൂടി വ്യക്തമാക്കുന്നു. എഴുതേണ്ടി വന്നതിൽ ഖേദിക്കുന്നു ..
ദയവുചെയ്ത് ആളുകളെ കൊണ്ട് പറയിപ്പിക്കരുത് നേതാക്കന്മാരെ !!
വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ :


#KeralaPolitics #CongressKerala #UDF #VDSatheesan #KCVenugopal #RameshChennithala #RahulGandhi #CongressLeadership #RevanthReddyModel #HighCommand #KeralaElection #PoliticalAnalysis #INCIndia #KSudhakaran #UDFKerala #GroupPolitics #IndianPolitics #PinarayiVijayan #SocialMediaPolitics #CandidateSelection #PoliticalDebate #CongressCadres #KeralaNews #AICC #PoliticalStrategy #LeadershipCrisis #KeralaYouth #PoliticalReform #TPCase #SoniaGandhiModel





