സ്ഥലം: തിരുവനന്തപുരം, എകെജി സെന്റർ കാന്റീൻ.
സാഹചര്യം: ഉച്ചതിരിഞ്ഞുള്ള തിരക്കൊഴിഞ്ഞ സമയം. കാന്റീനിലെ സ്റ്റീൽ മേശയിലിരുന്ന് ചൂട് പരിപ്പുവടയും കട്ടൻചായയും മുന്നിൽവെച്ച് സൊറ പറയുകയാണ് കന്നാസും കടലാസും. ചുവരിലെ ചെറിയ ടിവിയിൽ അപ്പോഴും ബ്രേക്കിംഗ് ന്യൂസുകൾ മാറിമറിയുന്നു.
കന്നാസ്: (പരിപ്പുവട കടിച്ചുതിന്ന് ചുറ്റും നോക്കി ശബ്ദം താഴ്ത്തി) എടാ കടലാസേ... നമ്മൾ ഇരിക്കുന്നത് സാക്ഷാൽ എകെജി സെന്ററിന്റെ കാന്റീനിലാണ്. പക്ഷേ ദാ ആ ടിവിയിലേക്ക് നോക്കിക്കേ, പാർട്ടി ആസ്ഥാനത്തിന്റെ താഴെ വരെ ആളിപ്പടരുന്ന പുകയാണല്ലോ ദുബായിലെ ആ മൂന്നേകാൽ കോടി ഉണ്ടാക്കിവെച്ചിരിക്കുന്നത്! പണം വഴിമാറി ഒഴുകിയെന്ന വാർത്തയിൽ കേരളം മൊത്തം ഇളകിമറിയുന്നു.
കടലാസ്: ഇളകിമറിയുകയോ? താഴെ റോഡിലേക്ക് നോക്കടേ! സംഭവം മുഖ്യമന്ത്രിക്ക് എതിരെയാണെങ്കിലും എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഇതാ തെരുവിൽ ഒന്നിച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നു!
കന്നാസ്: അതെന്താ കഥ? പാർട്ടിക്കെതിരെയുള്ള ആരോപണത്തിന് പാർട്ടി സംഘടനകൾ തന്നെ സമരം ചെയ്യുകയോ?
കടലാസ്: അതല്ലല്ലോ കോമഡി! 'പോലീസ് സമരക്കാർക്ക് നേരെ എങ്ങാനും ചെളിവെള്ളം ചീറ്റിയാൽ ഞങ്ങൾ വീണ്ടും സമരം ചെയ്യും' എന്ന് ചിന്താ ജെറോം കട്ടായം പറഞ്ഞിരിക്കുന്നു! അഴിമതി പോട്ടെ, പോലീസിന്റെ വാട്ടർ കാനനിലെ വെള്ളത്തിലെങ്കിലും അല്പം ശുചിത്വം വേണ്ടേ എന്ന്! സമരം ചെയ്യുമ്പോഴും സ്കിൻ കെയർ പോകാതിരിക്കാനുള്ള വിപ്ലവ ജാഗ്രത!
കന്നാസ്: (ചിരിയടക്കി) അതൊരു ന്യായം! പക്ഷേ ദാ മുകളിലത്തെ നിലയിൽ നിന്നിറങ്ങി വരുന്ന ജോൺ ബ്രിട്ടാസ് മാന്യമായി കാര്യം വിശദീകരിച്ചിട്ടുണ്ട്—'ആ തുക ദുബായിലേക്ക് കള്ളപ്പണമായി പോയതല്ല, അമേരിക്കയിലെ മായോ ക്ലിനിക്കിൽ ചികിത്സയ്ക്ക് മുൻകൂറായി നൽകിയ അഡ്വാൻസ് തുകയാണ്' എന്ന്!
കടലാസ്: ബ്രിട്ടാസ് അങ്ങനെ ന്യായീകരിക്കുമ്പോൾ, അങ്ങകലെ ആലപ്പുഴയിലിരുന്ന് ജി. സുധാകരൻ മൈക്കിലൂടെ കാച്ചുന്നു: "പണം മാറ്റിയത് ചികിത്സയ്ക്കോ എന്തിനോ ആവട്ടെ... പണം മാറ്റിയവരെ മാത്രമല്ല, അതിന് കാവൽ നിന്ന വിവരദോഷികളെക്കൂടി വലിച്ചുപിടിച്ച് അകത്തിടണം!" എന്ന്. പഴയ കണക്കുകൾ വീട്ടി സുധാകരൻ സഖാവ് കളം നിറയുകയാണ്.
കന്നാസ്: എടാ കടലാസേ, പാർലമെന്റിലും ചാനലുകളിലും സിംഹം പോലെ ഗർജ്ജിക്കുന്ന ജോൺ ബ്രിട്ടാസ്, ഇ.ഡി വരുന്നു എന്ന് കേട്ടപ്പോഴേക്കും അങ്ങോട്ട് ഒന്ന് വെരകിയത് എന്തിനായിരിക്കും?
കടലാസ്: അത് വളരെ ലളിതമായ തത്വശാസ്ത്രമാണ് കന്നാസേ—മടിയിൽ ലവലേശം കനമില്ലാത്തതുകൊണ്ട്!
കന്നാസ്: അതെങ്ങനെ ശരിയാകും? മടിയിൽ കനമില്ലാത്തവൻ പേടിക്കേണ്ടതില്ല എന്നല്ലേ പാർട്ടി ലൈൻ?
കടലാസ്: എടോ, കനമില്ലാത്ത വസ്തുക്കൾക്ക് ഭാരക്കുറവുണ്ടാവില്ലേ? ഇ.ഡി എന്ന ചുഴലിക്കാറ്റടിക്കുമ്പോൾ നിലത്ത് ഉറച്ചുനിൽക്കാൻ മടിയിൽ അല്പമെങ്കിലും കനം വേണ്ടേ! കനമില്ലാത്തതുകൊണ്ട് ആ കാറ്റിൽ താൻ എങ്ങാനും എയറിലേക്ക് പാറിപ്പോകുമോ എന്ന പേടിയാണ് ആ വെരകൽ!
കന്നാസ്: (ചിരിച്ചുകൊണ്ട്) അതെയതെ! സ്റ്റുഡിയോയിൽ ക്യാമറയ്ക്ക് മുന്നിലിരുന്ന് വാചകക്കസർത്ത് നടത്തുന്നതുപോലെയല്ലല്ലോ ഇ.ഡിയുടെ മുന്നിൽ പോയി മായോ ക്ലിനിക്കിലെ കണക്ക് ബോധിപ്പിക്കുന്നത്!
കടലാസ്: കൃത്യം! ടിവിയിലെ തഗ്ഗും ഗർജ്ജനവും ഇ.ഡിയുടെ മുറിയിൽ ചിലവാകില്ലല്ലോ എന്നോർത്തപ്പോഴാണ് ആ കണ്ണൊന്ന് വെരണ്ട് പോയത്! കട്ടൻ കുടിക്കെടാ കന്നാസേ!
കന്നാസ്: അപ്പോഴാണ് നമ്മുടെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിന്റെ സൈദ്ധാന്തിക ക്ലാസ് വന്നത്—"സഖാക്കളെ, പണം പോയത് ദുബായിലേക്കല്ല, അബുദാബിയിലേക്കാണ്... റൂട്ടിൽ ചെറിയൊരു ഡയലക്ടിക്കൽ വ്യതിയാനം വന്നിട്ടുണ്ടെന്ന് മാത്രം!" മാഷിന്റെ ക്ലാസിൽ ദുബായ് വേറെ, അബുദാബി വേറെ.
കടലാസ്: ഇതുകേട്ട് തൊട്ടപ്പുറത്തെ കസേരയിലിരുന്ന ഇ.പി. ജയരാജൻ കട്ടൻചായ ഊതിക്കുടിച്ച് അങ്ങ് കാച്ചി—"ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ!" എന്ന്. ആര് തിന്ന ഉപ്പ്, ആര് കുടിച്ച വെള്ളം എന്ന് ചോദിക്കരുത്; അത് പ്രകൃതിനിയമം! അപ്പുറത്ത് പി. ജയരാജൻ പതിവ് ശൈലിയിൽ ഓർമ്മിപ്പിക്കുന്നു: "മടിയിൽ കനമില്ലാത്ത സഖാക്കൾ എന്തിനാണ് അന്വേഷണ ഏജൻസികളെ പേടിക്കുന്നത്?" എന്ന്.
കന്നാസ്: ആ സമയത്താണ് എ.കെ. ബാലന്റെ വെടിക്കെട്ട് ന്യായീകരണം വന്നത്—"അത് കള്ളപ്പണമൊന്നുമല്ല, ദുബായിൽ മകന് താമസിക്കാൻ എടുത്ത വീടിന്റെ അഡ്വാൻസും ഒരു കൊല്ലത്തെ റെന്റുമാണ്!" കേട്ടാൽ തോന്നും ബുർജ് ഖലീഫ മൊത്തമായി വാടകയ്ക്ക് എടുത്തതാണെന്ന്!
കടലാസ്: പഴയ കഥാപാത്രങ്ങൾ ഈ വഴിക്ക് തിരിഞ്ഞുനോക്കാതിരിക്കുമോ? സ്വപ്ന സുരേഷ് ഉടനെ ഫേസ്ബുക്ക് ലൈവിൽ വന്ന് പറയുന്നു: "ഇതൊക്കെ എന്ത്, ഞങ്ങൾ അന്നേ സ്വർണ്ണക്കടത്തിലൂടെ ഇതിലും വലിയ തുകകൾ പെട്ടിയിലാക്കി മാറ്റിയിട്ടുണ്ട്!" എന്ന്. തൊട്ടുപിന്നാലെ പി. ശ്രീരാമകൃഷ്ണന്റെ നിഷ്കളങ്കമായ തിരുത്ത്: "അയ്യോ, സ്വർണ്ണമല്ല... അത് മുഴുവൻ പച്ച ഡോളറായിരുന്നു സാറേ!"
കന്നാസ്: ശിവശങ്കരൻ ഐഎഎസ് എവിടെയോ ഇരുന്ന് നെഞ്ചത്ത് കൈവെക്കുന്നുണ്ടാകും—"ആ ബിരിയാണി ചെമ്പ് അന്ന് വിമാനത്താവളം വഴി കടത്താൻ നോക്കിയപ്പോഴേ എനിക്കറിയാമായിരുന്നു, ഭാവിയിൽ അതൊരു ബിരിയാണി ചെമ്പ് കേസ് ആയി തിരിച്ചടിക്കുമെന്ന്!"
കടലാസ്: പോരാത്തതിന് കെ.ടി. ജലീലിന്റെ വക അടുത്ത വെളിപ്പെടുത്തൽ: "അറബ് നാടുകളിൽ നിന്ന് നമ്മൾ ഈത്തപ്പഴം കൊണ്ടുവന്നതുപോലെ, ഇങ്ങോട്ട് മൂന്നരക്കോടി മാറ്റിയത് നമ്മുടെ നാടൻ വരിക്കച്ചക്കയുടെ ഉള്ളിൽ കുത്തിനിറച്ചാണ്!" വരിക്കച്ചക്ക നയതന്ത്ര പാഴ്സലായ കഥ കേട്ട് കസ്റ്റംസുകാർ ബോധംകെട്ട് വീണു!
കന്നാസ്: (വാതിലിലേക്ക് നോക്കി) അല്ല കടലാസേ, ഇവിടെ കാന്റീനിൽ ഉണ്ടാവാറുള്ള കൈരളി ചാനലിന്റെ ഇ.എം. അഷ്‌റഫ് എവിടെപ്പോയി?
കടലാസ്: പുള്ളി രാവിലെ തന്നെ മൈക്കും ഐഡികാർഡും ഉപേക്ഷിച്ച് സ്കൂട്ടായി! "ഈ മൂന്നരക്കോടിയുടെ കണക്കിൽ എന്നെക്കൂടി പെടുത്താതെ ഞാൻ രക്ഷപ്പെട്ടു!" എന്നും പറഞ്ഞ് ഗേറ്റ് കടന്ന് ഒറ്റ ഓട്ടം!
കന്നാസ്: (പൊട്ടിച്ചിരിക്കുന്നു) ഓടാതെ പിന്നെ! ഇതിനിടയിലാണ് ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സാക്ഷാൽ മമ്മൂക്കയുടെ ആ വെട്ടിത്തുറന്ന പറച്ചിൽ—"ഈ കടത്തലുകളും കള്ളപ്പണ പെട്ടികളും കണ്ടുമടുത്താണ് ഞാൻ പാർട്ടിയുമായുള്ള പഴയ കൂട്ട് പതുക്കെ മതിയാക്കിയത്. സേഫ് സോണിൽ നിൽക്കുന്നതാണ് എന്റെ അഭിനയജീവിതത്തിന് നല്ലത്!" എന്ന് മെഗാസ്റ്റാർ ചിരിച്ചുകൊണ്ട് തട്ടിവിട്ടത്.
കടലാസ്: എന്തൊക്കെ കോലാഹലങ്ങൾ നടക്കുമ്പോഴും ദാ കാന്റീന്റെ മൂലയിലിരിക്കുന്ന നമ്മുടെ കെ.കെ. രാഗേഷും പി. ശശിയും പരസ്പരം നോക്കി ആശ്വസിക്കുകയാണ്: "ഈ വലിയ ബഹളത്തിനിടയിൽ ആരും നമ്മളെ ശ്രദ്ധിച്ചില്ലല്ലോ... ആ താപ്പിൽ നമ്മൾ ഐഎഎസ് വനിതകളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ നോക്കിയത് എന്തായാലും നന്നായി!" എന്ന്.
കന്നാസ്: ഏതായാലും കടലാസേ... കേരളത്തിൽ അഴിമതിപ്പണം ഒഴുകുന്നു, നമ്മൾ എകെജി സെന്ററിന്റെ ഉള്ളിലിരുന്ന് തന്നെ ഭയമില്ലാതെ അതിന്റെ അടിവേരുകൾ ചർച്ച ചെയ്യുന്നു.
കടലാസ്: അത് വേണം കന്നാസേ... പാർട്ടി വളരണമെങ്കിൽ അകത്തിരുന്ന് തന്നെ സത്യങ്ങൾ പറയണം! എന്നാൽപ്പിന്നെ അടുത്ത പ്രസ്താവന ഇറങ്ങുന്നതിന് മുൻപ് ഓരോ ചൂട് കട്ടൻ കൂടി കുടിച്ചാലോ? ഒഴിക്കട്ടെ കട്ടൻ!
കന്നാസും കടലാസും : രാധ മണമ്മൽ





