പിണറായി 3.0 എന്ന സ്വപ്നവും

വെള്ളാപ്പള്ളിയുടെ കൂർമ്മ ബുദ്ധിയും

ഏറെ ആറ്റുനോറ്റ് ഒരു ഭരണം കിട്ടിയപ്പോൾ ഒരു കാര്യം വ്യക്തമായി . ഇവരൊന്നും ഈ ഭരണം അർഹിച്ചിരുന്നില്ല എന്നതാണ് . വെറുതെയല്ല പിണറയി 2.0 കേരളത്തിലാദ്യമായി ഭരിച്ചതെന്നും വേണ്ടിവന്നാൽ പിണറായി 3.0 കൊടുക്കുവാൻ മലയാളി തയ്യാറായിരുന്നു എന്നതുമാണ് നമുക്കിപ്പോൾ മനസ്സിലാകുന്നത് .

ശരിക്കും പറഞ്ഞാൽ പിണറായി 3.0 ഇല്ലാതാക്കിയതിൽ മുഖ്യ കർമ്മകത്വം വഹിച്ചത് സാക്ഷാൽ വെള്ളാപ്പള്ളി ആയിരുന്നു . അദ്ദേഹത്തിന്റെ കൂർമ്മ ബുദ്ധിയിൽ പിറന്ന വടക്കേ ഇന്ത്യൻ രീതിയിലുള്ള പ്രസ്താവനകളും മറ്റൊരു വിഭാഗത്തെ നിഷിച്ചു കൊണ്ടുള്ള പ്രസംഗങ്ങളും അങ്ങനെയുള്ള ഒരാളുമായി അന്നത്തെ മുഖ്യമന്ത്രി കാറിൽ കറങ്ങിയതും സ്റ്റേജിൽ കൈപിടിച്ചുയർത്തിയതും ഒക്കെയാണ് പിണറായി 3.0 എന്ന വലിയ സ്വപ്നം ഇല്ലാതാക്കി കളഞ്ഞത് .

ഇക്കാര്യങ്ങളെല്ലാം വളരെ പച്ചയായി കേരളത്തിലെ സകലമാന നേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തകന്മാർക്കും സാധാരണക്കാർക്കും നന്നായറിയാം . എന്നിട്ടും അവരെയൊക്കെ പ്രീതി പെടുത്തുവാൻ തുനിഞ്ഞിറങ്ങുന്ന ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗങ്ങളോട് ജനത്തിന് പുച്ഛം തോന്നിയാൽ അവരെ കുറ്റം പറയുവാനാവില്ല .

വി ഡി സതീശൻ - തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ചയും ജനരോഷവും

മുഖ്യമന്ത്രി വി ഡി സതീശനെ കാണുവാൻ വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളി വന്നത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം . തുഷാർ വെള്ളാപ്പള്ളി അത് ചെയ്തത് മനഃപൂർവമായിരുന്നോ എന്നാണ് ഇപ്പോൾ തോന്നിപ്പോകുന്നത് . മുഖ്യമന്ത്രിയുടെ മുഖത്തെ തെളിച്ചക്കുറവിൽ ജനം ലേശം ആശ്വസിക്കുന്നു ! .അന്ന് തുഷാറിന് മുഖ്യമന്ത്രിയെ കാണുവാൻ സമയം അനുവദിക്കുവാൻ പാടില്ലായിരുന്നു എന്നാണ് ജനത്തിന്റെ ഭാഷ്യം .സോണിയ ഗാന്ധി ഇതുവരെ ജഗൻ മോഹനെ കാണുവാൻ സമയം കൊടുത്തിട്ടില്ല , അച്ഛന്റെ ദുരൂഹമരണമായിരിക്കാം കാരണം .

കേവലം ഒരു രാഷ്ട്രീയ മുന്നണിയുടെ കൺവീനർ എന്നതിനുപരി സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കിടന്നതും , ഇപ്പോഴും അന്വേഷണം നടക്കുന്ന തട്ടിപ്പ് കേസും സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന ഒരാളിന് പെട്ടെന്നൊന്നും സമയം അനുവദിക്കാൻ പാടില്ലായിരുന്നു .

ഒരാൾ വീട്ടിലേക്ക് കയറിവരുമ്പോൾ അയാൾ എത്ര വലിയ ശത്രു ആയാലും വരേണ്ട എന്ന് പറയാൻ ആർക്കും സാധ്യമല്ല . അതുപോലെ രാഷ്ട്രീയത്തിൽ തന്റെ എതിരാളിയായ പിണറായി വിജയൻറെ വീട്ടിൽ പോയി കണ്ടതിനെയും കേരളജനത വി ഡി യെ വിമര്ശിച്ചിട്ടില്ല .

രമേശ് ചെന്നിത്തലയുടെ സന്ദർശനവും തരംതാഴലുകളും

പക്ഷെ ഇതെല്ലാം അറിഞ്ഞിട്ടും മനസ്സിലാക്കിയിട്ടും നമ്മുടെ അഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് പോകാൻ പാടില്ലായിരുന്നു . അവർ മന്ത്രിയെ കാണുവാൻ മന്ത്രിയുടെ വീട്ടിലേക്ക് വരുന്നതും , മന്ത്രി അവരെ കാണുവാൻ അവരുടെ വീട്ടിലേക്ക് പോകുന്നതും രണ്ടു തരമാണ് . ഒരിക്കലും രമേശ് ചെന്നിത്തല അത്രക്കും തരം താഴാൻ പാടില്ലായിരുന്നു . വെള്ളാപ്പള്ളിയെ പോയി കണ്ടാൽ ഇത്രയും മോശമാവില്ലായിരുന്നു . പ്രായത്തിന്റെ പേരിലും നാട്ടുകാരൻ എന്നപേരിലും അതിനെ ന്യായീകരിക്കാമായിരുന്നു .

പക്ഷെ ഈ തുഷാറിനെ പോലെ ഒരാളെ , ഒന്ന് രണ്ടു കേസുകളിൽ സംശയത്തിന്റെ മുനയിൽ നിൽക്കുന്ന ഒരാളിനെ കേരളത്തിന്റെ ആഭ്യന്തരമന്ത്രി വീട്ടിൽ പോയി കാണുക എന്നത് വോട്ട് ചെയ്ത് ജയിപ്പിച്ച ജനത്തിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്നത് പോലെയായി .

ബിന്ദു കൃഷ്ണയുടെ അവജ്ഞയും മോഡിജിയുടെ അബദ്ധവും

അതുപോലെ ബിന്ദു കൃഷ്ണ എന്ന മന്ത്രിയും ചെയ്തത് ശരിയായി എന്ന് അവർക്ക് തോന്നുന്നുണ്ടോ . അതേ കുറിച്ച് ചോദിച്ചപ്പോൾ കമ്മ്യുണിസ്റ്റ് വനിതാ മന്ത്രിമാർ കാണിക്കുന്ന ഒരു മാതിരി അവജ്ഞയോടെയാണ് മന്ത്രി ചാനലുകാരോട് പെരുമാറിയത് . ക്ഷീരദിനാശംസകൾ എന്ന് പറഞ്ഞുകൊണ്ട് അവരെ കളിയാക്കുകയായിരുന്നു . വെറുതെയല്ല ജനം ഇവരെയൊക്കെ മുൻപൊക്കെ തോൽപ്പിച്ച് വിട്ടിരുന്നത് . തോറ്റു കഴിഞ്ഞാൽ നിന്ന് മോങ്ങിയിട്ട് കാര്യവുമില്ല .

വെള്ളാപ്പള്ളി ഇപ്പോൾ ഒരു ആത്മീയ നേതാവല്ല . അദ്ദേഹത്തെ ആ സംഘടനയുടെ ചുമതലകളിൽ നിന്നും നീക്കം ചെയ്തുകഴിഞ്ഞിരിക്കുന്ന വിവരം മന്ത്രി അറിഞ്ഞുകാണില്ലേ . എന്നാലും പ്രായക്കൂടുതൽ ഉള്ള ഒരാളെ കാണാൻ പോയതിൽ തെറ്റില്ല എന്ന് വേണമെങ്കിൽ പറയാം . പക്ഷെ അത്രത്തോളം കുനിഞ്ഞു നിന്ന് കൊടുക്കുവാൻ പാടില്ലായിരുന്നു .

ഇതിപ്പോൾ നമ്മുടെ പ്രധാനമന്ത്രി മോഡിജി മുതലമടയിലെ ഭൂലോക തട്ടിപ്പുകാരനായ സുനിൽദാസിന്റെ മുന്നിൽ കുമ്പിട്ട് നിന്നത് പോലെയായിപ്പോയി . അങ്ങനെ ഒരബദ്ധം പ്രധാനമന്ത്രിക്കും പറ്റിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് മന്ത്രി ബിന്ദുകൃഷ്ണക്ക് വേണേൽ ആശ്വസിക്കാം .

തലസ്ഥാന ലോബിയും രാഷ്ട്രീയ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയും

ഇതൊക്കെ കാണുമ്പോൾ നമ്മുക്ക് മനസ്സിലാകുന്നത് എല്ലാം മനപ്പൂർവമാണ് . തലസ്ഥാനത്തെ ഒരു വലിയ ലോബിയാണ് ഇതിന്റെയൊക്കെ പിറകിൽ . ഇപ്പോഴത്തെ ഈ ഭരണത്തിന്റെ ശോഭ കെടുത്തിക്കൊണ്ട് അവരുടേതായ കുറെ കാര്യങ്ങൾ സാധിച്ചെടുക്കുവാൻ ശ്രമിക്കുന്ന കളികളുടെ ഭാഗമായി ഘടകകക്ഷികളെയും വോട്ട് ചെയ്ത് ജയിപ്പിച്ചവരുടെയും മനസ്സിനുള്ളിൽ വിഷവിത്ത് പാകുക എന്നതുതന്നെയാണ് അവരുടെ ഗൂഢലക്ഷ്യം .

അതിനു കുടപിടിച്ചുകൊടുക്കുവാൻ ഉന്നതന്മാർ എന്ന് പറയുന്ന നേതാക്കളും കൂടെ കൂടുമ്പോൾ അവരിപ്പോഴും ആ പഴയ സ്‌കൂളിൽ തന്നെയാണ് എന്നതാണ് ദുഃഖം . ഇത്രയും ജനരോഷം ഉണ്ടായിട്ടും ഇത്രയും എതിർപ്പുകൾ ഉണ്ടായിട്ടും അവരിപ്പോഴും പഴയ വൈരാഗ്യങ്ങൾ വെച്ചുകൊണ്ട് ചീഞ്ഞ കളികൾ കളിക്കുമ്പോൾ അവരുടെ കാലിന്റെ അടിയിലെ മണ്ണ് തന്നെ ഒലിച്ചുപോകുന്നത് അവരറിയുന്നില്ല . ഓരോരോ സംസ്ഥാനങ്ങൾ ഈ വക കളികളിൽ നഷ്ടപ്പെട്ടിട്ടും അവരൊന്നും പാഠം പഠിക്കുന്നില്ലല്ലോ എന്നതാണ് ഏറെ ദുഖകരം . കൂടെ നടക്കുന്നവർക്കെങ്കിലും ഒന്ന് ഉപദേശിച്ചു കൊടുത്തുകൂടെ !!

ജനം ഒന്നും മറക്കുമെന്ന് കരുതി ആശ്വസിക്കേണ്ട !!

ഇവരുടെയൊക്കെ മനസ്സിൽ അഞ്ചുകൊല്ലം ആവുമ്പോഴേക്കും ജനം എല്ലാം മറക്കും എന്നതാണ് . അതേ ചിന്താഗതിയായിരുന്നു കഴിഞ്ഞ പത്തുകൊല്ലം പിണറായി വിജയനും മന്ത്രിസഭക്കും ഉണ്ടായിരുന്നത് . തിരഞ്ഞെടുപ്പ് വരുമ്പോൾ റോഡ് നീളെ ഹോർഡിങ്ങും സോഷ്യൽ മീഡിയയിലും ചാനലിലും പണമൊഴുക്കിയാൽ ജനം വോട്ടു ചെയ്യും എന്ന് തോന്നിപ്പോയതാണ് പിണറായിയെ ഒരു മൂലക്കിരുത്തിയത് . യുഡിഎഫ് ഒന്നുകൂടി ആഞ്ഞുപിടിച്ചിരുന്നുവെങ്കിൽ 115 സീറ്റുകൾ വരെ നൽകുവാൻ ജനം തയ്യാറായിരുന്നു . പക്ഷെ കോൺഗ്രസുകാർക്ക് ആത്മവിശ്വാസം പണ്ടേ കുറവാണല്ലോ .

എങ്ങനെ വീണാലും നാല് കാലിൽ വീഴുന്ന ടിഎൻ പ്രതാപനെ വീട്ടിലിരുത്തിയ നാടാണ് കേരളം . അഹങ്കാരികളായിരുന്ന ഗണേഷിനെയും ജലീലിനെയും വീണയെയും കാലു മടക്കി അടിച്ച നാടാണ് കേരളം . കുഞ്ഞികൃഷ്‌ണനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച നാടാണ് കേരളം .

ക്രൗഡ് പുള്ളേർസ് ആയിരുന്ന ഷാഫിയും മാത്യുവും ചെറിയ ഒരു പ്രസ്താവനയുടെ പേരിൽ ഇപ്പോൾ നീറുന്ന മനസ്സുകളായി ജീവിക്കുന്നത് നാം കാണുന്നുണ്ടല്ലോ .

വോട്ട് ചെയ്ത അണികളുടെ യാഥാർത്ഥ്യം

കൊച്ചി പഴയ കൊച്ചിയല്ല എന്ന് പറഞ്ഞതുപോലെ കോൺഗ്രസ്സ് പഴയ കോൺഗ്രസ്സ് അല്ല . യുഡിഎഫ് പഴയ യുഡിഎഫ് അല്ല . പെട്ടി പിടുത്തക്കാരുടെയും ഏറാൻ മൂളികളുടെയും കാലം അവസാനിച്ചിരിക്കുന്നു . വോട്ടു ചെയ്ത അണികൾക്ക് നിങ്ങളിൽ നിന്നും ഒന്നും മോഹിക്കുന്നില്ല . അവർക്ക് ജോലിക്ക് വേണ്ടിയോ ശുപാർശകൾക്ക് വേണ്ടിയോ അവർ നിങ്ങളെ കാണുവാൻ വരുന്നില്ല . ഒരൊറ്റ കാര്യമേ അവർക്കുള്ളൂ . അവരെ പറ്റിക്കരുത് . അവരെ വേദനിപ്പിക്കരുത് . അത്രമാത്രം !!

ജയിക്കാൻ പാടില്ലാത്തവരെയൊക്കെ ജയിപ്പിച്ചു വിട്ടതിൽ ഖേദിച്ചുകൊണ്ട് എ ഐ സി സി ദാസനും
മന്ത്രിമാർ ആരെ വേണേലും കണ്ടോളൂ , കുമ്പിട്ട് നിക്കരുത് എന്നഭ്യർത്ഥിച്ചുകൊണ്ട് കെപിസിസി വിജയനും

#KeralaPolitics #LDF #UDF #PinarayiVijayan #VDSatheesan #RameshChennithala #BinduKrishna #TusharVellappally #VellappallyNatesan #Congress #KPCC #AICC #KeralaGovernment #PoliticalCriticism #PublicOutrage #PoliticalDebate #KeralaNews #DemocraticVoices #PartyWorkers #AlliancePolitics