സ്ഥലം: ഇന്ദിരാ ഭവൻ മുന്നിലെ ചെറിയ ചായക്കട.
കഥാപാത്രങ്ങൾ: കന്നാസും കടലാസും.
സാഹചര്യം: പത്രവും കയ്യിൽ പിടിച്ച് കട്ടൻ ചായ കുടിക്കുന്നു.
കന്നാസ്: (പത്രം മടക്കിവെച്ച്, കണ്ണട മൂക്കിൻ തുമ്പിലേക്ക് താഴ്ത്തി)
കടലാസേ, ദാ പത്രത്തിൽ കിടക്കുന്നത് കണ്ടോ? പിണറായിക്കെതിരായ ഇ ഡി ഫയലുകൾ ഒടുവിൽ ആഭ്യന്തര വകുപ്പിന് കൈമാറിയെന്ന്! സോഷ്യൽ മീഡിയയിൽ പിള്ളേര് പറയുന്നത് കേട്ടാൽ തോന്നും ചെന്നിത്തല ഇപ്പോൾ തന്നെ തൂക്കിക്കൊല്ലാനുള്ള ഒപ്പിടുമെന്ന്. "നോ കോംപ്രമൈസ്" എന്നൊക്കെയാണ് ക്യാപ്ഷൻ!
കടലാസ്: (ചൂടുള്ള പരിപ്പുവട കടിച്ചു ചവച്ചുകൊണ്ട് ഉറക്കെ ചിരിക്കുന്നു)
എടാ കന്നാസേ, ആ സൈബർ പിള്ളേരോട് പണ്ടത്തെ പത്രക്കെട്ടുകൾ എടുത്ത് വായിക്കാൻ പറ. 'നോ കോംപ്രമൈസ്' എന്ന് പറയാൻ ഇവിടെ നടക്കുന്നത് സിനിമ വല്ലതുമാണോ? ഇത് കേരള രാഷ്ട്രീയമല്ലേ!
കന്നാസ്: കടകംപള്ളി ചെന്നിത്തലയെ കണ്ടു കഴിഞ്ഞു എന്നാണ് അണിയറ വർത്തമാനം. പുറകെ കുഞ്ഞാലിക്കുട്ടിയും എത്തും. ചെന്നിത്തല ആ ഫയൽ തുറന്ന് ഒപ്പിടാൻ നോക്കുമ്പോൾ മനസ്സിൽ എന്തൊക്കെ വരും? സജി ചെറിയാനും കോമ്പ്രമൈസ് ഉണ്ടാക്കുന്നതിൽ മിടുക്കനാണ് .
കടലാസ്: മനസ്സിൽ എന്തുവരാൻ, സ്വന്തം ഭൂതകാലം തെളിഞ്ഞു വരും! പണ്ട് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ ആഭ്യന്തര കസേരയിലിരുന്നത് ആരായിരുന്നു? അന്ന് തിരുവഞ്ചൂരും ചെന്നിത്തലയും സി.ബി.ഐ അന്വേഷണം പാർട്ടി നേതാക്കളിലേക്ക് എത്താതിരിക്കാൻ എടുത്ത 'വിശാല മനസ്സ്' ഓർമ്മയില്ലേ? ആ കേസ് അന്ന് ശരിക്കും ചികഞ്ഞിരുന്നെങ്കിൽ പിണറായി പത്തു കൊല്ലം ഭരിക്കുമായിരുന്നോ? ചെന്നിത്തലയ്ക്ക് അന്നേ മുഖ്യമന്ത്രി ആകാമായിരുന്നില്ലേ? അവിടെ തുടങ്ങി വെച്ച അഡ്ജസ്റ്റ്മെന്റാണ് ഇതൊക്കെ.
കന്നാസ്: ശരിയാ... അന്ന് കൊടുത്ത ആ 'ലൈഫ്' ആണ് ഇന്നും തിരിഞ്ഞു കൊത്തുന്നത്. എന്നിട്ടോ, ആ ലാവലിൻ കേസിന്റെ കാര്യമോ?
കടലാസ്: അത് ചോദിക്കാൻ നാണമില്ലേ കന്നാസേ! യു.ഡി.എഫ് മാറി മാറി ഭരിച്ചിട്ടും, പിന്നീട് കേന്ദ്രത്തിൽ ബി.ജെ.പി വന്നിട്ടും ലാവലിൻ കേസ് സുപ്രീം കോടതിയിൽ മുപ്പതിലധികം തവണ മാറ്റിവെപ്പിച്ചത് ഏത് മാന്ത്രിക ശക്തിയാണെന്നാ നിന്റെ വിചാരം? ഡൽഹിയിലും തിരുവനന്തപുരത്തും ഒരേസമയം ഓടുന്ന അദൃശ്യമായ കേബിൾ കണക്ഷൻ ഉണ്ടവിടെ.
കന്നാസ്: അങ്ങോട്ട് മാത്രമല്ലല്ലോ, ഇങ്ങോട്ടും ഉണ്ടല്ലോ ഉപകാരങ്ങൾ. ഉമ്മൻ ചാണ്ടിയെ സോളാറിൽ ഇട്ട് വലിച്ച് കീറി എകെജി സെന്ററിൽ കൊണ്ടുപോയി തല്ലുമെന്ന മട്ടിലല്ലേ ഇവർ ഭരണം പിടിച്ചത്? എന്നിട്ട് അധികാരത്തിൽ വന്നപ്പോൾ ക്രൈംബ്രാഞ്ചും സി.ബി.ഐയും വന്ന് ഒടുവിൽ എന്ത് റിപ്പോർട്ട് കൊടുത്തു? ക്ലീൻ ചിറ്റ്!
കടലാസ്: പിന്നല്ലാതെ! ബാർ കോഴക്കേസിൽ കെ.എം. മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാതെ നിയമസഭ തല്ലിപ്പൊളിച്ച വിപ്ലവകാരികൾ, പിന്നീട് അതേ മാണിയുടെ മകനെ കെട്ടിപ്പിടിച്ച് "മാണി സാർ വിശുദ്ധനായിരുന്നു" എന്ന് പറഞ്ഞ് മുന്നണിയിൽ കയറ്റിയില്ലേ? അതാണെടാ അസ്സൽ കോംപ്രമൈസ്!
കന്നാസ്: കടലാസേ, ഇതിനിടയിൽ വേറൊരു ചരടുവലികൂടി നടക്കുന്നുണ്ട്. സജി ചെറിയാനും ചെന്നിത്തലയും തമ്മിലുള്ള ആ ആലപ്പുഴ കണക്ഷൻ മറക്കരുത്! രണ്ടും ഒരേ മണ്ണിൽ നിന്നുള്ള കൊമ്പന്മാർ. തമ്മിൽ നല്ല അന്തർധാരയും സ്നേഹബന്ധവുമാണ്.
കടലാസ്: (മേശപ്പുറത്ത് കൈവെച്ചു ചിരിച്ചു)
അയ്യോ, അതങ്ങ് മറന്നുപോയി! സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗവും ഭരണഘടനാ വിവാദവും കസേര തെറിച്ചതുമൊക്കെ നാടറിഞ്ഞതല്ലേ? എന്നിട്ട് ആ കേസും കാര്യങ്ങളും എവിടെപ്പോയി? കോടതിയിലും അന്വേഷണത്തിലും ആഞ്ഞുവെട്ടാതെ ആലപ്പുഴയിലെ ആ 'ലോക്കൽ സൗഹൃദം' എങ്ങനെ തുണച്ചെന്ന് ചോദിച്ചാൽ കുട്ടനാട്ടിലെ താറാവിനു പോലും അറിയാം! കടകംപള്ളിയും കുഞ്ഞാലിക്കുട്ടിയും മാത്രമല്ല, അപ്പുറത്ത് സജി ചെറിയാൻ അടക്കമുള്ള വൻ സൗഹൃദവലയം തന്നെയുണ്ട് ചെന്നിത്തലയുടെ പിന്നാമ്പുറത്ത്.
കന്നാസ്: പക്ഷേ കടലാസേ, നീ ഒരു കാര്യം മറന്നു! ചെന്നിത്തല പൂമുഖത്തിരുന്ന് ആലോചിച്ചാലും, കടകംപള്ളിയും സജിയും കുഞ്ഞാലിയും ചേർന്ന് പാലമിട്ടാലും... കാര്യങ്ങൾ അവിടെ തീരുമോ? ഇതിലൊക്കെ അവസാന വാക്ക് പറയാൻ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുന്നത് വി.ഡി. സതീശനല്ലേ!
കടലാസ്: (കട്ടൻചായ ഗ്ലാസ് താഴെ വെച്ച് കൗതുകത്തോടെ നോക്കുന്നു)
ആഹാ, കന്നാസേ നീ കറക്റ്റ് പോയിന്റിലേക്കാണല്ലോ വന്നത്! അവിടെയാണ് ഇനി യഥാർത്ഥ ട്വിസ്റ്റ്. ചെന്നിത്തല പഴയ 'ഐ' ഗ്രൂപ്പ് ശൈലിയിൽ ഒതുക്കിത്തീർക്കാൻ നോക്കിയാലും, സതീശൻ വിടുമോ? "നോ കോംപ്രമൈസ്" എന്ന് പ്രഖ്യാപിക്കാൻ സതീശന് ഒരു നിമിഷം മതി. പഴയ പാരമ്പര്യ ഗ്രൂപ്പ് സമവാക്യങ്ങളെ കാറ്റിൽ പറത്തി സ്വന്തം ലൈനിൽ പോകുന്ന ആളാണ് വി.ഡി.
കന്നാസ്: അതല്ലേ ഞാനും പറഞ്ഞത്! പിണറായിക്ക് പാര വെക്കാനും ചെന്നിത്തലയുടെ പഴയ സമവാക്യങ്ങളെ പൊളിച്ചടുക്കാനും സതീശന് കിട്ടുന്ന സുവർണ്ണാവസരമല്ലേ ഇത്? സതീശൻ കടുംപിടുത്തം പിടിച്ചാൽ കുഞ്ഞാലിക്കുട്ടിയുടെ പാലവും സജി ചെറിയാന്റെ ആലപ്പുഴ സൗഹൃദവുമൊക്കെ എവിടെപ്പോകും?
കടലാസ്: (താടിക്ക് കയ്യും കൊടുത്ത് ചിരിക്കുന്നു)
അതാണ് കളി! ചെന്നിത്തല ഫയൽ തുറന്ന് എന്ത് ചെയ്യണമെന്ന് ആലോചിക്കുമ്പോൾ, സതീശൻ നേരെ നോക്കുന്നത് ഹൈക്കമാൻഡിലേക്കും നാളത്തെ മുഖ്യമന്ത്രി കസേരയിലേക്കുമാണ്. ചെന്നിത്തല അയഞ്ഞാൽ, "കണ്ടോ ഒത്തുതീർപ്പ് രാഷ്ട്രീയം" എന്ന് പറഞ്ഞ് സതീശൻ അത് വെട്ടിനിരത്തും. ഒടുവിൽ കടകംപള്ളിയും സജി ചെറിയാനും വെച്ച ബാരിക്കേഡുകൾ പൊളിച്ച് സതീശന്റെ ഒരൊറ്റ വാർത്താസമ്മേളനം മതിയാകും എല്ലാം കീഴ്മേൽ മറിയാൻ!
കന്നാസ്: ചുരുക്കം പറഞ്ഞാൽ... ആര് ചരടുവലിച്ചാലും, എവിടെയൊക്കെ കോംപ്രമൈസ് ഉണ്ടാക്കിയാലും, ഫൈനൽ വിസിൽ അടിക്കുന്നത് വി.ഡി. സതീശൻ തന്നെയായിരിക്കും!
കടലാസ്: അതെടാ, അതാണ് പുതിയ കോൺഗ്രസ്! ചെന്നിത്തലയുടെ പഴയ കണക്കുപുസ്തകത്തിൽ സതീശൻ ചുവന്ന മഷി കൊണ്ട് വരച്ചാൽ പിന്നെ പിണറായിയും പെടും, ഒത്തുതീർപ്പുകാരും പെടും! അണ്ണാ, സതീശന്റെ ആ ഫൈനൽ വിസിലിന് മുന്നോടിയായി ഞങ്ങൾക്ക് ഓരോ കട്ടനും കൂടെ എടുക്ക്!
രാധ മണമ്മൽ : കന്നാസും കടലാസും





