ലഹരി പൂക്കുന്ന ഡിജെ രാവുകൾ:

കേരളത്തെ വിഴുങ്ങുന്ന ലഹരി മാഫിയയുടെ കാണാപ്പുറങ്ങളും പെൺകെണികളും
കേരളത്തിന്റെ സാംസ്കാരിക-വാണിജ്യ തലസ്ഥാനമായ കൊച്ചി ഇന്ന് അന്താരാഷ്ട്ര ലഹരി മാഫിയകളുടെ പ്രധാന താവളമായി മാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പുതുതലമുറയെയും ഉന്നതരെയും ഒരുപോലെ ലക്ഷ്യമിട്ട് നടക്കുന്ന ഡിജെ പാർട്ടികൾ വെറുമൊരു വിനോദോപാധിയല്ല, മറിച്ച് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടത്തിനും അനാശാസ്യ പ്രവർത്തനങ്ങൾക്കും ബ്ലാക്ക് മെയിലിംഗിനുമുള്ള മറയാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
കേരള പോലീസും നാർകോട്ടിക് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന ലഹരിവിരുദ്ധ പോരാട്ടത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, കേരളത്തെ കാർന്നുതിന്നുന്ന ഈ അധോലോകത്തിന്റെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ് ഈ ലേഖനം.
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ കപ്പിൾസ് പാർട്ടിയും ബ്ലാക്ക്മെയിലിംഗും
കൊച്ചിയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഇരുപതിനായിരം രൂപ വരെ പ്രവേശന ഫീസ് ഈടാക്കിയാണ് അതിരഹസ്യമായി 'കപ്പിൾസ് പാർട്ടികൾ' സംഘടിപ്പിക്കുന്നത്. സാധാരണക്കാർക്ക് സ്വപ്നം കാണാൻ കഴിയാത്ത തുക നൽകി ഈ പാർട്ടികളിൽ എത്തുന്ന ദമ്പതികളെയും യുവാക്കളെയും കാത്തിരിക്കുന്നത് വൻ കെണികളാണ്. ഇത്തരം പാർട്ടികളിൽ എത്തുന്നവർക്ക് അറിയാതെ മയക്കുമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകുകയും, തുടർന്ന് അവരുടെ ബോധമില്ലാത്ത അവസ്ഥ മുതലെടുത്ത് സ്വകാര്യ ദൃശ്യങ്ങൾ ക്യാമറകളിൽ പകർത്തുകയും ചെയ്യുന്നു.
പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ലക്ഷക്കണക്കിന് രൂപ ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയെടുക്കുന്ന സംഘങ്ങൾ കൊച്ചിയിൽ സജീവമാണ്. മാനഹാനി ഭയന്ന് പല ഉന്നതരും ഇരകളാക്കപ്പെട്ടിട്ടും പോലീസിൽ പരാതി നൽകാൻ തയ്യാറാകുന്നില്ല എന്നത് ഈ മാഫിയയ്ക്ക് കൂടുതൽ വളമാകുന്നു.
കുസാറ്റ് പരിസരത്തെ ബംഗ്ലാവും ശനിയാഴ്ച കൂട്ടായ്മകളും
കൊച്ചിയിലെ ലഹരി ഇടപാടുകൾ ഫ്ലാറ്റുകളിൽ മാത്രം ഒതുങ്ങുന്നില്ല. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയ്ക്ക് അടുത്തായുള്ള ഒരു പഴയ ബംഗ്ലാവ് കേന്ദ്രീകരിച്ച് എല്ലാ ശനിയാഴ്ചകളിലും ഒരു പ്രത്യേക ഉന്നതതല ഗ്രൂപ്പ് ആളുകൾ ഒത്തുകൂടാറുണ്ടായിരുന്നു. ഒരു മുഴുവൻ രാത്രിയും പകലും നീണ്ടുനിൽക്കുന്ന ഈ പാർട്ടികളിലെ പ്രധാന ആകർഷണം മാരകമായ മയക്കുമരുന്നുകളും പെൺകെണികളും മാത്രമായിരുന്നു. സമൂഹത്തിലെ ഏറ്റവും ഉന്നതരും സ്വാധീനശക്തിയുള്ളവരുമാണ് ഈ രഹസ്യ താവളത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
മലബാറിലേക്ക് പടരുന്ന ലഹരിവേരുകൾ
കൊച്ചിയിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ഈ മാഫിയ ഇപ്പോൾ മലബാർ മേഖലയിലും ശക്തമായി പിടിമുറുക്കിക്കഴിഞ്ഞു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, തിരൂർ, എടപ്പാൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വലിയൊരു ലഹരി ശൃംഖലയാണ് നിലവിൽ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഈ മേഖലകളിൽ ദിവസേന നടക്കുന്നത്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: മാഫിയ ഭരിക്കുന്നത് ഒരു സ്ത്രീ! അന്തർസംസ്ഥാന ബന്ധങ്ങളുള്ള കേരളത്തിലെ ഈ വൻകിട മയക്കുമരുന്ന് മാഫിയയുടെ തലപ്പത്തിരുന്ന് ഇതിനെയെല്ലാം നിയന്ത്രിക്കുന്നത് ഒരു സ്ത്രീയാണെന്ന അതീവ ഗുരുതരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. കോടികളുടെ കള്ളപ്പണവും ലഹരിമരുന്നും അതിർത്തി കടത്തി കേരളത്തിലെത്തിക്കുന്നതിൽ ഈ ലഹരി രാജ്ഞിക്ക് നിർണ്ണായക പങ്കുണ്ട്.
വിഴുങ്ങുന്ന കൊലപാതക രാഷ്ട്രീയവും വിപുലമായ സ്വാധീനവും
കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരുടെയും, സിനിമാ-വ്യാവസായിക രംഗത്തെ പ്രമാണികളുടെയും മക്കൾ ഇന്ന് ഈ ലഹരി മാഫിയയുടെ തടവറയിലാണ്. സമ്പന്നരായ ഈ പിള്ളേരെ ആദ്യം ലഹരിക്ക് അടിമകളാക്കുകയും, പിന്നീട് അവരെ ഉപയോഗിച്ച് കേസുകൾ ഒതുക്കിത്തീർക്കുകയുമാണ് ഇവരുടെ രീതി. അതുകൊണ്ടുതന്നെയാണ് വൻകിട മയക്കുമരുന്ന് കേസുകൾ പിടിക്കപ്പെടുമ്പോൾ പോലും അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടിപ്പോകുന്നത്.
ഇതൊരു വെറും ലഹരി കച്ചവടം മാത്രമല്ല, മറിച്ച് ചോരയിറ്റുന്ന ക്രിമിനൽ സംഘമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നടന്ന കൊലപാതകങ്ങൾ. വടക്കേക്കാട്, വയനാട്, പറവൂർ, വെഞ്ഞാറമ്മൂട് എന്നിവിടങ്ങളിൽ നടന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഈ മയക്കുമരുന്ന് മാഫിയയുടെ കുടിപ്പകയും ലഹരി സ്വാധീനവുമായിരുന്നു.
പുതിയ അവതാരങ്ങളിലെ ഭരണചക്ര നിയന്ത്രണം
ലഹരി ലോബിയുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ രാഷ്ട്രീയ കൂടുമാറ്റങ്ങൾ. ഇപ്പോൾ ഭരണം മാറിയ സാഹചര്യത്തിൽ, ഈ പഴയ മയക്കുമരുന്ന് ലോബിക്കാർ പുതിയ ഭാവത്തിലും പുതിയ അവതാരത്തിലും ഭരണകൂടത്തിന്റെ ചക്രങ്ങൾ തിരിക്കുവാൻ അന്തർനാടകങ്ങളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഏത് ഭരണം വന്നാലും തങ്ങളുടെ ലഹരി സാമ്രാജ്യത്തിന് കോട്ടം തട്ടാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വിലയ്ക്കെടുക്കാനുള്ള തന്ത്രങ്ങളാണ് ഇവർ പയറ്റുന്നത്.
നമ്പർ 18 ഹോട്ടൽ കേസും മിസ് കേരളമാരുടെ ദുരൂഹ മരണവും
കൊച്ചിയിലെ ഡിജെ പാർട്ടികളുടെയും മയക്കുമരുന്ന് വ്യാപാരത്തിന്റെയും ഏറ്റവും ദാരുണമായ മുഖമായിരുന്നു മുൻ മിസ് കേരളയും റണ്ണറപ്പും സുഹൃത്തുക്കളും വാഹനാപകടത്തിൽ മരിച്ച സംഭവം. ഇവർ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടലിലെ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ ദുരൂഹമായ സാഹചര്യത്തിലാണ് നശിപ്പിക്കപ്പെട്ടത്. അപകടം നടന്നയുടൻ തന്നെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് മാഫിയാ സംഘം കടത്തുകയോ നശിപ്പിക്കുകയോ ചെയ്തു.
ഈ ഹാർഡ് ഡിസ്ക് കണ്ടെത്താൻ പോലീസ് നിരവധി റെയ്ഡുകൾ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കോവിഡ് കാലത്തെ കടുത്ത നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്ത് പോലും കൊച്ചിയിലെ വൻകിട ഹോട്ടലുകളിൽ ഇത്തരം പാർട്ടികൾ പലതവണ തകൃതിയായി നടന്നു. അധികൃതർ ബോധപൂർവ്വം കണ്ണടച്ചതിന്റെ ഫലമായി ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് കൊച്ചിയിലേക്ക് ഒഴുക്കിയത്.
മലയോര-കായൽ മേഖലകളിലെ പുതിയ താവളങ്ങൾ
കൊച്ചി നഗരത്തിൽ പോലീസിന്റെ നിരീക്ഷണം ശക്തമായതോടെ ലഹരി മാഫിയ തങ്ങളുടെ പ്രവർത്തന ശൈലി മാറ്റിയിരിക്കുകയാണ്. നഗരത്തിലെ ഹോട്ടലുകളിൽ നിന്നും മാറി ഇപ്പോൾ ആഡംബര ഉല്ലാസ നൗകകളിലെ പാർട്ടികളും, ഉൾക്കടലിലെയും കായലുകളിലെയും ചെറു ദ്വീപുകൾ കേന്ദ്രീകരിച്ചുള്ള റിസോർട്ട് പാർട്ടികളുമാണ് ഇവരുടെ പുതിയ രീതി.
മാത്രമല്ല, പോലീസിന്റെ കണ്ണ് വെട്ടിക്കാൻ കൊച്ചി വിട്ട് കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, മൂന്നാർ, വയനാട് എന്നിവിടങ്ങളിലെ രഹസ്യ റിസോർട്ടുകളിലേക്കും, ആലപ്പുഴയിലെ കെട്ടുവള്ളങ്ങളിലേക്കും ഈ ലഹരി മാർട്ടികൾ വ്യാപിച്ചുകഴിഞ്ഞു.
പനമ്പിള്ളി നഗറിലെ വില്ലയും സിനിമാ മാഫിയയുടെ കവചവും
കൊച്ചി പനമ്പിള്ളി റോഡിലുള്ള ഹൗസിങ് ബോർഡിന്റെ പിൻവശത്തുള്ള ഒരു ആഡംബര വില്ല കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി ഇടപാടുകൾ നടക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും മുന്തിയ തരം ആഡംബര കാറുകളിലാണ് ആളുകൾ ഇവിടെ ഒത്തുകൂടുന്നത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടിയുടെ സഹോദരൻ നടത്തിവന്നിരുന്ന മയക്കുമരുന്ന് പാർട്ടിയുടെ പ്രധാന കേന്ദ്രമായിരുന്നു ഈ വില്ല.
സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും കൊച്ചിയിലെ മാഫിയയെക്കുറിച്ചും ഒരു മികച്ച ലഹരിവിരുദ്ധ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രശസ്ത സംവിധായകൻ സച്ചി. എന്നാൽ അദ്ദേഹത്തിന്റെ അകാല മരണം ഈ നീക്കങ്ങൾക്ക് തടസ്സമായി. സിനിമാ മേഖലയിലെ പല പ്രമുഖരും ഇത്തരം ലഹരി ഇടപാടുകളിൽ നേരിട്ട് പങ്കാളികളാണ്. ഇവർ ഭരണകക്ഷികളുടെ സഹയാത്രികരായി സ്വയം ചമഞ്ഞ്, രാഷ്ട്രീയ സ്വാധീനത്തെ തങ്ങളുടെ ലഹരി ബിസിനസിന് സംരക്ഷണ കവചമാക്കുകയാണ് ചെയ്യുന്നത്.
ഇൻഫ്ലുവൻസർമാരുടെ ട്രിപ്പുകളും പ്രവാസി വ്യവസായികളെ ലക്ഷ്യമിട്ടുള്ള ഹണി ട്രാപ്പും
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വഴി പുതിയൊരു ലഹരി ശൃംഖല തന്നെ രൂപപ്പെട്ടിട്ടുണ്ട്. സുന്ദരികളായ പണക്കാരായ വീട്ടമ്മമാരെയും കോളേജ് വിദ്യാർത്ഥിനികളെയും ആകർഷിച്ച് ഇവർ ഗോവ, കശ്മീർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആഡംബര റിസോർട്ടുകൾ കേന്ദ്രീകരിച്ച് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു. ഈ യാത്രകളുടെ യഥാർത്ഥ ലക്ഷ്യം റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വ്യാപനമാണ്.
ഇതിനേക്കാൾ ഭീതിജനകമായത്, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നും മലയാള സിനിമയിൽ പണം നിക്ഷേപിക്കാൻ താല്പര്യപ്പെട്ട് വരുന്ന യുവ പ്രവാസി വ്യവസായികളെ ലക്ഷ്യമിട്ട് നടക്കുന്ന കെണികളാണ്. ഇവർക്ക് പെണ്ണും മദ്യവും മയക്കുമരുന്നും നൽകി പാർട്ടികളിൽ പങ്കെടുപ്പിക്കുകയും, തുടർന്ന് ഹണി ട്രാപ്പിൽ കുടുക്കി കോടികൾ തട്ടിയെടുക്കുകയും ചെയ്യുന്നു.
ദുബായിലും നാട്ടിലുമുള്ള ഇരുപതോളം പ്രമുഖരെ ഇത്തരത്തിൽ കുടുക്കാൻ വലിയൊരു പദ്ധതി തന്നെ ഈ സംഘം തയ്യാറാക്കിയിരുന്നു. ഉന്നത രാഷ്ട്രീയ-പോലീസ് ബന്ധങ്ങൾ ഉപയോഗിച്ച് ഖത്തറിലെ ഒരു പ്രമുഖ വ്യവസായിയെ ഇവർ കുടുക്കാൻ ശ്രമിച്ചുവെങ്കിലും, വിവേകപൂർവ്വമായ പോലീസ് ഇടപെടൽ കാരണം പ്രതികൾ വലയിലാവുകയായിരുന്നു.
ഫ്ലാറ്റുകളിലെ മാരക ലഹരി കൂട്ടായ്മകളും ഗ്രൂപ്പ് സെക്സും
ബെംഗളൂരു - കൊച്ചി കേന്ദ്രീകരിച്ച് വളരെ ആസൂത്രിതമായ മറ്റൊരു ലഹരി-ലൈംഗിക സംസ്കാരം വളർന്നുവരുന്നുണ്ട്. ആണും പെണ്ണും ചേർന്നുള്ള മയക്കുമരുന്ന് കളികളാണ് ഇന്നത്തെ തലമുറയിലെ മറ്റൊരു മാരകമായ ട്രെൻഡ്. ഒരേ അപ്പാർട്ട്മെന്റിൽ നാലും അഞ്ചും ആണും പെണ്ണും ഒത്തുകൂടി, മാരക ലഹരിവസ്തുക്കൾ ഉപയോഗിച്ച് പരസ്പര ലൈംഗിക ബന്ധങ്ങളിൽ (ഗ്രൂപ്പ് സെക്സ്) ഏർപ്പെടുന്ന ക്രൂരമായ രീതി ഏറെ നാളായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നു.
ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഇത്തരം പാർട്ടികൾ നടത്തുന്ന സംഘങ്ങൾ പ്രധാനമായും വലയിലാക്കുന്നത് ഗൾഫ് രാജ്യങ്ങളിലും, അമേരിക്കയിലും, ലണ്ടനിലും ഒക്കെ മാതാപിതാക്കളുള്ള, നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന സമ്പന്നരായ വിദ്യാർത്ഥികളെയാണ്. മാതാപിതാക്കളുടെ മേൽനോട്ടമില്ലായ്മയും പണക്കൊഴുപ്പും മുതലെടുത്ത് ഈ കുട്ടികളെ ലഹരി നൽകി ഇവർ തങ്ങളുടെ കെണിയിൽ വീഴ്ത്തുന്നു.
ലഹരിവിരുദ്ധ ക്യാമ്പയിൻ ജാഗ്രതാ നിർദ്ദേശം: കഞ്ചാവ് സുരക്ഷിതമാണെന്ന തെറ്റായ പ്രചാരണം തിരിച്ചറിയുക!
ലഹരി മാഫിയകൾ ഇന്ന് യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കുന്ന ഏറ്റവും വലിയൊരു കള്ളത്തരമാണ് "കഞ്ചാവ് ഒരു ഹെർബൽ ഉൽപ്പന്നമാണെന്നും അത് വലിയ അപകടകാരിയല്ല" എന്നത്. മാരക രാസലഹരി ഉൽപ്പന്നങ്ങൾ തലച്ചോറിനെ കാർന്നുതിന്നുന്നു എന്നത് നൂറു ശതമാനം ശരിയാണെങ്കിലും, കഞ്ചാവ് അപകടകാരിയല്ല എന്ന വാദം ശുദ്ധവിവരക്കേടാണ്. കഞ്ചാവിനെ നമ്മുടെ നാട്ടിൽ കള്ള് പോലെ ജനകീയമാക്കിയാൽ രാസലഹരികളിൽ നിന്ന് ചെറുപ്പക്കാരെ മാറ്റാം എന്ന ചിന്ത തികച്ചും തെറ്റായ പാതയിലേക്കാണ് നയിക്കുക.
കഞ്ചാവിന്റെ പതിവായ ഉപയോഗം കഠിനമായ മാനസികരോഗങ്ങളിലേക്കും, വിഷാദരോഗത്തിലേക്കും, തുടർന്ന് മാരകമായ രാസലഹരികളിലേക്ക് എളുപ്പത്തിൽ എത്തിക്കാനുള്ള ഒരു വഴിവിളക്കായും പ്രവർത്തിക്കുന്നു. പ്രകൃതിദത്തമെന്ന വ്യാജേന എത്തുന്ന എല്ലാ ലഹരികളും ഒരുപോലെ വിനാശകരമാണ്.
ലഹരിക്കെതിരെ ഒന്നിച്ച് പോരാടാം! 'ഓപ്പറേഷൻ തൂഫാൻ' വിജയിപ്പിക്കുക
ലഹരി മാഫിയകളെക്കുറിച്ചും, റിസോർട്ടുകളിലെയും ഫ്ലാറ്റുകളിലെയും സംശയാസ്പദമായ കൂട്ടായ്മകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉടനടി പോലീസിനെ അറിയിക്കൂ, നമ്മുടെ കേരളത്തെയും യുവതലമുറയെയും രക്ഷിക്കൂ!
(ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ജനജാഗ്രതാ ക്യാമ്പയിൻ പ്രത്യേക അന്വേഷണാത്മക ലേഖനം)
വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ :







