സ്ഥലം: ഒരു പുതിയ സിനിമയുടെ ലൊക്കേഷനിലെ കാരവൻ

കഥാപാത്രങ്ങൾ: കന്നാസും കടലാസും
സന്ദർഭം: കാരവനിലെ എസിയുടെ തണുപ്പിലിരുന്ന് ഗ്ലാസ് കപ്പിലെ കട്ടൻചായ ഊതിക്കുടിക്കുകയാണ് രണ്ടുപേരും.
കന്നാസ്: (ചായയുടെ ആവി കണ്ണടയിലേക്ക് അടിച്ച് കയറിയപ്പോൾ കണ്ണട ഊരി തുടച്ചുകൊണ്ട്) കടലാസേ... ഇന്ന് സെപ്റ്റംബർ ഏഴാണ്. നമ്മുടെ മെഗാസ്റ്റാർ മമ്മൂക്കയുടെ പിറന്നാൾ! സോഷ്യൽ മീഡിയ മുഴുവൻ അദ്ദേഹത്തിന്റെ പുതിയ ലുക്കുകളുടെ കുത്തൊഴുക്കാണ്. ഇങ്ങേർക്ക് പ്രായം പിന്നോട്ടാണോ ഓടുന്നത്?
കടലാസ്: (കാരവനിലെ വലിയ കണ്ണാടിയിൽ സ്വന്തം മുഖമൊന്ന് നോക്കി, നരച്ച താടിയിൽ തടവി) കന്നാസേ, ആ ചോദ്യം കേട്ട് കേട്ട് പത്രക്കാർക്ക് പോലും മടുത്തു കാണും. പ്രായം പിന്നോട്ട് പോകുന്നതല്ല, പ്രായത്തെ അദ്ദേഹം കൊണ്ടുനടക്കുന്ന രീതിയാണ് അമ്പരപ്പിക്കുന്നത്. ആ ഡ്രസ്സിംഗ് സ്റ്റൈൽ നോക്കിക്കേ! പച്ചയും മഞ്ഞയും നിയോൺ കളർ ടീഷർട്ടുകൾ തൊട്ട് ആക്രിപ്റ്റ് കുർത്ത വരെ, ഇരുപത്തഞ്ചുകാരൻ പിള്ളേർ തോറ്റുപോകുന്ന ലുക്കല്ലേ. ആറ്റിറ്റ്യൂഡാണ് കന്നാസേ ഡ്രസ്സിന്റെ ഹൈലൈറ്റ്!
കന്നാസ്: അത് ശരിയാണ്. സിനിമയിൽ പണ്ട് ചമ്പക്കുളം തച്ചനിലും വടക്കൻ വീരഗാഥയിലും അമരത്തിലുമൊക്കെ നമ്മൾ കണ്ട ആ പരുക്കൻ ഭാവത്തിൽ നിന്നാണ് ഇന്നത്തെ ക്രിസ്റ്റഫറിലും ഭ്രമയുഗത്തിലും കാതലിലുമൊക്കെ നിൽക്കുന്ന ഫാഷൻ ഐക്കണിലേക്കുള്ള മാറ്റം. ശരീരഭംഗി, ആഹാരത്തിലെ ചിട്ട, ഉറക്കം... മമ്മൂക്ക സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നത് നമുക്ക് അത്ഭുതമില്ല. അതൊരു നടന്റെ ഇൻവെസ്റ്റ്‌മെന്റാണ്. പക്ഷെ... എനിക്ക് അതിലും വലിയൊരു അത്ഭുതം തോന്നുന്നത് മറ്റൊന്നിലാണ്.
കടലാസ്: അതെന്താ കന്നാസേ, ഇത്ര വലിയ അത്ഭുതം?
കന്നാസ്: മമ്മൂക്കയുടെ ഒപ്പം നിൽക്കുന്ന സുൽഫത്ത് ഇത്താത്തയെ നീ കണ്ടിട്ടുണ്ടോ? എന്തൊരു ഗ്രേസാണ് അവർക്ക്! മമ്മൂക്ക സ്ക്രീനിലും സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുമ്പോൾ, അതിനൊപ്പം ഒട്ടും കുറയാതെ, ലളിതവും എന്നാൽ അതീവ അന്തസ്സുള്ളതുമായ വസ്ത്രധാരണത്തിലൂടെ സുൽഫത്ത് ബീവിയും ആ സൗന്ദര്യബോധം ഒപ്പം കൊണ്ടുനടക്കുന്നുണ്ട്. വലിയ ആർഭാടങ്ങളൊന്നുമില്ലാത്ത, എന്നാൽ ഒരു റോയൽ എലഗൻസ്!
കടലാസ്: വളരെ ശരിയായ നിരീക്ഷണമാണ് കന്നാസേ അത്. ഭർത്താവ് ക്യാമറയ്ക്ക് മുന്നിലെ അതികായനാണെങ്കിൽ, അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും ചിട്ടയോടെ കൊണ്ടുപോകുന്നതിനൊപ്പം സ്വന്തം വ്യക്തിത്വവും ചാരുതയും കാത്തുസൂക്ഷിക്കാൻ ഒരു വീട്ടമ്മയ്ക്ക് സാധിക്കുന്നത് ചില്ലറ കാര്യമല്ല. മമ്മൂക്കയുടെ ഈ ഫിറ്റ്നസിന് പിന്നിലെ പ്രധാന 'ഡയറ്റ് മാസ്റ്ററും' അവർ തന്നെയല്ലേ. ചക്കരയുമ്മയും മമ്മൂക്കയും ഒന്നിച്ചുള്ള ചിത്രങ്ങൾ കാണുമ്പോൾ പ്രായം തോൽക്കുന്നത് ഈ ദമ്പതികൾക്ക് മുന്നിലാണ് എന്ന് തോന്നിപ്പോകും.
കന്നാസ്: തീർച്ചയായും! പിന്നെ ഈ പുറംമോടിയുടെ തിളക്കം മാത്രമല്ല മമ്മൂക്ക. പലർക്കും അറിയാത്ത എത്രയോ സഹായങ്ങൾ... കെയർ & ഷെയർ ഇന്റർനാഷണൽ വഴി ചെയ്യുന്ന ഹൃദയശസ്ത്രക്രിയകൾ, പാവപ്പെട്ട കുട്ടികളുടെ പഠനം, പെയിൻ ആൻഡ് പാലിയേറ്റീവ് സംരംഭങ്ങൾ... ആരും അറിയാതെ അദ്ദേഹം വെച്ചുനീട്ടുന്ന ആ വലിയ കൈകളുണ്ടല്ലോ, അതാണ് ശരിക്കുമുള്ള സൗന്ദര്യം.
കടലാസ്: അതെ, അഭിനയത്തിൽ മൂന്ന് ദേശീയ അവാർഡുകൾ—മതിലുകളും ഒരു വടക്കൻ വീരഗാഥയും പൊന്തൻമാടയും അംബേദ്കറുമൊക്കെ ഇന്ത്യ മുഴുവൻ കയ്യടിച്ച് വാങ്ങിയപ്പോഴും, എണ്ണം പറഞ്ഞ സംസ്ഥാന അവാർഡുകൾ ഷെൽഫിൽ കുമിഞ്ഞുകൂടിയപ്പോഴും, ഈ കഴിഞ്ഞ കാതലും റോഷാക്കും ഭ്രമയുഗവും വരെ അദ്ദേഹത്തിലെ നടനെ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. അവാർഡുകളേക്കാൾ അദ്ദേഹം ലക്ഷ്യമിടുന്നത് പുതിയ പരീക്ഷണങ്ങളെയാണ്.
കന്നാസ്: പുതിയ പരീക്ഷണങ്ങൾ എന്ന് പറയുമ്പോഴാണ്, ഇനി വരാനിരിക്കുന്ന ലൈനപ്പ് നീ നോക്കിക്കേ! പടച്ചോനേ, ആ ലിസ്റ്റ് കേട്ടാൽ തന്നെ സിനിമാപ്രേമികൾക്ക് രോമാഞ്ചം വരും. മോഹൻലാലിനൊപ്പം മഹേഷ് നാരായണൻ ഒന്നിക്കുന്ന ആ മെഗാ ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ആക്ഷൻ ചിത്രം 'പാട്രിയറ്റ്' (Patriot)!മലയാളത്തിലെ രണ്ട് ചക്രവർത്തിമാർ വർഷങ്ങൾക്ക് ശേഷം വീണ്ടും നേർക്കുനേർ വരുന്നു.
കടലാസ്: അത് മാത്രമല്ല കന്നാസേ, ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' (Dominic and the Ladies' Purse)! ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ മമ്മൂക്ക കൊണ്ടുവരാൻ പോകുന്ന ആ പുതിയ മാനത്തെക്കുറിച്ചാണ് ചർച്ച. പോരാത്തതിന് 'ഫാലിമി' ഒരുക്കിയ നിതീഷ് സഹദേവിന്റെ പുതിയ ചിത്രം, കൂടാതെ അടൂർ സാറിന്റെ സിനിമ... മമ്മൂട്ടി കമ്പനി ഓരോ പ്രോജക്റ്റും സെലക്ട് ചെയ്യുന്നത് കാണുമ്പോൾ പുതിയ തലമുറ ഡയറക്ടർമാർക്ക് പോലും പ്രചോദനമാണ്. പ്രായത്തിന്റെ അതിരുകളില്ലാതെ, വ്യത്യസ്ത ഴോണറുകളിലൂടെയുള്ള ഓട്ടം!
കന്നാസ്: (ചായക്കപ്പ് മേശപ്പുറത്ത് വെച്ച് ചിരിച്ചുകൊണ്ട്) കാര്യം എന്തൊക്കെ പറഞ്ഞാലും കടലാസേ, ഇന്നും ഓരോ പയ്യൻമാരും കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ ഓർക്കും: "വയസ്സായാൽ ഒന്ന് മമ്മൂക്കയെപ്പോലെ ആകണം!"
കടലാസ്: അത് വെറുതെ മോഹിച്ചാൽ പോരാ കന്നാസേ, അതിന് മമ്മൂക്കയുടെ അച്ചടക്കവും കഠിനാധ്വാനവും, ഒപ്പം നിൽക്കാൻ സുൽഫത്ത് ഇത്താത്തയെപ്പോലൊരു നല്ല മനസ്സും വേണം! വാ, ഡയറക്ടർ വിളിക്കുന്നു... അടുത്ത ഷോട്ടിന് സമയമായി!
മോഹൻ അപ്പ : കന്നാസും കടലാസും






