എ ഐ വിപ്ലവവും സോഷ്യൽ മീഡിയയിലെ പ്രവാചകന്മാരും

ഈ കഴിഞ്ഞ ഏപ്രിൽ ഒമ്പത് മുതൽ മെയ് നാലുവരെയുള്ള ദിന രാത്രങ്ങൾ മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വർഷം കടന്നുപോയ പ്രതീതിയാണ് . ഏവരും കൂട്ടലും കിഴിക്കലുമായി സമയം കളഞ്ഞപ്പോൾ അതിൽ ഏറ്റവുമധികം അദ്ധ്വാനിച്ചത് 'എ ഐ ' കമ്പനികളാണ് . പണ്ടൊക്കെ കോൺഗ്രസ്സിനുള്ളിലെ 'എ ഐ ' ഗ്രൂപ്പുകാർ ആയിരുന്നെങ്കിൽ ഇത്തവണ ചാറ്റ് ജിപിടിയും , ജെമിനിയും , ക്ലോഡും , ഡീപ് സീക്കും ഒക്കെയായിരുന്നു .

സോഷ്യൽ മീഡിയ അറിയാതെ എങ്ങാനും തുറന്നാൽ പ്രവാചകന്മാരുടെ സംസ്ഥാന സമ്മേളനമായിരുന്നു . ഫേസ്‌ബുക്കിൽ ഒക്കെ ഓരോരുത്തന്മാർ എഴുതി വിടുന്നത് കാണുമ്പൊൾ നാട്ടിൽ ആധാരമെഴുത്തുകാരുടെ പോലെ ഒരു മീറ്റർ നീളമുള്ള ലേഖനങ്ങൾ ആയിരുന്നു . എ ഐ എന്ന സൂത്രവിദ്യ ഇല്ലായിരുന്നുവെങ്കിൽ ഇത്രേം എഴുതി പിടിപ്പിക്കണമെങ്കിൽ ഒരു ഒന്നൊന്നര മാസത്തെ അദ്ധ്വാനം വേണ്ടി വന്നേനെ .

എക്സിറ്റ് പോളുകളും ചാനൽ ചർച്ചകളിലെ 'തള്ളുകളും'

റമദാൻ മാസത്തിലെ ആദ്യത്തെ നോമ്പ് തുറക്കാനുള്ള സമയം പോലെ ആറുമണികഴിഞ്ഞാൽ ഓരോരോ അഞ്ചു മിനിറ്റിനും ഒരു മണിക്കൂറിന്റെ ദൈർഘ്യം പോലെ തോന്നുന്ന അവസ്ഥയാണ് ഏപ്രിൽ 29 കഴിഞ്ഞുള്ള അഞ്ചുനാളുകൾ . ഭാഗ്യത്തിന് അപ്പോഴേക്കും എക്സിറ്റ് പോളുകാർ ലേശം പിശുക്കിയാണെങ്കിലും യുഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്ന് പറഞ്ഞപ്പോൾ ഗ്യാസ് പോയത് പണം വാങ്ങി സർവേകൾ ഉണ്ടാക്കി വൈകീട്ട് വന്നിരുന്നു തട്ടിവിട്ടിരുന്ന ചില ചാനലുകാരെയാണ് .

എക്സിറ്റ് പോളുകൾ വരുന്നത് വരെ അവർ പിണറായി 3 നായി പടവെട്ടിക്കൊണ്ടിരുന്നു . തോറ്റാലും വേണ്ടീല്ല കൊടുത്ത പണത്തിന് യുഡിഎഫ് കാരെ ഇടക്കൊക്കെ വെള്ളം കുടിപ്പിക്കാനായി എന്ന സന്തോഷത്തിലാണ് അവരൊക്കെ . അതിന്നിടക്ക് ഒരു കുടുക്കി കുത്ത് പ്രവചനവുമായി എൻ എസ് മാധവൻ എഴുന്നള്ളിയപ്പോൾ ആരും ഒന്നും പറഞ്ഞില്ല . നാലാം തിയതി അങ്ങേര് അക്കൗണ്ട് പൂട്ടിപ്പോകുന്നതായിരിക്കും ഉചിതം .

ബാർക്ക് റേറ്റിംഗും അതിജീവനത്തിനായുള്ള ചാനൽ തന്ത്രങ്ങളും

ചാനലുകാരെ സംബന്ധിച്ചിടത്തോളം അവർക്ക് അവരുടെ ബാർക്ക് റേറ്റിംഗ് നില നിർത്താനും വൈകീട്ടത്തെ കുര കേൾക്കാനും ആള് കൂടണമെങ്കിൽ ഈ വക തട്ടിപ്പുകൾ പറഞ്ഞേ പറ്റൂ . എപ്പോഴും ജനത്തെ മുൾ മുനകളിൽ നിർത്തണമെങ്കിൽ ഇതൊക്കെ ചെയ്തേ പറ്റൂ . പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ തന്നെ ബോധമുള്ള ചാനലുകാർക്കൊക്കെ കാര്യങ്ങൾ കൈവിട്ടു പോയി എന്ന് മനസ്സിലായിരുന്നു എന്നാലും ബിരിയാണി കൊടുത്താലോ എന്നായിരുന്നു അവരുടെയൊക്കെ ചിന്ത .

എന്തെങ്കിലും പൊട്ട ഭാഗ്യത്തിൽ വല്ല പ്രളയമോ , കോവിഡ് പോലത്തെ ദുരന്തങ്ങൾ വന്ന് പിണറായി ദുരന്തം മൂന്നാമതും വന്നാൽ ജീവിച്ചു പോകാൻ മാത്രമായുള്ള തത്രപ്പാടുകളായിരുന്നു ചാനലുകാരുടെത്. ചാനലുകാർ ഓരോന്ന് തട്ടിവിടുമ്പോഴും ഓരോരോ കോൺഗ്രസ്സുകാരനും പരസ്പരം ചോദിച്ചുകൊണ്ടിരുന്നു , പിണറായി തന്നെ വീണ്ടും വരുമോ എന്ന് . പക്ഷെ ലീഗുകാർ ഒരെണ്ണവും കുലുങ്ങിയിരുന്നില്ല . പിണറായി പന്തൽ പണിയാൻ ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസുകാർ വീണ്ടും കിടുങ്ങി .

ധർമ്മടത്തെ സംശയങ്ങളും സഹതാപ തരംഗവും

അതിന്നിടയിൽ ഏതൊക്കെ ചാനലുകാരും എക്സിറ്റ് പോളുകാരും പറയുന്നത് കേട്ടു . എൽഡിഎഫ് തകർന്നടിഞ്ഞാലും പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രിയായി കാണണമെന്ന് . സർവേക്ക് പോയവരെ ജനം ട്രോളിയതാണെന്ന് മനസ്സിലാക്കുവാനുള്ള സാമാന്യബോധം അവർക്കില്ലാതെ പോയല്ലോ ദൈവമേ . ''നീ ചെയ്തതൊക്കെ തെറ്റ് പക്ഷെ നീ തന്നെ ശരി '' എന്ന് പറഞ്ഞതുപോലെയായി കാര്യങ്ങൾ . അതിൽ കയറി പിടിച്ചിരിക്കുകയാണ് ഗോവിന്ദനും രാമകൃഷ്ണനും പോരാളി ഷാജിമാരും .

പിണറായി തന്നെ മുഖ്യമന്ത്രിയാകണം എന്ന എക്സിറ്റ് പോളുകാരുടെ തള്ളും ക്യാൻസർ അതിജീവനത്തെ കുറിച്ചുള്ള വാർത്തയും വായിച്ചപ്പോൾ ധർമ്മടത്ത് കാര്യങ്ങൾ സംശയകരമാണ് എന്ന് ആർക്കെങ്കിലും തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല . ഒരു സഹതാപ തരംഗം ആരൊക്കെയോ ചേർന്ന് സൃഷ്ടിക്കുന്നത് പോലെ തോന്നുന്നു .

കോൺഗ്രസ്സിലെ ആഭ്യന്തര ചർച്ചകളും കെസി വേണുഗോപാലും

അതൊന്നുമായിരുന്നില്ല നല്ല കോൺഗ്രസ്സുകാരെ ഏറ്റവും വേദനിപ്പിച്ചിരുന്നത് . ഒട്ടുമിക്ക കോൺഗ്രസ്സുകാരുടെയും കോൺഗ്രസ്സ് അനുഭാവികളുടെയും വേവലാതി കെസി വേണുഗോപാലിന്റെ ഞാണിന്മേൽ കളികൾ ആയിരുന്നു . ഒരുമാതിരി അലമ്പ് കളികളാണ് കുറെ പേർ സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ പത്രങ്ങൾ വഴിയും ചില ചാനലുകൾ വഴിയും കാണിച്ചുകൂട്ടിയിരുന്നതു് . ശത്രു ചാനലുകാർ പറയുന്നത് കുത്തിത്തിരുപ്പുകൾ ആണെന്ന് കരുതി ആശ്വസിക്കാം .

പക്ഷെ കുറെയധികം ഇടതു മാപ്രാക്കൾ അനാവശ്യമായി കെസി യെയും പൊക്കിപ്പിടിച്ചു വന്നപ്പോൾ യഥാർത്ഥത്തിൽ കോൺഗ്രസ്സുകാരിലും വിദേശ മലയാളികളിലും എല്ലാം അതൊരു വേദനയായി മാറിയിരുന്നു . എല്ലാവരും പരസ്പരം ചോദിച്ചു തുടങ്ങി ' എന്ത് കളിയാണ് ഇവന്മാർ കളിക്കുന്നത് ' എന്ന് . അതിന്നിടക്ക് വേറൊരു മഹാൻ ' കേരളയാത്ര ' എന്ന പേരിൽ ഒരു സാധനം ഇറക്കിവിട്ടു . അത് യാത്രയല്ല പോഡ്കാസ്റ്റ് ആണെന്ന് ജനത്തിനെ മനസ്സിലാക്കിക്കാൻ ഒരാഴ്ച വേണ്ടിവന്നു .

നൂറു സീറ്റുകളും ഇലക്ഷൻ കമ്മീഷനോടുള്ള നന്ദിയും

എന്തായാലും നൂറിന് മേലെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ ഈ വക സംശയങ്ങളോ കെട്ടിയിറക്കലുകളോ ഒന്നും ഉണ്ടാകാൻ സാധ്യത കാണുന്നില്ല . ജനം ആർക്കൊപ്പമാണ് എന്നതും മറിച്ച് സംഭവിച്ചാൽ കാര്യങ്ങൾ ഭംഗിയായിരിക്കില്ല എന്നതും ബോധ്യമാകുവാൻ ഈ ഒരു മാസം കൊണ്ട് ഉപകരിച്ചു . ശരിക്കും കോൺഗ്രസ്സുകാർ നന്ദി പറയേണ്ടത് ഇലക്ഷൻ കമ്മീഷണർക്കാണ് .

അവർ ഒരാഴ്ച മാത്രമേ സമയം തന്നിരുന്നുവെങ്കിൽ ഇവിടെ കോൺഗ്രസ്സുകാർ തെരുവിൽ അങ്കം വെട്ടി നശിപ്പിച്ചേനെ . ഇതിപ്പോൾ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചു വെച്ച എല്ലാവർക്കും കാര്യങ്ങൾ ബോധ്യമാകുവാൻ ഈ കാലയളവ് ഒരു പരിധിവരെ ഉപകരിച്ചു . ഇനിയിപ്പോൾ അവരവരുടെ ആളുകളെ മന്ത്രിമാരാക്കുവാനുള്ള തത്രപ്പാടുകൾ മാത്രം നമ്മൾ കണ്ടാൽ മതിയാകും .

May the 4th Be With You

നേതാക്കൾ ജനവിധി മാനിക്കണം എന്നേ പറയുവാനുള്ളൂ !!! അത് കെപിസിസി ആയാലും എഐസിസി ആയാലും !!!

ഇത്തവണ പണമിറക്കി കളിച്ചവർക്കുള്ള പണി മലയാളി കൊടുത്തു എന്നാശ്വസിച്ചുകൊണ്ട് സഖാവ് ദാസനും
നാലാംതീയതി പോറ്റിയെ കേറ്റിയെ ഡിജെക്കായി കാത്തിരുന്നുകൊണ്ട് മെമ്പർ വിജയനും

#MayThe4thBeWithYou #KeralaElectionResults #UDFVictory #PoliticalSatire #AIRevolution #ChatGPT #Gemini #SocialMediaProphets #ExitPollDebates #BARCRatings #MediaCircus #Pinarayi3 #DharmadamDiaries #CongressPolitics #KCVenugopal #KeralaYathra #Janavidhi2026 #MalayaliPolitics #ElectionCommission #TheWaitingGame #MemberVijayan #SakhaveDasan #KeralaUpdates #NewGovernment #CountingDayExcitement