സ്ഥലം: സെക്രട്ടേറിയറ്റിന് മുന്നിലെ പഴയ ചായക്കട.
കഥാപാത്രങ്ങൾ: കന്നാസും കടലാസും.
സാഹചര്യം: ഫേസ്ബുക്കിൽ വന്ന പുതിയ പോസ്റ്റും പത്രവാർത്തകളും നോക്കി കട്ടൻ ചായ കുടിക്കുന്നു.
കന്നാസ്: (ഫോൺ സ്ക്രീനിൽ നിന്ന് കണ്ണ് മാറ്റാതെ, മീശ ചെറുതായി തടവി)
കടലാസേ, ഇവിടെ ഒരുത്തന്റെ മാംസം കൊത്തിപ്പറിക്കുന്നു എന്ന് പറഞ്ഞ് പത്രസമ്മേളനത്തിൽ സെന്റിമെന്റ്സ് വാരിവിതറിയത് ഓർമ്മയുണ്ടല്ലോ? അതിനിടയിലാണ് ടൂറിസം വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവിന്റെ വക കട്ടവെട്ടിങ് പോസ്റ്റ് വന്നിരിക്കുന്നത്! മുൻ അനുഭാവിയുടെ വക നേരെ നെഞ്ചത്തോട്ട് ഒരു കൊട്ട്.
കടലാസ്: (ചായ ഗ്ലാസ് താഴെ വെച്ച് ഉറക്കെ ചിരിക്കുന്നു)
ഓ... ആ "എന്റെ മാംസം കൊത്തിപ്പറിച്ചോ" തിയറിയോ! എടാ കന്നാസേ, മാംസം കൊത്തിപ്പറിക്കാൻ മാത്രം എന്ത് പ്രത്യേകതയാണ് ഈ അളിയന്റെ മാംസത്തിനുള്ളത്? ആ പത്രസമ്മേളനത്തിൽ പാവം പ്രദീപ് കുമാറിനെ കൂടെ ഇരുത്തിയപ്പോൾ തന്നെ നാട്ടുകാർക്ക് കാര്യം കത്തിയിരുന്നു. പാർട്ടിയുടെ വിരട്ടലിന് വഴങ്ങി കൂടെയിരിക്കേണ്ടി വന്ന പാവം നേതാക്കന്മാരുടെ ഒരവസ്ഥ!
കന്നാസ്: പോസ്റ്റിൽ ചോദിക്കുന്ന ചില ചോദ്യങ്ങൾ കേട്ടാൽ റിയാസ് മുഹമ്മദ് മാത്രമല്ല, ക്ലിഫ് ഹൗസ് മൊത്തം വിയർക്കും. ഇ ഡി കള്ളമാണ് പറയുന്നതെങ്കിൽ, പത്നി വീണയെക്കൊണ്ട് കോടതിയിൽ കേസ് ഫയൽ ചെയ്യിക്കാൻ എന്താ ഇത്ര മടി? "സേവനം നൽകിയിട്ടില്ല എന്ന് ഞാൻ മൊഴി കൊടുത്തിട്ടില്ല" എന്നാണ് വാദമെങ്കിൽ അത് കോടതിയിൽ പോയി തെളിയിച്ച് ഇ ഡിയെ നാണംകെടുത്തണ്ടേ?
കടലാസ്: (പരിപ്പുവട കഷ്ണം വായിലിട്ട് ചവച്ചുകൊണ്ട്)
അവിടെയാണ് കളി! അത്രയ്ക്കും സ്മാർട്ടായ ബിസിനസ് വുമൺ ആയ ആ പത്നി എന്തുകൊണ്ടാണ് ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിലോ കേരള ജനതയ്ക്ക് മുന്നിലോ വന്ന് ഒരക്ഷരം മിണ്ടാത്തത്? ആരും ആ വഴിക്ക് ചിന്തിക്കരുത്! അമ്മായിയപ്പൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ, പരിസ്ഥിതിയും മലിനീകരണ നിയന്ത്രണ ബോർഡുമൊക്കെ സ്വന്തം പോക്കറ്റിലിരിക്കുമ്പോൾ, ആ വകുപ്പുകളിൽ പ്രത്യേക സ്വാധീനമുള്ള കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങാൻ എന്തായിരുന്നു പച്ചക്കൊടി? അതൊന്നും ചോദിക്കാൻ പാടില്ല, ചോദിച്ചാൽ ഉടനെ "മാംസം കൊത്തിപ്പറിക്കുന്നു!"
കന്നാസ്: ഇതിലൊക്കെ വലിയ തമാശ ആ ഉദ്യോഗസ്ഥൻ എഴുതിവെച്ചിരിക്കുന്ന ആ പഴയ സർവീസ് അനുഭവമാണ് കടലാസേ! റിയാസ് ടൂറിസം മന്ത്രിയായിരുന്ന കാലത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മീറ്റിംഗ് നടക്കുന്നു. വകുപ്പ് സെക്രട്ടറിയും ഡയറക്ടറുമൊക്കെ അന്തസ്സോടെ ഇരിക്കുമ്പോൾ, റിയാസിന്റെ കസേരയ്ക്ക് പുറകിൽ സ്വന്തം ജൂനിയർ പേഴ്സണൽ സ്റ്റാഫ് ഒരു കസേരയും വലിച്ചിട്ടിരുന്ന് മന്ത്രിയെ റിമോട്ട് കൺട്രോൾ പോലെ നിയന്ത്രിക്കുകയാണത്രേ!
കടലാസ്: (മേശപ്പുറത്ത് തട്ടി പൊട്ടിച്ചിരിക്കുന്നു)
അത്രയേ ഉള്ളൂ കപ്പാസിറ്റി! എന്നിട്ടല്ലേ വലിയ വിപ്ലവ സിംഹത്തിന്റെ ഗർജ്ജനം! ആ അഞ്ചരക്കണ്ടി പുഴയിലെ കയാക്കിംഗ് കഥ കേട്ടോ നീ? സാധാരണ ഒരു പഠനത്തിനാണെങ്കിൽ ടൂറിസം സെക്രട്ടറിയോ ഡയറക്ടറോ കൂടെ വേണം. ഇതൊന്നുമില്ലാതെ ഭാര്യയും ഭർത്താവും കൂടെ അഞ്ചരക്കണ്ടി പുഴയിൽ തുഴഞ്ഞത് പക്കാ അധികാര ദുർവിനിയോഗം. എന്നിട്ട് അമ്മായിയപ്പന്റെ മണ്ഡലത്തിൽ ടൂറിസം പ്രോജക്റ്റ് വേണമെന്ന് ശാഠ്യം!
കന്നാസ്: എന്നിട്ട് ആ ഡെപ്യൂട്ടി ഡയറക്ടർ പോയി പഠനം നടത്തിയിട്ട് പറയുകയാണ്, "പുഴയുടെ തീരം മുഴുവൻ സ്വകാര്യ ഭൂമിയാണ്, ഇവിടെ പ്രോജക്റ്റ് നടക്കില്ല." പോരാത്തതിന് പിണറായിയിലെ കാര്യങ്ങൾ നോക്കുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കറിന്റെ ശ്രദ്ധയിൽ ഈ കാര്യങ്ങളൊക്കെ ഉണ്ട് എന്നും മന്ത്രിയെ ഓർമ്മിപ്പിച്ചു. അപ്പോൾ നമ്മുടെ മരുമകൻ മന്ത്രി കൊടുത്ത മറുപടി എന്താണെന്ന് അറിയാമോ?
കടലാസ്: എന്താടാ കന്നാസേ പറഞ്ഞത്?
കന്നാസ്: "അവരെക്കൊണ്ട് ഒരു ചുക്കും നടക്കില്ല! നിങ്ങൾ ഞാൻ പറയുന്നത് കേട്ടാൽ മതി. അവർ ആരെങ്കിലും ചോദിച്ചാൽ ഞാൻ പറഞ്ഞു എന്ന് പറഞ്ഞാൽ മതി!" എന്ന്! വെള്ളാപ്പള്ളി പണ്ട് പറഞ്ഞതുപോലെ മുഖ്യമന്ത്രിയുടെ സ്വന്തം ഓഫീസിനെപ്പോലും തൃണപ്പുല്ലായി കാണുന്ന അഹങ്കാരം!
കടലാസ്: (താടിക്ക് കൈകൊടുത്ത് തലയാട്ടുന്നു)
കണ്ടോ, അധികാരം തലയ്ക്കുപിടിച്ച അമ്മായിയപ്പന്റെ നിഴലിൽ നിന്ന് അഹങ്കരിച്ചതിന്റെ അങ്ങേയറ്റമാണിത്! അന്ന് ആഫീസിലിരുന്ന് "ഒരു ചുക്കും നടക്കില്ല" എന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ വിരട്ടിയ ആളാണ് ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലിരുന്ന് "എന്റെ മാംസം കൊത്തിപ്പറിക്കുന്നേ" എന്ന് നിലവിളിക്കുന്നത്.
കന്നാസ്: അതെ, ആ ഉദ്യോഗസ്ഥൻ അവസാനം കുറിച്ച വാചകമുണ്ടല്ലോ, അതാണ് ഏറ്റവും വലിയ സത്യം: "കാലം കാത്തുവെച്ച ചില കണക്കുകളുണ്ട്, അത് എല്ലാവരും അനുഭവിച്ചേ തീരൂ."
കടലാസ്: അനുഭവിക്കും കന്നാസേ, അനുഭവിച്ചു തുടങ്ങിയിട്ടേയുള്ളൂ! ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വികാര നാടകങ്ങൾ കളിക്കാം, അണികളെ പറ്റിക്കാം. പക്ഷേ ഈ പറഞ്ഞ തെളിവുകൾക്കും അധികാര ദുർവിനിയോഗത്തിനും മുന്നിൽ കാലം കണക്കു ചോദിക്കുമ്പോൾ ആ കണ്ണീരും വികാര പ്രകടനങ്ങളും ഒന്നും രക്ഷയ്ക്ക് എത്തില്ല! അണ്ണാ, ആ കണക്കെടുപ്പിന്റെ ചൂടൊന്ന് മാറാൻ രണ്ട് കട്ടൻ ചായ ഇങ്ങോട്ട് എടുത്തേ!
മോഹൻദാസ് അപ്പ : കന്നാസും കടലാസും





