മാധ്യമ അജണ്ടകളും ഭരണകൂട വെല്ലുവിളികളും:

വി.ഡി. സതീശൻ പുലർത്തേണ്ട ജാഗ്രത
കേരളത്തിലെ രാഷ്ട്രീയം എപ്പോഴും സജീവവും സങ്കീർണ്ണവുമാണ്. അവിടെ ഭരണമാറ്റമുണ്ടാകുമ്പോൾ സ്വാഭാവികമായും ഭരണാധികാരികളുടെ ശൈലിയിലും മാധ്യമങ്ങളുടെ സമീപനത്തിലും മാറ്റങ്ങൾ ദൃശ്യമാകാറുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ കാവൽക്കാരായി കണ്ടവർ ഭരണത്തിലെത്തുമ്പോൾ അതേ മാധ്യമങ്ങളെ അലോസരപ്പെടുത്തുന്ന ഘടകങ്ങളായി കാണുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ, ഇതിനു പിന്നിലെ യഥാർത്ഥ മാധ്യമ അജണ്ടകളും, ബ്യൂറോക്രസിയുടെ ഒത്തുകളികളും, തകർച്ചയിലായ മാധ്യമസ്ഥാപനങ്ങളുടെ അതിജീവന തന്ത്രങ്ങളും തിരിച്ചറിയേണ്ടതുണ്ട്.
മാധ്യമങ്ങളുടെ ബിസിനസ്സ് മോഡലും മാറിയ സ്ട്രാറ്റജിയും
മലയാള ദൃശ്യമാധ്യമ രംഗം കാലാകാലങ്ങളായി വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പണ്ട് 'കണ്ണാടി' പോലുള്ള പരിപാടികളിലൂടെ ഭരണകൂട വീഴ്ചകൾ വസ്തുതാപരമായി ചൂണ്ടിക്കാണിച്ചിരുന്ന അവസ്ഥയിൽ നിന്നും 'ഇന്ത്യവിഷൻ' കൊണ്ടുവന്ന പ്രൈം ടൈം ഡിബേറ്റ് സംസ്‌കാരത്തിലേക്ക് മാധ്യമങ്ങൾ മാറി. ഇന്ന് ചർച്ചകൾ കേവലം വാർത്താ വിശകലനമല്ല, മറിച്ച് റേറ്റിംഗിനും വ്യൂവർഷിപ്പിനും വേണ്ടിയുള്ള സ്ട്രാറ്റജിയായി മാരിക്കുന്നു. നിഷ്പക്ഷത എന്നത് പലപ്പോഴും ഒരു അലങ്കാരം മാത്രമായി മാറുകയും, അവതാരകർ തന്നെ നിർദ്ദിഷ്ട രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്.
മാധ്യമങ്ങളുടെ ആഭ്യന്തര തകർച്ചയും 'പ്രശ്നാധിഷ്ഠിത' കേരളവും
കേരളത്തിലെ ഒന്ന് രണ്ട് മുഖ്യധാരാ മാധ്യമങ്ങളും, അഞ്ചോ ആറോ പ്രമുഖ അവതാരകരും ഒഴികെ ബാക്കിയെല്ലാ മാധ്യമസ്ഥാപനങ്ങളും ഇന്ന് കടുത്ത സാമ്പത്തിക ക്ലേശങ്ങളിലൂടെയും, കേസുകെട്ടുകളിലൂടെയും, ഗുരുതരമായ ആഭ്യന്തര പ്രശ്നങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഈയൊരു നിലനിൽപ്പ് ഭീഷണി കാരണം അവർക്ക് കേരളത്തിന്റെ വികസനമോ, നന്മയോ, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളോ ഒരു വിഷയമേ അല്ല. തങ്ങൾ എങ്ങനെ വിപണിയിൽ നിലനിൽക്കും എന്നതുമാത്രമാണ് അവരുടെ ചിന്ത.
മാധ്യമങ്ങളുടെ യഥാർത്ഥ പ്രശ്നം: വാർത്തകൾ വസ്തുതാപരമായി നൽകുന്നതിനേക്കാൾ, എന്ത് കള്ളമായാലും "ഞങ്ങൾ ആദ്യം പറഞ്ഞു" എന്ന് സ്ഥാപിക്കാനുള്ള മത്സരമാണ് അവർക്കിടയിൽ നടക്കുന്നത്. കൂടാതെ മാധ്യമങ്ങളുടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തമ്മിൽ കടുത്ത വ്യക്തിവൈരാഗ്യങ്ങളും പാരവെയ്പുകളുമാണ് നിലനിൽക്കുന്നത്. സുതാര്യവും സമാധാനപരവുമായ ഒരു ഭരണം ഒരിയ്ക്കലും ഇക്കൂട്ടർക്ക് ഇഷ്ടമല്ല. അവർക്ക് വേണ്ടത് എപ്പോഴും വിവാദങ്ങളും തർക്കങ്ങളും നിറഞ്ഞ ഒരു 'പ്രശ്നാധിഷ്ഠിത' കേരളമാണ്. എങ്കിൽ മാത്രമേ അവരുടെ ചാനലുകൾക്ക് റേറ്റിംഗും വ്യൂവർഷിപ്പും ലഭിക്കൂ. അതുകൊണ്ടുതന്നെ ഭരിക്കുന്നവർക്ക് ഒരു തരത്തിലും മനസ്സമാധാനം കൊടുക്കില്ല എന്നത് ഇവരുടെ നിർബന്ധമാണ്.
എ.കെ.ജി സെന്റർ തിരക്കഥകളും പഴയ എസ്.എഫ്.ഐ കേഡർമാരും
കേരളത്തിലെ മുഖ്യധാരാ മാധ്യമ പ്രവർത്തകരിൽ വലിയൊരു പങ്ക് മുൻകാലങ്ങളിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്നവരാണെന്നത് ഒരു പരസ്യമായ രഹസ്യമാണ്. സ്വാഭാവികമായും അവരുടെ ഉള്ളിലെ രാഷ്ട്രീയ ചായ്‌വുകൾ വാർത്താ നിർമ്മിതിയെയും ചോദ്യങ്ങളെയും സ്വാധീനിക്കാറുണ്ട്. പുതിയ കോൺഗ്രസ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കാൻ എ.കെ.ജി സെന്ററിൽ നിന്ന് തയ്യാറാക്കപ്പെടുന്ന 'തിരക്കഥകൾ' അനുസരിച്ചാണ് പല ചോദ്യങ്ങളും പ്രസ് മീറ്റുകളിൽ ഉയരുന്നത്.
മുൻ സർക്കാരിന്റെ കാലത്തുണ്ടായ അതേ വീഴ്ചകളോ പ്രശ്നങ്ങളോ ഈ സർക്കാരിന്റെ കാലത്തും സമാനമായ രീതിയിൽ പെരുപ്പിച്ചു കാണിച്ച്, "എല്ലാവരും ഒരുപോലെയാണ്" എന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഒരു ചോദ്യം തന്നെ ആവർത്തിച്ചു ചോദിച്ച് ഭരണാധികാരിയുടെ സംയമനം കെടുത്തുക എന്നതും ഇതിന്റെ ഭാഗമാണ്.
പഴയ ഉദ്യോഗസ്ഥരും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്
ഭരണകൂടത്തെ പ്രതിരോധത്തിലാക്കാൻ മാധ്യമങ്ങൾക്ക് കൃത്യമായ 'വക' നൽകുന്നത് പലപ്പോഴും പഴയ ഭരണകൂടത്തിന്റെ കാലം മുതൽ തഴച്ചുവളർന്ന ഉദ്യോഗസ്ഥ പ്രമുഖരാണ്. ചീഫ് സെക്രട്ടറി മുതൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ വരെയുള്ള ബ്യൂറോക്രസിയിലെ ഒരു വിഭാഗത്തിന് മാധ്യമങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. സർക്കാരിന്റെ രഹസ്യ തീരുമാനങ്ങളും ഫയലുകളും ചോർത്തി നൽകുന്നതിനൊപ്പം, കൃത്രിമമായി ചില പ്രശ്നങ്ങൾ ക്രിയേറ്റ് ചെയ്ത് അവർ മാധ്യമങ്ങൾക്ക് എറിഞ്ഞു കൊടുക്കുന്നു.
ഇത്രയും വലിയ വേനലിലും കനത്ത മഴ പെയ്തിട്ടും കൊച്ചി നഗരത്തിൽ പലപ്പോഴും ജനങ്ങളെ വലച്ചുകൊണ്ട് വൈദ്യുതി മുടങ്ങുന്നത് ഇത്തരക്കാരുടെ കളി കാരണമാണ്. ബോധപൂർവ്വം വീഴ്ചകൾ വരുത്തിവെച്ച് അത് പുതിയ സർക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും പരാജയമാണെന്ന് വരുത്തിത്തീർക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ഈ ഉദ്യോഗസ്ഥ ലോബിയെ അടിയന്തരമായി നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രിക്ക് സാധിക്കണം.
പ്രതിച്ഛായ തകർക്കൽ: പഴയ ചരിത്ര പാഠങ്ങൾ
രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ തകർക്കാൻ ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും ഉപയോഗിക്കുന്നത് കേരള രാഷ്ട്രീയത്തിൽ പുതിയ കാര്യമല്ല.
- പണ്ട് ഇടതുപക്ഷത്ത് വി.എസ്. അച്യുതാനന്ദനെതിരെ പിണറായി പക്ഷം ഇതേ തന്ത്രങ്ങൾ കൃത്യമായി പ്രയോഗിച്ച് വിജയിപ്പിച്ചിട്ടുണ്ട്. വി.എസിന്റെ ജനപ്രീതി ഇല്ലാതാക്കാൻ വാർത്തകൾ സൃഷ്ടിക്കപ്പെട്ടു.
- മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇക്കൂട്ടർ കളിച്ചത് അതീവ നീചമായ കളികളായിരുന്നു. വേട്ടയാടലിന്റെ ആ പഴയ ചരിത്രം മുന്നിലുള്ളതുകൊണ്ട് തന്നെ വി.ഡി. സതീശൻ ഈ ഉദ്യോഗസ്ഥ-മാധ്യമ കെണികളെക്കുറിച്ച് അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
മുഖ്യമന്ത്രിയുടെ ശൈലിയും ശരീരഭാഷയും
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് മാധ്യമങ്ങൾക്ക് മുന്നിൽ എപ്പോഴും ലഭ്യമായിരുന്ന, എന്ത് ചോദ്യത്തിനും പുഞ്ചിരിയോടെ മറുപടി നൽകിയിരുന്ന വി.ഡി. സതീശനെയല്ല ഇന്ന് ജനങ്ങൾ കാണുന്നത്. പത്തിരുപത് മിനിറ്റ് ഒരേ കാര്യം വിശദീകരിച്ച ശേഷം വീണ്ടും അതേ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് " ഇപ്പൊ ഇത്രേം നേരം ഉറങ്ങായിരുന്നോ ഇവിടെയിരുന്ന് ?" എന്ന് ചോദിച്ചതും, "എനിക്ക് സമയവും സൗകര്യവും ഉള്ളപ്പോൾ മറുപടി പറയും" എന്ന് വ്യക്തമാക്കിയതും രാഷ്ട്രീയമായി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നു.
പ്രതിപക്ഷ നേതാവിനേക്കാൾ ഉത്തരവാദിത്വവും തിരക്കുകളുമുള്ള പദവിയാണ് മുഖ്യമന്ത്രിയുടേത്. എല്ലാ സമയത്തും മൈക്കിന് മുന്നിൽ നിൽക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. എന്നാൽ, മാധ്യമങ്ങളും ഉദ്യോഗസ്ഥരും ബോധപൂർവ്വം പ്രകോപിപ്പിക്കാൻ ശ്രമിക്കുമ്പോഴും തന്റെ വാക്കുകളിലും ശരീരഭാഷയിലും മുഖ്യമന്ത്രി അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. മുൻ മുഖ്യമന്ത്രിയുടെ 'കടക്കൂ പുറത്ത്' ശൈലിയുമായി ഇതിനെ താരതമ്യം ചെയ്യാൻ സൈബർ വിംഗുകൾ കാത്തിരിക്കുകയാണ്.
മാധ്യമങ്ങൾക്കുള്ള നിയന്ത്രണവും പാർട്ടിയിലെ ശത്രുക്കളും
എല്ലാ സമയത്തും, എവിടെ വെച്ചും മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങൾ തിണ്ണനിരങ്ങുന്ന ശൈലി മാറേണ്ടതുണ്ട്. മരണവീട്ടിലോ കല്യാണവീട്ടിലോ പോകുമ്പോൾ പോലും ക്യാമറയും മൈക്കുമായി വളയുന്നത് അവസാനിപ്പിക്കാൻ മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ കാണാൻ ഒരു നിശ്ചിത സമയം നിശ്ചയിക്കുകയാണ് വേണ്ടത്.
അതോടൊപ്പം തന്നെ, വി.ഡി. സതീശൻ നേരിടേണ്ടി വരുന്നത് മാധ്യമങ്ങളെയും ഉദ്യോഗസ്ഥരെയും മാത്രമല്ല, സ്വന്തം പാർട്ടിയിലെ തന്നെ ചില ആഭ്യന്തര എതിരാളികളെ കൂടിയാണ്. അധികാരത്തിന്റെ ഇടനാഴികളിൽ മുഖ്യമന്ത്രിക്ക് സംഭവിക്കുന്ന ചെറിയൊരു വീഴ്ച പോലും വലിയ ആയുധമാക്കാൻ ഒളിഞ്ഞിരിക്കുന്ന ഗ്രൂപ്പ് ശത്രുക്കൾ കോൺഗ്രസിനകത്തുണ്ട്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ചെറിയൊരു അഹങ്കാര ലക്ഷണമുള്ള പ്രതികരണങ്ങൾ പോലും ഈ ആഭ്യന്തര ശത്രുക്കൾക്ക് അദ്ദേഹത്തെ താഴെയിറക്കാനുള്ള സുവർണ്ണാവസരമായി മാറും.
ഉറുമ്പുകൾ ഉറങ്ങാറില്ലത്രേ !!
ജനാധിപത്യത്തിൽ മാധ്യമങ്ങൾ ജനങ്ങളുടെ ചോദ്യങ്ങളാണ് ചോദിക്കുന്നത് എന്ന വാദം ശരിയാണെങ്കിലും, അതിന് പിന്നിലെ സാമ്പത്തിക തകർച്ചയും, റേറ്റിംഗ് മത്സരവും, ഭരണഘടനാ വിരുദ്ധമായ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടുകളും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രിക്ക് ജനപിന്തുണയോടെ മുന്നോട്ട് പോകണമെങ്കിൽ മാധ്യമങ്ങളുടെ കുത്തിത്തിരിപ്പുകളെയും ഉദ്യോഗസ്ഥരുടെ അട്ടിമറികളെയും തന്ത്രപരമായി നേരിടണം. വാക്കുകളിലെ മിതത്വവും, ഭരണാധികാരിക്ക് അനുയോജ്യമായ ഗാംഭീര്യമുള്ള ശരീരഭാഷയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം, അകത്തുനിന്നും പുറത്തുനിന്നുമുള്ള ശത്രുക്കളെ ഒരുപോലെ പ്രതിരോധിക്കാൻ അദ്ദേഹത്തിന് സാധിക്കേണ്ടതുണ്ട്.
മല്ലനും മാതേവനും:







