കന്നാസും കടലാസും: യാക്കരപ്പാലത്തെ ചൂടുചായയും പാലക്കാടൻ 'ആറാട്ടും'

യാക്കരപ്പാലത്തിന് താഴെ പുഴയൊഴുകുന്ന തണുപ്പിലും പാലത്തിനടുത്തുള്ള രാമൻനായരുടെ ചായക്കടയിൽ നല്ല ആവി പറക്കുന്ന ചൂടായിരുന്നു. പ്ലേറ്റിൽ മൊരിഞ്ഞ പരിപ്പുവടയും കയ്യിൽ ഇരുമ്പ് ഗ്ലാസിലെ ചൂടുചായയുമായി കന്നാസ് ഇരിപ്പുറപ്പിച്ചു. കടലാസ് കണ്ണട നേരെയാക്കി കടയുടെ മൂലയിലെ മരബെഞ്ചിലേക്ക് ചാരിയിരുന്നു.

"അല്ല കടലാസേ, ഐശ്വര്യത്തിന്റെ നാടായ നമ്മുടെ പാലക്കാട്ടെ ഇപ്പോഴത്തെ ഒരു കാറ്റും കോളും നീ കാണുന്നുണ്ടോ?" കന്നാസ് പരിപ്പുവട ഒന്നു കടിച്ചുമുറിച്ചു. "നെല്ലറയെന്നും കൽപ്പാത്തിയെന്നുമൊക്കെ പറഞ്ഞ് കേട്ട നാടാണ്. ഇപ്പോഴാകട്ടെ എവിടെ തിരിഞ്ഞുനോക്കിയാലും സ്ത്രീവിഷയങ്ങളുടെ പൂരമാണ് തുളുമ്പി നിൽക്കുന്നത്! ആരും ആരെയും മോശക്കാരായി കാണുന്നുമില്ല, എന്നാലും കേരളത്തിലെ പ്രധാനപ്പെട്ട വെടിക്കെട്ടുകളൊക്കെ പൊട്ടിച്ചുവിടുന്നത് ഈ മണ്ണിൽ നിന്നാണല്ലോ!"

കടലാസ് ചായ ഊതിക്കുടിച്ച് ചിരിയമർത്തി. "പിന്നല്ലാതെ കന്നാസേ! മൂന്നാം പിണറായി സർക്കാരിന് വഴിതുറക്കാൻ വേണ്ടി എകെജി സെന്ററിലെ ബുദ്ധികേന്ദ്രങ്ങൾ മെനഞ്ഞെടുത്ത ആ പഴയ തിരക്കഥ നീ ഓർക്കുന്നുണ്ടോ? സ്ഥലം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ത്രീകളെ വെച്ച് ആറാട്ട് നടത്തിക്കാൻ നോക്കിയ ആ മാസ്റ്റർ പ്ലാൻ! കുറ്റിയാടിയിലെ സഖാക്കളുടെ മക്കളും ചാനലുകളിലെ ചില പെണ്ണുങ്ങളും സഖാത്തികളും ചേർന്ന് സ്റ്റുഡിയോകളിൽ കയറി എന്തൊരു മെഴുകലായിരുന്നു മെഴുകിയത്! അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിലേക്ക് കരുതിവെച്ച ബോംബായിരുന്നു പാവങ്ങൾ. പക്ഷേ, ടൈമർ തെറ്റി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വന്തം കയ്യിലിരുന്ന് തന്നെ പടക്കം പൊട്ടി ചിതറി!"

"അത് ശരിയാണല്ലോ," കന്നാസ് മീശതുടച്ചു. "ആ ടീമിലുണ്ടായിരുന്ന ഒരുത്തി ഇപ്പോൾ പണിയെല്ലാം നിർത്തി ബിഗ്‌ബോസിന്റെ അടുക്കളയിലെ കുമ്പസാരക്കൂട്ടിലിരുന്ന് സങ്കടം പറഞ്ഞ് വോട്ട് പിടിക്കുകയല്ലേ! അപ്പോഴാണ് അപ്പുറത്ത് മുൻസിപ്പൽ കൗൺസിലർ ചെന്നുപെട്ടത്. പാവം ചെക്കന്റെ ഭാവിയും അതോടെ തീർന്നു. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ആകെ മൊത്തം കളിയും വേലയുമാണ് നടക്കുന്നത്. അവിടെ വനിതാ നേതാക്കൾ മാത്രമല്ല, ചില സംഘനേതാക്കൾക്കാണെങ്കിലോ സ്ത്രീകളെ കണ്ടുകൂടാ, ആൺപിള്ളേരെയാണ് കൊതി എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്!"

കടലാസ് കൈയടിച്ച് ചിരിച്ചു. "ഇതിലൊക്കെ വലിയ തമാശ അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് നടന്നതാണ്! പ്രചാരണത്തിനിടയിൽ സ്ഥാനാർത്ഥി കാമുകനുമായി ചന്ദ്രനഗറിലെ ഏതോ ഫ്ലാറ്റിൽ ചുറ്റിക്കറങ്ങിയ കഥകൾ നാട്ടുകാർക്കിടയിൽ ഇന്നും പാട്ടാണ്. ഇതൊക്കെ കണ്ട് ആസ്വദിച്ച് രാവും പകലും ഏമ്പക്കവും വിട്ട് പിരായിരി നായർ ഒരു വശത്തിരിക്കുന്നുമുണ്ട്. പക്ഷേ കന്നാസേ, കളി ഇപ്പോൾ പഴയപോലെയല്ല… വാളെടുത്തവൻ വാളാൽ എന്ന മട്ടിൽ കഥ തിരിഞ്ഞുകുത്താൻ തുടങ്ങിയിരിക്കുന്നു!"

"അതെന്താ കടലാസേ സംഭവം?" കന്നാസ് ആകാംക്ഷയോടെ മുന്നോട്ട് ആഞ്ഞിരുന്നു.

"അതോ, പാലക്കാട്ടെ മൂത്ത സഖാവ് പയ്യന്റെ സ്വന്തം ഭാര്യ തന്നെ ഇപ്പോൾ പരാതിയുമായി രംഗത്തിറങ്ങിയിരിക്കുന്നു!" കടലാസ് ശബ്ദം താഴ്ത്തി. "കെട്ടിയോൻ ഏതോ പെണ്ണുമായി കള്ളക്കോത്തുണ്ടാക്കി നാടുമുഴുവൻ കറങ്ങി നടക്കുകയാണെന്നാണ് വീട്ടുകാരിയുടെ വെളിപ്പെടുത്തൽ! ഇതിലൊരു രസമെന്താണെന്നോ, പാലക്കാട്ട് വെച്ച് ആരും ഒന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. എല്ലാ ലീലാവിലാസങ്ങളും നടന്നത് കോഴിക്കോട്ടാണത്രേ! സ്വന്തം തട്ടകത്തിൽ ആരും കാണാതെ മലബാർ സൈഡിൽ പോയി കളി നടത്തുക!"

കന്നാസ് ഉറക്കെ ചിരിച്ചുപോയി. "അടിപൊളി! അപ്പൊ സംഗതി വീണ്ടും തലപ്പത്തേക്ക് എത്തിയല്ലോ! ഇനിയിപ്പോ എന്താ അടുത്ത പരിപാടി? അന്വേഷിക്കാൻ പാർട്ടി കമ്മീഷൻ വരുമോ?"

"പിന്നെ വരാതെ!" കടലാസ് ബാക്കി വന്ന ചായ ഒറ്റവലിക്ക് അകത്താക്കി. "കരിമണലിൽ പൂണ്ടുപോയ ആ അളവുകോലുമായി സാക്ഷാൽ എ.കെ. ബാലനും ഒപ്പം ശ്രീമതി ടീച്ചറും ഉടൻ തന്നെ അന്വേഷണ കമ്മീഷനായി പാലക്കാട്ടേക്ക് വണ്ടി കയറുമെന്നാണ് പാർട്ടിക്കകത്തെ സംസാരം. അളവുകോൽ വെച്ച് ഇത്തവണ ആരുടെയൊക്കെ രാഷ്ട്രീയ ഭാവിയാണ് അളന്നു മുറിക്കാൻ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം!"

കന്നാസ് ഗ്ലാസ് ബെഞ്ചിലേക്ക് വെച്ച് എഴുന്നേറ്റു, "അളവുകോലും പിടിച്ച് ബാലൻ സഖാവ് യാക്കരപ്പാലം കടക്കുന്നതിന് മുൻപ് നമുക്ക് വേഗം അടുത്തൊരു റൗണ്ട് പരിപ്പുവട കൂടി പറഞ്ഞു വെക്കാം കടലാസേ, കമ്മീഷൻ ഇറങ്ങിയാൽ പിന്നെ ഈ നാട്ടിൽ എണ്ണപ്പലഹാരത്തിന് പോലും കിട്ടാത്തത്ര ക്ഷാമം വരും!"

രാധ മണമ്മൽ : കന്നാസും കടലാസും