പയ്യന്നൂർ പെരുമ്പ ബസ് സ്റ്റാൻഡിന് പിന്നിലെ അപ്പൂന്റെ പഴയ ചായക്കട.

രാവിലെ എട്ടു മണിക്ക് റേഡിയോയിൽ നിന്ന് പ്രഭാതവാർത്തയുടെ സിഗ്നൽ ട്യൂൺ മുഴങ്ങുന്നു. മുന്നിലെ മേശപ്പുറത്ത് വിരിച്ചിട്ട പത്രങ്ങൾ മാറിമാറി വായിച്ച് ആവേശം മൂത്ത് ഇരിക്കുകയാണ് പയ്യന്നൂരിലെ സ്ഥിരം രാഷ്ട്രീയ നിരീക്ഷകരായ കന്നാസും കടലാസും.

അടുപ്പിൽ തിളച്ചുമറിയുന്ന ചായയിലേക്ക് ആറ്റൻ വെള്ളമൊഴിക്കുന്ന ശബ്ദത്തിനിടയിലൂടെ കടലാസ് പത്രം മടക്കി മേശപ്പുറത്തടിച്ചു തുടങ്ങി.

കടലാസ്: (കണ്ണട മൂക്കിൻ തുമ്പിലേക്ക് താഴ്ത്തിവെച്ച്) അല്ല കന്നാസേ, നീ ഈ പത്രമൊന്ന് കണ്ണോടിച്ചു നോക്കിയേ! പയ്യന്നൂരിന്റെ മണ്ണിൽ സ്വന്തം പാർട്ടി സഖാക്കൾ തമ്മിൽ നടത്തുന്ന ഈ കുരുക്ഷേത്ര യുദ്ധം കണ്ടിട്ട് നിനക്കെന്താ തോന്നുന്നത്? കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പാർട്ടി ഫണ്ടിലെ കണക്ക് ചോദിച്ചതിന് മുഖ്യമന്ത്രിയും മരുമകൻ രാഗേഷും കൂടി അവരെ വരിഞ്ഞുമുറുക്കി പുറത്താക്കാൻ നോക്കുന്നു. പോരാത്തതിന് ടി.കെ. ഗോവിന്ദനെ ഒടുവിൽ 'ബ്രൂട്ടസ്' എന്ന് പരസ്യമായി വിളിച്ചു കളഞ്ഞു!

കന്നാസ്: (ചൂടുള്ള പരിപ്പുവട കടിച്ചു പൊട്ടിച്ചുകൊണ്ട് ആക്കിചിരിച്ച്) ഹഹ... ബ്രൂട്ടസോ! പയ്യന്നൂർ ലോക്കൽ കമ്മിറ്റിയിൽ വരെ ഷേക്സ്പിയർ നാടകങ്ങൾ അരങ്ങേറുകയാണല്ലോ! ഇതാര് പഠിപ്പിച്ചുകൊടുത്ത ബുദ്ധിയാണെന്നാ നീ കരുതുന്നത്? ഡൽഹിയിലെ വലിയ ബുദ്ധിജീവിയും പ്രസംഗകനുമായ ബ്രിട്ടാസ് സഖാവ് എയർപോർട്ടിൽ വെച്ച് കാതിലോതി കൊടുത്ത ചരിത്ര ക്ലാസ്സായിരിക്കും അത്. ജൂലിയസ് സീസറും ബ്രൂട്ടസും! ചോദിച്ചത് പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിന്റെയും ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന്റെയും കണക്ക്... തിരിച്ചു കിട്ടിയത് റോമൻ സാമ്രാജ്യത്തിലെ ചതിയന്റെ പട്ടം!

കടലാസ്: (കട്ടൻചായ ഊതിക്കുടിച്ച്) സത്യം! പാർട്ടി എന്ന് പ്രതിരോധത്തിലാകുന്നുവോ, അപ്പോഴൊക്കെ ചോദ്യം ചോദിക്കുന്ന സ്വന്തം ആളുകളുടെ മെക്കിട്ടുകയറുക എന്നത് എക്കാലത്തെയും ഒരു സ്ഥിരം സി.പി.എം ശൈലിയല്ലേ? നീ ചരിത്രമൊന്ന് പിന്നോട്ട് തിരിച്ചു നോക്ക്. എം.വി. രാഘവനെ എറിഞ്ഞു വീഴ്ത്തി, പാർട്ടിയുടെ അടിത്തറയുണ്ടാക്കിയ ഗൗരിയമ്മയെ വെട്ടിനിരത്തി, ഒടുവിൽ തലമുതിർന്ന വി.എസിനെ മൂക്കുകയറിട്ടു നിർത്തി, ടി.പി. ചന്ദ്രശേഖരനെ വഴിയിൽ തീർത്തു... ഏറ്റവും ഒടുവിൽ നമ്മുടെ സ്വന്തം അമ്പലപ്പുഴയിലെ ജി. സുധാകരൻ സഖാവിനെ വരെ കവിതയെഴുതി വീട്ടിലിരുത്തി! ആ ലിസ്റ്റിലേക്ക് പുതിയ രണ്ട് പേരുകൾ കൂടി എഴുതിച്ചേർത്തു—കുഞ്ഞികൃഷ്ണനും ഗോവിന്ദനും!

കന്നാസ്: ജി. സുധാകരന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്! കഴിഞ്ഞ ദിവസം പുള്ളി ഒരു വെടി പൊട്ടിച്ചല്ലോ. 'തൂഫാൻ ജീപ്പിൽ കറങ്ങിനടക്കുന്ന പോലീസ് ആദ്യം പിടിക്കേണ്ടത് സി.പി.എമ്മിലെ ഒളിഞ്ഞിരിക്കുന്ന മയക്കുമരുന്ന് കച്ചവടക്കാരെയാണ്' എന്ന്! എങ്ങനെയുണ്ട് ആ പ്രയോഗം? ആലപ്പുഴയിലെ ലഹരിക്കടത്ത് കേസ് മുതൽ താഴെത്തട്ടിൽ നടക്കുന്ന കച്ചവടങ്ങൾ വരെ പുള്ളിക്ക് കൃത്യമായി അറിയാം. ഉള്ളിലിരുന്ന് എല്ലാം കാണുന്ന ആളായതുകൊണ്ട് ഒരൊറ്റ എറിന് വടവൃക്ഷത്തിന്റെ ചില്ല വരെ കുലുങ്ങിപ്പോയി.

കടലാസ്: സുധാകരൻ പറഞ്ഞത് കറക്റ്റാണ്. താഴെത്തട്ടിലെ പ്രവർത്തകർ ചോരനീരാക്കി പാർട്ടി വളർത്തുമ്പോൾ മുകളിൽ കച്ചവടവും റിയൽ എസ്റ്റേറ്റുമാണ്. ഇതിനിടയിലാണ് ഇ.ഡി. (ED) യും കസ്റ്റംസും പടിവാതിൽക്കൽ മുട്ടിവിളിക്കാൻ തുടങ്ങി എന്ന വാർത്തകൾ വരുന്നത്. ആ പേടിയും വെപ്രാളവുമാണ് പയ്യന്നൂരിലെ സഖാക്കളുടെ നേരെ തീയായി പടരുന്നത്. കേന്ദ്ര ഏജൻസികൾ എങ്ങാനും മരുമകന്റെയോ ഓഫീസിന്റെയോ വാതിലിൽ മുട്ടിയാൽ തീരാവുന്ന രാഷ്ട്രീയ മേൽവിലാസമേ ഇന്നത്തെ നേതൃത്വത്തിനുള്ളൂ.

കന്നാസ്: (മേശപ്പുറത്ത് വിരലുകൾ കൊട്ടി) അതെയതെ! സ്വന്തം വീട് കത്തുമ്പോൾ അടുത്ത വീട്ടിലെ പുകയെക്കുറിച്ച് സംസാരിക്കുന്ന അവസ്ഥ. ഇതിനിടയിലെ ഏറ്റവും വലിയ കോമഡി എന്താണെന്നറിയോ കടലാസേ? നമ്മുടെ പാവം സി.പി.ഐ.! നിയമസഭയിലെ ഉപനേതാവ് പദവിയെച്ചൊല്ലി പാർട്ടി ഓഫീസുകളിൽ തമ്മിലടിയും കുതികാൽവെട്ടും നടക്കുന്നു. മുന്നണിയിൽ ഒരു വിലയും കിട്ടുന്നില്ലെങ്കിലും നാണമില്ലാതെ 'ഇടതുപക്ഷ ഐക്യം' എന്ന് പറഞ്ഞ് ഒതുങ്ങിക്കൂടുകയാണ്. കപ്പൽ മുങ്ങാൻ തുടങ്ങിയാലും ക്യാപ്റ്റന്റെ കയ്യിൽ നിന്ന് ഒരു കഷ്ണം അപ്പക്കഷണം കിട്ടുമോ എന്ന് കാത്തുനിൽക്കുന്ന അവസ്ഥ!

കടലാസ്: ഏറ്റവും വലിയ വിരോധാഭാസം അതൊന്നുമല്ല കന്നാസേ... "പത്തുകൊല്ലം കൊണ്ട് ഞങ്ങൾ കേരളത്തെ സ്വർഗ്ഗമാക്കി, വികസനത്തിന്റെ വെള്ളിനക്ഷത്രമാക്കി" എന്ന് മൈക്കിലൂടെ തൊണ്ടകീറി പ്രസംഗിച്ചവർ... ഇന്നിപ്പോൾ ആ 'സ്വർഗ്ഗരാജ്യ'ത്തിൽ നിന്ന് വെറും നൂറു ദിവസത്തെ പുതിയ ഭരണത്തെ താഴെയിറക്കാൻ ചാവേറുകളെപ്പോലെ പടപ്പുറപ്പാട് നടത്തുന്നു!

കന്നാസ്: (പൊട്ടിച്ചിരിച്ചുകൊണ്ട്) അതല്ലേ ഇതിലെ തമാശ! പത്തുകൊല്ലം ഭരിച്ച് നാട് 'അത്രയ്ക്ക് അങ്ങോട്ട് നന്നാക്കി' വെച്ചിട്ടാണെങ്കിൽ, പിന്നെ ഈ നൂറു ദിവസം കൊണ്ട് ആർക്കാണ് ഇത്ര വലിയ അട്ടിമറി നടത്തേണ്ടി വരുന്നത്? ഖജനാവ് കാലിയാക്കി, പെൻഷൻ മുടക്കി, സപ്ലൈകോ പൂട്ടിച്ചതൊക്കെ ആ 'സ്വർഗ്ഗ'ത്തിന്റെ ഭാഗമായിരുന്നല്ലോ. പത്ത് കൊല്ലം ജനങ്ങളെ കണ്ണുരുട്ടി പേടിപ്പിച്ചവർ ഇപ്പോൾ വഴിനീളെ കുത്തിയിരുന്ന് സമരം ചെയ്യുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നുണ്ട്.

കടലാസ്: രാഷ്ട്രീയക്കാരുടെ കാര്യം അവിടെ നിൽക്കട്ടെ... 'മൂന്നാം ഭരണം ഉറപ്പ്, വിപ്ലവം വരും' എന്ന് പറഞ്ഞ് സ്റ്റുഡിയോയിലിരുന്ന് തൊണ്ടപൊട്ടി ഓളിയിട്ട നമ്മുടെ ചില 'ട്രീകട്ടർ' ചാനൽ സിംഹങ്ങളുടെ അവസ്ഥ കണ്ടോ? വിദേശത്തുള്ള സാക്ഷാൽ ലയണൽ മെസ്സിയുടെ പേരും പറഞ്ഞ് കോടികളുടെ ഫണ്ട് തട്ടിക്കൊണ്ടുവന്ന കഥയിപ്പോൾ കേന്ദ്ര ഏജൻസികൾ ഓരോന്നായി പുറത്തെടുക്കാൻ തുടങ്ങിയപ്പോൾ പത്രമുത്തശ്ശന്മാരും ചാനൽ മുതലാളിമാരും ഒരുപോലെ മുട്ടിടിച്ച് പേടിച്ച് വിറച്ചിരിക്കുകയാണ്!

കന്നാസ്: പോരാത്തതിന് മറ്റവൻ... ആ എസ്.കെ.എൻ! സുകുമാരക്കുറുപ്പിനെ പിടിക്കാൻ പോകുന്നു, കാണാതായ സ്വത്തുക്കൾ കണ്ടെത്തുന്നു എന്നൊക്കെ പറഞ്ഞ് യൂട്യൂബിലും ചാനലിലും വലിയ ഇൻവെസ്റ്റിഗേഷൻ തള്ളിമറിച്ച വിദ്വാൻ! ഒടുവിൽ കഥയെല്ലാം പാളി, പെരും നുണകൾ കയ്യോടെ പിടിക്കപ്പെട്ട് സ്വന്തം തൊഴുത്തിൽ തന്നെ ഊമ്പിത്തിരിയും കമ്പിത്തിരിയുമായി പുകഞ്ഞ് തീരുന്ന കാഴ്ചയല്ലേ ഇപ്പോൾ കാണുന്നത്!

കടലാസ്: അതാണ് പറയുന്നത് കന്നാസേ, രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടി മണ്ണും ചാരി നിന്നവർ ഇപ്പോൾ കോടാലിയും കൊണ്ടുപോയ അവസ്ഥയിലാണ്. ഒരുത്തൻ മെസ്സിയുടെ പണപ്പെട്ടി തുറക്കുമോ എന്ന പേടിയിൽ വിറയ്ക്കുന്നു, മറ്റവൻ കുറുപ്പിന്റെ പേരിൽ ഊതിപ്പെരുപ്പിച്ച നുണക്കഥകൾ പൊളിഞ്ഞ് നാണംകെട്ട് സ്വയം കത്തുന്നു. അധികാരത്തിന്റെ തണൽ മാറിയപ്പോൾ ഈ 'മാധ്യമ വീരന്മാരുടെ' കോലം കണ്ടോ!

കന്നാസ്: ചുരുക്കം പറഞ്ഞാൽ, നൂറു ദിവസം കൊണ്ട് കേരളം മുഴുവൻ കീഴടക്കാൻ ഇറങ്ങിയവർ ഇപ്പോൾ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിലും കട്ടൻചായ ഗ്ലാസിലും കിടന്ന് ശ്വാസം മുട്ടുന്നു. അപ്പൂ... ചൂടോടെ രണ്ട് ചായ കൂടി ഇങ്ങോട്ടെടുക്ക്, ഈ രാഷ്ട്രീയ നാടകവും മാധ്യമ സർക്കസും തീരാൻ ഇനിയും ഒരുപാട് സമയമെടുക്കും!

കടലാസ്: (കണ്ണട ഒന്നുകൂടി നേരെയാക്കി, ചുറ്റും നോക്കി ശബ്ദം താഴ്ത്തി) അല്ല കന്നാസേ, ഇതിനിടയിൽ പയ്യന്നൂർ മാത്രമല്ലല്ലോ കത്തിയത്... തൊട്ടപ്പുറത്തെ തളിപ്പറമ്പിലേക്ക് ഒന്ന് നോക്ക്! അവിടുത്തെ സ്ഥാനാർത്ഥി ശരിയല്ലെന്ന് സാക്ഷാൽ മരുമകൻ കെ.കെ. രാഗേഷ് പരസ്യമായി കാച്ചിയതിന്റെ പൊരുളെന്താണെന്ന് നിനക്ക് മനസ്സിലായോ? അത് നേരെ ചെന്നു തറച്ചത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിന്റെ നെഞ്ചത്തല്ലേ!

കന്നാസ്: (മീശ പിരിച്ച് ആക്കിചിരിച്ചുകൊണ്ട്) പിന്നെല്ലാതെ! സാക്ഷാൽ സംസ്ഥാന സെക്രട്ടറിയുടെ തട്ടകമായ തളിപ്പറമ്പിലെ സ്ഥാനാർത്ഥി ശരിയല്ലെന്ന് മരുമകൻ പ്രഖ്യാപിക്കുക എന്ന് പറഞ്ഞാൽ, ഗോവിന്ദൻ മാഷിനെ എടുത്ത് അലക്കുകല്ലേ ചെയ്തത്! കണ്ണൂരിലെ പാർട്ടിയുടെ റിമോട്ടും ചെങ്കോലും മാഷിന്റെ കയ്യിൽ നിന്ന് പൂർണ്ണമായി വാങ്ങി സ്വന്തം അരയിൽ തിരുകാനുള്ള അടവല്ലേ ആ നടത്തിയത്.

കടലാസ്: കൃത്യം! പയ്യന്നൂരിൽ ടി.കെ. ഗോവിന്ദനെ വെട്ടാൻ നോക്കുന്നു, തൊട്ടപ്പുറത്ത് എം.വി. ഗോവിന്ദന്റെ അധികാരത്തെ നോക്കുകുത്തിയാക്കുന്നു. ചുരുക്കം പറഞ്ഞാൽ കണ്ണൂരിലെ അവസാനത്തെ ചെങ്കോട്ടയും സ്വന്തം കുടുംബ പോക്കറ്റിലാക്കാനുള്ള പ്ലാൻ!

കന്നാസ്: അത് വേറൊന്നും കൊണ്ടല്ല കടലാസേ, വലിയ ക്യാപ്റ്റന്റെ മനസ്സിലിരിപ്പ് എന്താണെന്ന് വെച്ചാൽ—'എനിക്ക് ശേഷം പ്രളയം!' താൻ കഴിഞ്ഞാൽ പിന്നെ പാർട്ടിയുമില്ല, മുന്നണിയുമില്ല, ചെങ്കൊടിയുമില്ല. മരുമകനെയും കുടുംബത്തെയും സുരക്ഷിത താവളത്തിലാക്കുക, ബാക്കിയുള്ളവരൊക്കെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയാലും ഒരു കുഴപ്പവുമില്ലെന്ന ലൈൻ!

കടലാസ്: (തലയാട്ടി ചിരിച്ചുകൊണ്ട്) അതെ, പണ്ട് ഫ്രഞ്ച് രാജാവ് ലൂയി പതിനാലാമൻ പറഞ്ഞതുപോലെ—"ഞാൻ തന്നെയാണ് പാർട്ടി, എനിക്ക് ശേഷം എല്ലാം മുങ്ങിത്താഴട്ടെ!" സെക്രട്ടറിയെ സ്വന്തം മണ്ഡലത്തിൽ വെച്ച് തന്നെ വലിച്ച് താഴെയിട്ട് മരുമകനെ വാഴിക്കാൻ നോക്കുമ്പോൾ, ബാക്കി സഖാക്കൾ വെള്ളം കോരിയും വിറകുവെട്ടിയും കാലം കഴിക്കണം.

കന്നാസ്: അതാണ് സഖാക്കളുടെ ഇപ്പോഴത്തെ യോഗം! പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ടിന്റെ കണക്ക് ചോദിച്ചവൻ കള്ളൻ , തളിപ്പറമ്പിലെ ധീരൻ ബ്രൂട്ടസ്, തളിപ്പറമ്പിലെ സെക്രട്ടറി വെറും കാഴ്ചക്കാരൻ, ഡൽഹിയിലെ ഇംഗ്ലീഷ് പ്രസംഗകൻ ബ്രിട്ടാസ് ഉപദേശകൻ... ഒടുവിൽ ഇ.ഡി. പടിവാതിൽക്കൽ എത്തുമ്പോൾ കുടുംബം മാത്രം ബാക്കി! അപ്പൂ, രണ്ട് കട്ടൻ ചായ കൂടി പോരട്ടെ... ഈ 'കുടുംബ വിപ്ലവ'ത്തിന്റെ പുതിയ അധ്യായങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ!

കന്നാസും കടലാസും : മോഹൻ അപ്പ

image