ആലത്തൂർ കവലയിലെ ഭാസ്കരൻ നായരുടെ ചായക്കട. റേഡിയോയിൽ പഴയ പാട്ട് മൂളുന്നുണ്ട്.

കടലാസ് പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ കണ്ണുംനട്ടിരിക്കുമ്പോൾ, ചായ ഗ്ലാസിലേക്ക് ഒഴിച്ച് ഊതിക്കുടിച്ച് കന്നാസ് മുന്നിലിരിക്കുന്ന ബെഞ്ചിലേക്ക് കയറിയിരുന്നു.

image
"എന്താ കടലാസേ, മുഖത്തൊരു വല്ലാത്ത ഗൗരവം? പത്രത്തിൽ വല്ല പുത്തൻ ബോംബും വീണോ?" കന്നാസ് പരിപ്പുവട കടിച്ചുപിടിച്ച് ചോദിച്ചു.

കടലാസ് കണ്ണട നേരെയാക്കി പത്രം മടക്കിവെച്ചു. "ബോംബല്ല കന്നാസേ, ഇതൊരു പ്രണയകാവ്യവും ഒപ്പം വിലാപകാവ്യവുമാണ്! നമ്മുടെ പഴയ പെങ്ങളൂട്ടി രമ്യ ഹരിദാസിന്റെയും, അങ്ങു തെക്കുനിന്ന് ഇങ്ങോട്ട് പറന്നിറങ്ങിയ ആ പാളയം പ്രദീപന്റെയും രാഷ്ട്രീയ വീരഗാഥ!"

കന്നാസ് പൊട്ടിച്ചിരിച്ചു. "ഓ... അതാണോ കാര്യം! 2019 ഓർമ്മയുണ്ടോ നിനക്ക്? നമ്മുടെ ആലത്തൂരിലേക്ക് പെങ്ങളൂട്ടി സ്ഥാനാർത്ഥിയായി വരുന്നു, കോളാമ്പിവെച്ച് പാട്ടുപാടുന്നു, പാവം പെൺകുട്ടിയെന്ന് പറഞ്ഞ് ജനം കണ്ണീരൊഴുക്കുന്നു. പോരാത്തതിന് അപ്പുറത്തെ വിജയരാഘവൻ സഖാവ് വായ തുറന്ന് രമ്യക്ക് വലിയ മാർജിനിൽ വിജയം അങ്ങോട്ട് സമ്മാനിക്കുകയും ചെയ്തു! ആലത്തൂർ ഞെട്ടി, കേരളം ഞെട്ടി, സിപിഎം പടുകൂറ്റൻ തോൽവി കണ്ട് തലയിൽ കൈവെച്ചു!"

"സത്യം!" കടലാസ് നെടുവീർപ്പിട്ടു. "പാർലമെന്റിൽ പോയി ആ പാവം പെൺകുട്ടി അലറിവിളിക്കുമ്പോഴും ആലത്തൂരുകാർ അഭിമാനിച്ചു. പക്ഷേ, കഥ അവിടെ തീർന്നില്ലല്ലോ. ആ പാവത്തിന്റെ ജീവിതത്തിലേക്ക് പാളയത്തുനിന്നൊരാൾ വട്ടമിട്ടു പറന്നിറങ്ങി—ആലത്തൂർ അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച് തോറ്റു തുന്നംപാടിയ സാക്ഷാൽ പാളയം പ്രദീപൻ!"

"അവിടുന്നല്ലേ കളി തുടങ്ങിയത്!" കന്നാസ് ചായക്കടയിലെ ബെഞ്ചിലിട്ടൊന്നു തട്ടി. "ആദ്യം ചെന്ന് ചൊറിഞ്ഞത് ആരെയാ? നമ്മുടെ പെരിങ്ങോട്ടുകുറിശ്ശി ഭരിച്ച സാക്ഷാൽ 'പ്രധാനമന്ത്രി' എ.വി. ഗോപിനാഥനെത്തന്നെ വെറുപ്പിച്ചു കൈയിൽ കൊടുത്തു! ഗോപിനാഥൻ ഇടഞ്ഞതോടെ പാലക്കാട്ടെ കോൺഗ്രസിന്റെ അടിത്തറ തന്നെ ഇളകി. പിന്നെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗംഭീരമായി ആലത്തൂരിൽ എത്തിയ സമയം... നേതാക്കളൊക്കെ വെയിലും പൊടിയും തിന്ന് നടക്കുമ്പോൾ, മേഡവും പ്രദീപനും കൂടി വിമാനത്തിൽ കുവൈറ്റിലേക്ക് വണ്ടി കയറി! ചോദിച്ചപ്പോൾ എന്തോ പ്രവാസി ഫണ്ട് സമാഹരണമാണത്രേ!"

"അതുകൊണ്ടും തീർന്നോ?" കടലാസ് കട്ടൻ ചായ ഓർഡർ ചെയ്തുകൊണ്ട് തുടർന്നു. "2024 പാർലമെന്റ് തെരഞ്ഞെടുപ്പിൽ നമ്മുടെ സ്പീക്കർ രാധാകൃഷ്ണൻ മാഷോട് എട്ടുനിലയിൽ പൊട്ടിത്തകർന്നു. കോൺഗ്രസ് മൊത്തത്തിൽ തൂത്തുവാരിയ ആ തരംഗത്തിൽ, നൂറു സീറ്റ് കിട്ടേണ്ടിയിരുന്നിടത്ത് ആലത്തൂർ പോയിട്ട് 99 ആക്കി ഒപ്പിച്ചു കൊടുത്തു! അതുകഴിഞ്ഞപ്പോൾ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കൊണ്ടുപോയി നിർത്തി. അപ്പോഴും വി.ഡി. സതീശനും മറ്റു നേതാക്കളും ഇരുവരെയും ചായ കൊടുത്ത് വിളിച്ച് ഉപദേശിച്ചതാ—'രണ്ടുപേരും കൂടി ഒതുങ്ങി നിന്നോണം' എന്ന്. കേട്ടോ? ഇല്ല!"

"കേൾക്കാൻ പ്രദീപന് തലയ്ക്ക് ഓളമല്ലല്ലോ!" കന്നാസ് ഇടക്കുകയറി. "തോൽവികൾ തുരുതുരാ വന്നിട്ടും ഒടുവിൽ അടൂർ പ്രകാശ് ഒരു ദയ തോന്നി, തന്റെ സ്വന്തം തട്ടകമായ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകൊടുത്ത് രമ്യയെ ജയിപ്പിച്ചു. തെക്കോട്ടെങ്കിലും പോയി ആ പെൺകുട്ടി സമാധാനമായി ജീവിച്ചോട്ടെ എന്ന് കോൺഗ്രസുകാരും കരുതി."

കടലാസ് കൈമലർത്തിക്കാട്ടി. "പക്ഷേ, നമ്മുടെ പാളയം പ്രദീപന്റെ റഡാർ അത്ര നിസ്സാരമാണോ കന്നാസേ? മണപ്പിച്ചു മണപ്പിച്ചു പ്രദീപൻ വണ്ടിപിടിച്ച് ചിറയിൻകീഴിലെത്തി. നാട്ടുകാരായ കോൺഗ്രസ്സുകാർക്ക് പിന്നെ സഹിക്കുമോ? 'ആലത്തൂര് മുക്കിക്കഴിഞ്ഞിട്ട് ഇങ്ങോട്ടും കെട്ടിയെടുത്തോ' എന്ന് ചോദിച്ച് അവർ എതിർത്തു. പക്ഷേ, തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെ ആരെങ്കിലും തൊട്ടുകളിച്ചാൽ മേഡത്തിന് ഇഷ്ടപ്പെടുമോ? മേഡം കട്ടക്കലിപ്പിൽ!"

"എന്നിട്ടോ? എന്നിട്ടെന്തായി?" കന്നാസ് ആകാംഷയോടെ ചോദിച്ചു.

"പിന്നെന്താകാൻ... പൂരപ്പറമ്പിലെ വെടിക്കെട്ട്! അടി, ഇടി, തെറിവിളി, കൂട്ടത്തല്ല്! കോൺഗ്രസ് ഓഫീസിൽ കസേരകൾ വായുവിലൂടെ പറന്നു. അങ്ങോട്ട് ഒരെണ്ണം, ഇങ്ങോട്ട് ഒരെണ്ണം! പെങ്ങളൂട്ടി വീണ്ടും വാർത്തകളിൽ നിറഞ്ഞു, പക്ഷേ ഇത്തവണ പാട്ടുപാടിയല്ല, അടിപിടി കണ്ടിട്ടാണെന്ന് മാത്രം!"

കന്നാസ് പൊട്ടിച്ചിരിച്ച് ഗ്ലാസ് തിരികെ വെച്ചു. "ഹും... എ.വി. ഗോപിനാഥനെ പിണക്കി ആലത്തൂരിൽ തുടങ്ങി ചിറയിൻകീഴിൽ അടിപൊട്ടിയ ഈ പ്രണയ-രാഷ്ട്രീയ കാവ്യം കണ്ടിട്ട് കെ.പി.സി.സി ഒടുവിൽ എന്ത് റിപ്പോർട്ട് കൊടുക്കുമോ എന്തോ! എന്തായാലും പാവം അടൂർ പ്രകാശ് ഇപ്പോൾ തലയിൽ മുണ്ടിട്ട് ഇരിക്കുകയായിരിക്കും!"

"അതേ കന്നാസേ," കടലാസ് ചിരിച്ചുകൊണ്ട് പറഞ്ഞു, "ആലത്തൂരിൽ നിന്ന് വിട്ടൊഴിഞ്ഞ ശനി, ഇപ്പോൾ ചിറയിൻകീഴിൽ കോൺഗ്രസിന്റെ തലയിൽ തിരുവാതിര കളിക്കുകയാണ്!"

മോഹൻ അപ്പ : കന്നാസും കടലാസും

image