എന്നാലും ആരായിരിക്കും ആ വനിതാ ഐഎഎസ് ഉദ്യോഗസ്ഥകൾ ?
- കന്നാസ്: എടോ കടലാസേ, തലസ്ഥാനത്ത് നിന്ന് കെ.കെ. രാഗേഷ് കണ്ണൂരിലേക്ക് വണ്ടികയറുമ്പോൾ, അവിടുന്ന് പി. ശശി ഇങ്ങോട്ട് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തിരിച്ചെത്തുന്നു; പിണറായിയുടെ ഈ പത്തുകൊല്ലത്തെ ഭരണത്തിൽ അധികാരക്കസേരകളിലേക്ക് വരാനുള്ള മാനദണ്ഡം എന്താണെന്നാണ് നാട്ടിലെ സംസാരം?
കടലാസ്: അതറിയില്ലേ കന്നാസാ, പണ്ട് മുൻ എംഎൽഎയുടെ മകളുടെ പരാതിയിൽ പാർട്ടി നടപടി നേരിട്ട പി. ശശിയെ കാലം കഴിഞ്ഞപ്പോൾ ഈ സുവർണ്ണ യുഗത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെന്ന പവർഫുൾ കസേരയിലേക്ക് തന്നെ തിരിച്ചുപ്രതിഷ്ഠിച്ചില്ലേ! ആരോപണങ്ങൾ ഏൽക്കുന്തോറും പദവികളുടെ ഗ്ലാമർ കൂടുന്നതാണ് ഇവിടുത്തെ പുതിയ യോഗ്യത!
- കന്നാസ്: ശശിയുടെ കാര്യം അവിടെ നിൽക്കട്ടെ, കെ.കെ. രാഗേഷിന്റെ കാര്യത്തിൽ തലസ്ഥാനത്തെ രണ്ട് യുവ ഐഎഎസ് ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾ സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ പുകഞ്ഞപ്പോൾ, രാഗേഷിന് കിട്ടിയത് സ്വന്തം തട്ടകമായ കണ്ണൂരിലെ ജില്ലാ സെക്രട്ടറി പദവിയല്ലേ?
കടലാസ്: അതാണ് സുവർണ്ണ ഭരണത്തിലെ പ്രമോഷൻ ഫോർമുല! നടപടിക്ക് പകരം കൂടുതൽ സുരക്ഷിതമായ പാർട്ടി കോട്ടകളിലേക്ക് ഇവരെ മാറ്റിപ്രതിഷ്ഠിച്ച് സംരക്ഷണം ഉറപ്പാക്കുകയാണ് സിസ്റ്റം.
- കന്നാസ്: അതവിടെ നിൽക്കട്ടെ, എന്തുകൊണ്ടാണ് ഈ യുവ ഐഎഎസ് ഉദ്യോഗസ്ഥകൾ ആരും പുറത്തുപറയാതെ വായമൂടി മിണ്ടാതിരിക്കുന്നത്?
കടലാസ്: പണ്ട് നായനാരുടെ കാലത്ത് മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർക്കെതിരെ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോയും ഫോറസ്റ്റ് സർവീസിലെ പ്രകൃതി ശ്രീവാസ്തവയും ധൈര്യമായി പരാതി കൊടുത്ത് കോടതി കയറിയിറങ്ങി മന്ത്രിയെ രാജി വെപ്പിച്ച ചരിത്രമുണ്ടായിരുന്നു; എന്നാൽ ഇന്ന് പിണറായിയുടെ ഭരണത്തിൽ അത്തരം നട്ടെല്ലുള്ള പ്രതികരണങ്ങൾ കാണാനില്ല, കരിയറും ഭാവിയും ഓർത്ത് ഉന്നത ഉദ്യോഗസ്ഥർ പോലും നിശ്ശബ്ദരാകുന്നു.
- കന്നാസ്: അപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം ആരോപണവിധേയരുടെ ഒരു സംരക്ഷണ കേന്ദ്രമായി മാറുകയാണോ?
കടലാസ്: ഭരണസിരാകേന്ദ്രത്തിൽ പരാതികൾ ഉയരുമ്പോൾ നിഷ്പക്ഷ അന്വേഷണത്തിന് പകരം ഫയലുകൾ ഒതുക്കിത്തീർക്കുകയും, ആരോപണവിധേയർക്ക് കൂടുതൽ വലിയ പദവികൾ വെച്ചുനീട്ടുകയും ചെയ്യുമ്പോൾ ജനം അങ്ങനെ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ!
- കന്നാസ്: ഇതിനിടയിൽ ടി.കെ. ഗോവിന്ദൻ തുറന്നടിച്ച കെ.കെ. രാഗേഷിന്റെ സ്വത്തുവിവരങ്ങളുടെ കണക്കുകൾ പാർട്ടി കോടതിയിൽ ആരെങ്കിലും അളന്നുതിട്ടപ്പെടുത്തുമോ കടലാസേ?
കടലാസ്: അതിനൊക്കെ പാർട്ടിക്ക് സ്വന്തമായി ത്രാസും അളവുകോലുമുണ്ടല്ലോ കന്നാസാ! അന്വേഷിക്കാൻ എകെ ബാലനും ശ്രീമതി ടീച്ചറുമൊക്കെ റെഡിയായി ഇരിപ്പുണ്ട്; അവരുടെ മീറ്റർ വെച്ച് അളന്നാൽ ഏത് വലിയ ക്രമക്കേടും വെറും 'പാർട്ടി വിരുദ്ധരുടെ കുപ്രചാരണം' മാത്രമായി വെട്ടിനിരത്തി ഒതുക്കിത്തീർക്കാൻ ഒരു പ്രയാസവുമില്ല!
- കന്നാസ്: അപ്പോൾ ഇരകൾക്ക് നീതി കിട്ടുന്ന കാര്യത്തിൽ പോലീസും കോടതിയും ഒന്നും ഇടപെടില്ലേ?
കടലാസ്: നാട്ടിലെ പോലീസും കോടതിയും ഇങ്ങോട്ട് നോക്കേണ്ടതില്ലെന്നല്ലേ ലൈൻ! പാർട്ടിക്ക് സ്വന്തം ജഡ്ജിമാരുണ്ട്, സ്വന്തം കമ്മീഷനുമുണ്ട്; എകെ ബാലനും ശ്രീമതി ടീച്ചറും ചേർന്ന് കാര്യങ്ങൾ ഒതുക്കി ക്ലീൻ ചിറ്റ് റെഡിയാക്കി വെച്ചോളും!
- കന്നാസ്: ചുരുക്കം പറഞ്ഞാൽ കടലാസേ, സ്ത്രീസുരക്ഷയും വിപ്ലവവും പുറത്തുപറയാൻ മാത്രമുള്ള മുദ്രാവാക്യങ്ങൾ മാത്രമായി മാറിയോ?
കടലാസ്: അതേ കന്നാസാ, പണ്ട് നളിനി നെറ്റോ കാണിച്ച ധൈര്യം ഇന്ന് ആർക്കുമില്ല, പരാതികൾ അധികാരത്തിന്റെ ഇടനാഴിയിൽ മുങ്ങുമ്പോൾ ആരോപണവിധേയർക്ക് കസേരകളും ബോണസും ഉറപ്പാണ്!
കന്നാസും കടലാസും : രാധ മണമ്മൽ





