വാർത്താസമ്മേളനവും പടിയിറക്കവും: ഒരു 'കന്നാസും കടലാസും' സ്പെഷ്യൽ
കന്നാസ്: എടാ കടലാസേ, നീ ഇന്നത്തെ ആ 'ഷോ' കണ്ടോ? നമ്മുടെ ഇരട്ടച്ചങ്കൻ സ്ലോ മോഷനിൽ വന്നിരുന്ന് വികസനം തള്ളിമറിക്കുന്നത്?
കടലാസ്: കണ്ടു കന്നാസേ, കണ്ടു. സ്ലോ മോഷൻ കണ്ടപ്പോൾ ഞാൻ കരുതി വല്ല പുതിയ സിനിമയുടെയും ടീസർ ആണെന്ന്. പക്ഷെ അവസാനം ആയപ്പോൾ പടം 'ക്ലൈമാക്സ്' എത്തുന്നതിന് മുൻപേ പൊട്ടി പാളീസായില്ലേ!
കന്നാസ്: അതല്ലേ തമാശ! ചോദ്യം ചോദിക്കാൻ മൈക്ക് കൊടുത്തത് സ്വന്തം വീട്ടിലെ കുട്ടികൾക്കായ 'കൈരളി'ക്കും 'ദേശാഭിമാനി'ക്കും മാത്രം. ബാക്കിയുള്ളവർ അവിടെ വെറുതെ കപ്പലണ്ടി തിന്നാൻ വന്നതാണെന്നാ പുള്ളിക്കാരന്റെ വിചാരം. പക്ഷെ അപ്പോഴാണ് അപ്രതീക്ഷിതമായി ഒരു മാധ്യമപ്രവർത്തകൻ സീൻ മാറ്റിയത്.
കടലാസ്: ആഹാ, എന്നിട്ട്?
കന്നാസ്: "സി.എം, ഈ കാണിക്കുന്നത് മോശമാണ്" എന്ന് മുഖത്ത് നോക്കി അങ്ങോട്ട് പറഞ്ഞു. അതോടെ നമ്മുടെ സി.എം ഒന്ന് ഞെട്ടി. മൈക്ക് ഓഫ് ചെയ്ത് വലിഞ്ഞ പുള്ളിക്ക് അന്തം വിട്ട് തിരിച്ചു വന്ന് ഡയസിലിരിക്കേണ്ടി വന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു പത്രസമ്മേളനം നിർത്തിപ്പോയിട്ട് പേടിച്ച് തിരിച്ചു വരുന്നത്!
കടലാസ്: എന്നിട്ട് തിരിച്ചു വന്നിട്ട് വല്ലതും പറഞ്ഞോ?
കന്നാസ്: പിന്നെ... പറയുമല്ലോ! "നിങ്ങളുടെ ചോദ്യം നിങ്ങൾ മനസ്സിൽ വെച്ചാൽ മതി, എന്നോട് ചോദിക്കണ്ട" എന്ന്. പണ്ട് "കടക്ക് പുറത്ത്" എന്ന് പറഞ്ഞ ആ തന്റേടമൊക്കെ എവിടെപ്പോയോ ആവോ! മുഖത്തെ ആത്മവിശ്വാസം ഒക്കെ പോയി, വെളുത്ത തുണിയിൽ ചാണകം വീണത് പോലെ ഇരിക്കുകയായിരുന്നു കക്ഷി.
കടലാസ്: അത് പിന്നെ അങ്ങനെ വരാനേ വഴിയുള്ളൂ കന്നാസേ. ബംഗാളിലെ പഴയ സഖാക്കളുടെ അവസ്ഥയാണല്ലോ ഇപ്പോൾ ഇവിടുത്തെ 'ഇരട്ടച്ചങ്കന്മാർക്കും' വരാൻ പോകുന്നത്. ധർമ്മടത്ത് പോലും തോൽവി മണക്കുന്നുണ്ടത്രേ. അതുകൊണ്ടാണല്ലോ അവിടെയും തളിപ്പറമ്പിലും ഒക്കെ സഖാക്കൾ ഇപ്പോൾ മാനസികനില തെറ്റിയ പോലെ അക്രമം അഴിച്ചുവിടുന്നത്.
കന്നാസ്: പോലീസുകാരും ചാനൽ പി.ആർ തൊഴിലാളികളും വരെ ഇപ്പോൾ മറുകണ്ടം ചാടി തുടങ്ങി. ഇത്രയും കാലം 'പിണറായി പൂജ' നടത്തിയിരുന്ന റിപ്പോർട്ടറിലെയും ന്യൂസ് 18-ലെയും കുട്ടികൾ വരെ ഇപ്പോൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സത്യം എഴുതി തുടങ്ങിയിട്ടുണ്ട്. പടം പൊട്ടുമെന്ന് കണ്ടപ്പോൾ എല്ലാവരും സേഫ് സൈഡ് നോക്കി ഓടുകയാണ്.
കടലാസ്: ചുരുക്കത്തിൽ പറഞ്ഞാൽ കപ്പൽ മുങ്ങാൻ പോകുന്നത് എലികൾ ആദ്യം അറിഞ്ഞു എന്ന് പറയുന്ന പോലെയാണ് കാര്യങ്ങൾ.
കന്നാസ്: ഒടുവിൽ രക്ഷപ്പെടാൻ നോക്കുന്നത് എസ്.ഡി.പി.ഐ-പി.ഡി.പി നേതാക്കൾക്ക് കോടികൾ എറിഞ്ഞുകൊടുത്താണ്. ജലീൽ ആണത്രേ ഇതിന്റെ 'എഞ്ചിനീയർ'. പണ്ട് ജമാഅത്തെ ഇസ്ലാമിയെ വർഗീയവാദി എന്ന് വിളിച്ചവർക്ക് ഇപ്പോൾ എസ്.ഡി.പി.ഐ മുത്തായി മാറി. പാവം അണികൾ ഇതൊക്കെ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ്.
കടലാസ്: അവസാനം 'പോറ്റിയെ കേറ്റിയെ' എന്ന പാട്ടിന്റെ പേരിലായിരിക്കും അടുത്ത തല്ല് നടക്കാൻ പോകുന്നത്. എന്തായാലും കന്നാസേ, മാധ്യമപ്രവർത്തകർ ഇന്ന് കാണിച്ച ആ ഒരു 'ഗറില്ലാ' അറ്റാക്ക് ഉണ്ടല്ലോ, അതോടെ പിണറായി സർക്കാരിന്റെ വായു പോയിട്ടുണ്ട്. ഇനിയിപ്പോൾ പത്രസമ്മേളനം വിളിക്കാൻ പോലും ഇരട്ടച്ചങ്കൻ പത്ത് വട്ടം ചിന്തിക്കും.
കന്നാസ്: എന്തായാലും ഒന്നുറപ്പാണ് കടലാസേ... ഈ ചീഞ്ഞ കളി കളിക്കാൻ 'മറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ!'





