വാദി പ്രതിയാകുന്ന കാലം.

വാദി പ്രതിയാകുന്ന വിചിത്ര നീതി
ജാതിവിവേചനത്തിനെതിരെ ശബ്ദമുയർത്തിയ ആൾക്കെതിരെ ജാതിവിരുദ്ധ നിയമം ചുമത്തി കേസ് എടുക്കുന്നതിലും വലിയ അപഹാസ്യത ഈ രാജ്യത്ത് വേറെന്തുണ്ട്??… അനീതിക്കെതിരെ ശബ്ദമുയർത്തുന്നവർ വേട്ടയാടപ്പെടുന്ന വിചിത്രമായ രാഷ്ട്രീയക്കളി BJP ഭരിക്കുന്ന ഉത്തരാഖണ്ഡിൽ അരങ്ങേറുമ്പോൾ ഇല്ലാതായിപ്പോകുന്നത് ഭരണഘടനാ മൂല്യങ്ങളാണ്.
സംഘപരിവാറിന്റെ ജീർണ്ണിച്ച മനുസ്മൃതി ബോധം
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്ന മുതിർന്ന ദളിത് നേതാവ് പ്രസംഗിച്ചുപോയ വേദി ചാണകവെള്ളം തളിച്ചും പൂജകൾ നടത്തിയും ‘ശുദ്ധീകരിച്ച’ സംഘപരിവാർ മനസ്സ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പേറുന്നത് പ്രാകൃതമായ മനുസ്മൃതിയുടെ അതേ ജീർണ്ണതയാണ്. ഒരു ദളിത് നേതാവിനോട് കാട്ടിയ ഈ തീണ്ടിക്കൂടായ്മയെയും അയിത്ത മനോഭാവത്തെയും കൃത്യമായ ഭാഷയിൽ ജാതീയതയെന്ന് വിളിച്ച് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ചങ്കൂറ്റം കാട്ടിയതാണ് രാഹുൽ ഗാന്ധി ചെയ്ത തെറ്റ്. ജാതിവിവേചനം നടത്തിയവർ സുരക്ഷിതരായിരിക്കുകയും, ആ വിവേചനത്തെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ SC/ ST പീഡന നിരോധന നിയമമുപയോഗിച്ച് കള്ളക്കേസെടുക്കുകയും ചെയ്യുന്നത് എന്ത് തരം നീതിബോധമാണ്?
സമരതീക്ഷ്ണമായ ചരിത്രത്തിന്റെ തുടർച്ച
ഒരു നൂറ്റാണ്ടിന് മുൻപ് 1923ൽ ആന്ധ്രയിലെ കാക്കിനാടയിൽ നടന്ന സമ്മേളനത്തിൽ അയിത്തോച്ചാടനം ദേശീയ അജണ്ടയാക്കി പ്രമേയം പാസ്സാക്കിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആ ആഹ്വാനത്തിന്റെ ആദ്യ പ്രതിഫലനമായിരുന്നു വൈക്കം സത്യാഗ്രഹം. 1924ലെ മഹാപ്രളയത്തിൽ വൈക്കത്തെ സമരപ്പന്തലിൽ അടക്കം വെള്ളം പൊങ്ങിയിട്ടും പിന്മാറാതെ, നെഞ്ചൊപ്പം വെള്ളത്തിൽ നിന്ന് ജാതിവിരുദ്ധ മുദ്രാവാക്യം തുടർന്നവരാണ് നമ്മൾ. 1931ൽ ഗുരുവായൂരിലും KPCCയുടെ സത്യാഗ്രഹപന്തൽ ഉയർന്നു. സമരതീക്ഷ്ണമായ ആ ചരിത്രത്തിന്റെ തുടർച്ചയാണ് രാഹുൽ ഗാന്ധി.
ധാർഷ്ട്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ല
രാഷ്ട്രീയമായി നേരിടാൻ ത്രാണിയില്ലാതെ വരുമ്പോൾ പോലീസിനെയും നിയമ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്ത് വായടപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. അധികാരത്തിന്റെ ധാർഷ്ട്യവും ഫാസിസത്തിന്റെ ഭീഷണികളും കണ്ട് ഭയന്നോടുന്ന നേതാവല്ല രാഹുൽ ഗാന്ധി. മല്ലികാർജുൻ ഖാർഗെയുടെ ആത്മാഭിമാനവും രാജ്യത്തെ കോടിക്കണക്കിന് ദളിത് - പിന്നാക്ക ജനതയുടെ അന്തസ്സും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്കൊപ്പമാണ് ഇന്ത്യയിലെ ജനാധിപത്യ സമൂഹം. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും ദിവാസ്വപ്നം കാണേണ്ട. വിവേചനത്തിന്റെ വേരറുക്കുന്നതുവരെ, സാമൂഹിക നീതി പുലരുന്നതുവരെ രാഹുൽ ഗാന്ധിക്കൊപ്പമാണ്.
NOT AN INCH BACK ✊ - ROJI M JOHN , MINISTER FOR HIGHER EDUCATION







