'റെഡ് ബുക്കും' ദുബായ് പറന്ന ഹവാലയും!

തലസ്ഥാനത്തെ സെക്രട്ടേറിയറ്റ് നടയിലെ ഒരു തണൽമരത്തിന് കീഴെ കട്ടൻചായയും പരിപ്പുവടയുമായി ഇരിക്കുകയാണ് കന്നാസും കടലാസും. കടലാസിന്റെ കയ്യിലെ പത്രത്തിൽ വലിയ അക്ഷരത്തിൽ തലക്കെട്ട്: 'റെഡ് ബുക്ക്, ഹവാല, ഇ.ഡി വൃത്തങ്ങൾ'.

"അല്ല കടലാസേ, ഈ പാർട്ടി സമ്മേളനങ്ങളും റാലികളും നടക്കുമ്പോൾ മാത്രം ഇങ്ങനെയുള്ള ഐറ്റങ്ങൾ പൊട്ടിച്ചിതറുന്നത് എന്തുകൊണ്ടാണെന്ന് വല്ല പിടിയുമുണ്ടോ?" കന്നാസ് കട്ടൻചായയിൽ ഒരു സിപ്പ് എടുത്ത് ചോദിച്ചു.

കടലാസ് പത്രം മടക്കി മീശ പിരിച്ചു. "പിന്നല്ലാതെ കന്നാസേ! കൃത്യം മേയ് 27-ന് കൈക്കലാക്കിയ രേഖകളാണത്രേ ഒരു ലക്ഷം സഖാക്കൾ അണിനിരന്ന വമ്പൻ റാലിയുടെ അന്ന് തന്നെ ചാനലുകാർക്ക് ചോർന്നു കിട്ടിയത്! മരുമോൻ റിയാസ് മൈക്കെടുത്ത് ഗൗരവത്തിൽ കാച്ചുകയാണ്: 'എന്നെ സമൂഹമധ്യത്തിൽ അപമാനിക്കാൻ മനഃപൂർവ്വം തിരഞ്ഞെടുത്ത ടൈമിംഗാണിത്! ആ റെഡ് ബുക്കിൽ ഉള്ളത് വീണയുടെ ഭാവി ബിസിനസ് പ്ലാനുകളാണ്, അല്ലാതെ ഹവാലയല്ല' എന്ന്. പാവം, റെഡ് ബുക്ക് എന്ന് കേട്ടപ്പോൾ അണികൾ വിചാരിച്ചത് മാവോയിസ്റ്റ് ലിറ്ററേച്ചറോ മാർക്സിയൻ തിയറിയോ ആയിരിക്കുമെന്നാണ്, ചെന്നു നോക്കിയപ്പോൾ അതാ ദുബായ് കണക്കുകളുടെ പ്ലാനിങ് ഡയറി!"

"അത് കേട്ടപ്പോഴാണ് ആ വാരിസിന്റെ മൊഴിപ്പകർപ്പ് പുറത്തുവന്നത്," കന്നാസ് പരിപ്പുവട കൊറിച്ച് കണ്ണുരുട്ടി. "'റിയാസിന്റെ നിർദ്ദേശപ്രകാരം അജ്ഞാതർ എത്തിച്ച പണം സുബൈർ എന്ന ഹവാല ഏജന്റ് വഴി ദുബായിലെ ഫൈജാസിന് കൊടുത്തയച്ചു' എന്ന് സുഹൃത്ത് വാരിസ് ഇ.ഡിയോട് സത്യം തുറന്നു പറഞ്ഞിരിക്കുന്നു! ഫൈജാസ്, നിഖിൽ, വാരിസ്, ഷൈജൽ… പേരുകളുടെ ഒരു ഘോഷയാത്രയാണ്! വീണയുടെ സ്വന്തം കൈപ്പടയിലുള്ള ഡയറിക്കുറിപ്പുകൾ കണ്ടതോടെ ഷോൺ ജോർജ് അപ്പുറത്ത് ടിവി സ്റ്റുഡിയോയിൽ ഇരുന്ന് തുള്ളിച്ചാടുന്നു—'ഇതൊക്കെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് മക്കളെ, താഴോട്ട് ഇനിയും വരാനിരിക്കുന്നു' എന്ന്!"

കടലാസ് പൊട്ടിച്ചിരിച്ചു. "അപ്പോഴാണ് കന്നാസേ ഇതിലേക്ക് കോൺഗ്രസിന്റെ മുൻ അധ്യക്ഷൻ കെ. മുരളീധരന്റെ കിടിലൻ എൻട്രി! 'ഇ.ഡി പറയുന്നത് അപ്പാടെ വിഴുങ്ങാൻ ഞങ്ങളില്ല, റിയാസിന് പാരവെക്കുന്നത് ഡൽഹിയിലെ ആളുകളല്ല, സ്വന്തം പാർട്ടിക്കാർ തന്നെയാണ്' എന്ന്! പാര വെക്കാൻ സ്വന്തം സഖാക്കൾ ക്യൂ നിൽക്കുമ്പോൾ എന്തിനാണ് വേറെ പ്രതിപക്ഷം എന്ന മട്ടിലാണ് മുരളീധരന്റെ ഡയലോഗ്."

"അല്ല കടലാസേ, ഇ.ഡി.യും ബി.ഡിയും സി.ഡി.യും ഒക്കെ അങ്ങ് മാറി നിൽക്കട്ടെ. നമ്മുടെ മുഹമ്മദ് റിയാസ് മൈക്കിന് മുന്നിൽ നിന്ന് തട്ടിവിട്ട ആ 'ഫ്യൂച്ചർ ബിസിനസ്' വാദം കേട്ടോ? പാവം സ്വയം രക്ഷിക്കാൻ നോക്കിയതാണ്, പക്ഷെ ചെന്നുചാടിയത് സ്വന്തം കുഴിയിലാണ്! സത്യത്തിൽ അതൊരു ഒന്നൊന്നര പരസ്യ കുറ്റസമ്മതമല്ലേടോ!"

കടലാസ് കട്ടൻചായ ഊതിക്കുടിച്ച് തലയാട്ടി. "പിന്നല്ലാതെ കന്നാസേ! ദിർഹത്തിൽ ഹവാല ഇടപാടുകാരനായ സുബൈറിന് ഉൾപ്പടെ കൈമാറിയ ഈ പെരുമഴപ്പണം എവിടെ നിന്നാണ് വന്നത്? വീണ വിജയന് ഇതിനു മുൻപ് യു.എ.ഇ.യിൽ വേറെ വല്ല ബിസിനസ്സും ഉണ്ടായിരുന്നോ? അതിൽ നിന്ന് എണ്ണയൊഴുക്കും പോലെ വരുമാനം വല്ലതും ഒഴുകിയിരുന്നോ? നമ്മുടെ അറിവിൽ ഉണ്ടായിരുന്നത് വർഷങ്ങൾക്ക് മുൻപ് പൂട്ടിപ്പോയ ആ എക്‌സാലോജിക് മാത്രമാണ്. അത് വൻ നഷ്ടത്തിലായതുകൊണ്ട് പൂട്ടി എന്നാണല്ലോ പണ്ട് സാക്ഷാൽ റിയാസ് തന്നെ വാദിച്ചത്!"

"അതവിടെ നിക്കട്ടെ," കന്നാസ് പരിപ്പുവട കടിച്ചുപൊട്ടിച്ചു. "പിന്നെയുള്ളത് ആ 'ലേക്കർ ഇന്ത്യ' കമ്പനിയാണ്. വ്യാജ ജി.എസ്.ടി. നമ്പറും, ഒരൊറ്റ ജോലിക്കാരൻ പോലുമില്ലാത്ത വെറുമൊരു ഒഴിഞ്ഞ മുറിയും, വാതിലിന് മുന്നിൽ പേപ്പറിൽ പ്രിന്റ് എടുത്ത് ഒട്ടിച്ച ബോർഡും! അത് എന്ത് ബിസിനസ്സാണ് ചെയ്തതെന്നോ, എത്ര വിറ്റുവരവുണ്ടെന്നോ തിട്ടമില്ല. ഇനി ഇതൊന്നുമല്ലാതെ വേറെ വല്ല രഹസ്യ ബിസിനസ്സും യു.എ.ഇ.യിൽ ഉണ്ടായിരുന്നു എന്ന് വെച്ചാൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുത്ത സത്യവാങ്മൂലത്തിൽ അത് വെളിപ്പെടുത്തിയിട്ടുമില്ല! അങ്ങനെയെങ്കിൽ സുബൈറിന്റെ കയ്യിലേക്ക് കൊടുക്കാൻ ഈ ലക്ഷക്കണക്കിന് ദിർഹം എവിടുന്ന് പൊട്ടിമുളച്ചു?"

കടലാസ് പൊട്ടിച്ചിരിച്ചു. "അതാണ് ഹൈലൈറ്റ്! ഇനി 2024-ൽ ആ ഫ്യൂച്ചർ ബിസിനസ്സിനായി കൈമാറിയ പണം കൊണ്ടുള്ള ബിസിനസ്സിന്റെ 'ഫ്യൂച്ചർ' ഇപ്പോൾ എന്തായി? ആ ഇൻവെസ്റ്റ്‌മെന്റ് റിയാസിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ എവിടെയെങ്കിലും കാണിച്ചിട്ടുണ്ടോ? അനുഭവപരിജ്ഞാനത്തിന്റെ കുറവ് റിയാസിന്റെ കാര്യത്തിൽ മുഴച്ചുനിൽക്കുകയാണ്. ആ രേഖയിൽ ഉള്ളത് തങ്ങളുടേതാണെന്ന് അബദ്ധത്തിൽ സമ്മതിച്ചതോടെ, ഇനി 'ഇ.ഡി. വേട്ടയാടുന്നു' എന്ന് കരഞ്ഞുവിളിക്കാൻ ഒരു ന്യായവുമില്ലാതായി!"

"സത്യം," കന്നാസ് ഗ്ലാസ് വട്ടത്തിൽ ചുഴറ്റി. "അമ്മായിയപ്പനെപ്പോലെ രണ്ട് കൈകളും ഉയർത്തിപ്പിടിച്ച് 'ദാ ഈ കൈകൾ ശുദ്ധമാണ് കേട്ടോ' എന്ന് പറഞ്ഞ് ഒരു മോഡൽ തള്ളെങ്കിലും തള്ളിയിരുന്നെങ്കിൽ പാവം പിണറായിസ്റ്റുകൾക്ക് ഫേസ്ബുക്കിൽ ന്യായീകരിച്ച് പിടിച്ച് നിൽക്കാനെങ്കിലും ഒരിത്തിരി കച്ചിത്തുരുമ്പ് കിട്ടുമായിരുന്നു! ഇതിപ്പോ സ്വന്തം തടിയൂരി എന്ന് കരുതി മൊത്തം പാർട്ടിയെയും അമ്മായിയപ്പനെയും കൂടി കടലിലേക്ക് തള്ളിയിട്ട അവസ്ഥയായി."

കടലാസ് എഴുന്നേറ്റ് മുണ്ട് മടക്കിക്കുത്തി മീശ പിരിച്ചു. "ഇനിയിപ്പോ ഇതൊക്കെ അവിടെ കിടക്കട്ടെ കന്നാസേ, ഏറ്റവും പ്രധാനപ്പെട്ട ചോദ്യം എന്താണെന്നറിയാമോ? നടക്കാൻ പോകുന്ന ഈ വിശാല സമിതിയിൽ ഇതൊക്കെ ആരുടെയെങ്കിലും മുഖത്തുനോക്കി ചോദിക്കാൻ നട്ടെല്ലിന് ഉറപ്പുള്ള, അല്ലെങ്കിൽ ഇതിന്റെയൊന്നും പങ്ക് പറ്റാത്ത ആരെങ്കിലും ആ ചുവന്ന കൊടിക്കീഴിൽ ബാക്കിയുണ്ടോ എന്നതാണ്!"

"അതിനിടയിൽ സന്ദീപ് വാര്യരുടെ ഗൗരവത്തിലുള്ള വിധിപ്രസ്താവം വേറെ," കന്നാസ് തുടർന്നു. "'കൈക്കൂലി കൊടുത്തവരും സമ്മതിച്ചു, വാങ്ങിയവരും സമ്മതിച്ചു, ഇനി എല്ലാ വശങ്ങളും പരിശോധിച്ച് നടപടി വരും' എന്ന് പുള്ളി കട്ടായം പറയുന്നു. ഇപ്പുറത്ത് ടി.കെ. ഗോവിന്ദൻ മാഷാകട്ടെ പാർട്ടി സെക്രട്ടറിയെ നോക്കി നെടുവീർപ്പിടുന്നു—'തെറ്റ് തിരുത്തുന്ന പാർട്ടിയല്ല സിപിഎം, പാർട്ടി സെക്രട്ടറി പദവി തന്നെ അപ്രസക്തമായി, പ്രതിപക്ഷ നേതാവിന് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുകയാണ്' എന്ന്!"

"സംഗതി എന്തായാലും കട്ടപ്പുകയായി," കടലാസ് ഒഴിഞ്ഞ ഗ്ലാസ് മാറ്റിവെച്ചു. "ഒരു വശത്ത് ഇ.ഡിയുടെ റെഡ് ബുക്ക് കുരുക്ക്, മറുവശത്ത് ദുബായിലേക്ക് പറന്ന പണത്തിന്റെ വേരുകൾ, നടുവിൽ സ്വന്തം പാർട്ടിക്കാരുടെ പാര! അണികൾ ഇപ്പോൾ റാലിയിൽ മുദ്രാവാക്യം വിളിക്കാൻ നിൽക്കുമ്പോൾ പരസ്പരം ചോദിക്കുകയാണത്രേ—'സഖാവേ, നമ്മൾ ഇങ്ക്വിലാബ് വിളിക്കേണ്ടത് വിപ്ലവത്തിനാണോ, അതോ റെഡ് ബുക്കിലെ ബിസിനസ് പ്ലാനിനാണോ' എന്ന്!"

കന്നാസ് ചിരിയോടെ എഴുന്നേറ്റു, "ഇനിയിപ്പോ ഇതിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കിൽ ആ റെഡ് ബുക്ക് പാർട്ടി ക്ലാസിൽ വെച്ച് ഒന്നുകൂടി പഠിപ്പിക്കേണ്ടി വരും കടലാസേ! വാ, അടുത്ത പത്രസമ്മേളനം തുടങ്ങുന്നതിന് മുൻപ് നമുക്ക് വേഗം ഒരു കട്ടൻ കൂടി കുടിക്കാം!"

രാധ മണമ്മൽ : കന്നാസും കടലാസും