ഏറ്റവും മോശം പെർഫോമൻസ് ആ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെയാണ്: സതീശൻ മന്ത്രിസഭയുടെ പ്രകടനം വിലയിരുത്തൽ !!

പോലീസ് ക്യാമ്പിന്റെ പുറകുവശത്തെ ചായക്കടയിലെ നീളൻ ബെഞ്ചിലിരുന്ന് കന്നാസ് ഗ്ലാസ്സ് മേശപ്പുറത്ത് ഒന്നുകൂടി കൊട്ടി. അപ്പുറത്ത് പത്രത്തിന്റെ ഉൾപ്പേജുകളിലെ വാർത്തകളിൽ കണ്ണുംനട്ട് പരിപ്പുവടയുടെ മൊരിഞ്ഞ വശം കടിച്ചുപറിക്കുകയാണ് കടലാസ്. റോഡിലെ സൈറണുകൾ ഒടുങ്ങിത്തുടങ്ങിയ ശാന്തതയിൽ കന്നാസ് ഒരു കള്ളച്ചിരിയോടെ സംഭാഷണത്തിന് വീണ്ടും ചൂടുപിടിപ്പിച്ചു.

"എടോ കടലാസേ, സതീശന്റെ മന്ത്രിസഭ വന്നിട്ട് ദിവസങ്ങൾ കുറച്ചായല്ലോ. ഭരണത്തലവന്റെ കാര്യം അങ്ങേര് തന്നെ നോക്കിക്കോളും; പക്ഷേ ബാക്കി ഇരുപത് മന്ത്രിമാരുടെ കസേരകളി കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു? ഒരു വിലയിരുത്തൽ ചായക്കടയിൽ നിന്ന് തന്നെ അങ്ങ് തുടങ്ങിയാലോ?"

കടലാസ് പത്രം മടക്കിവെച്ച് ചൂടുചായ ഒരു സിപ്പ് കുടിച്ചു. "അങ്ങനെ ചോദിക്ക് കന്നാസാ! ഇതുവരെയുള്ള കളി വെച്ച് നോക്കിയാൽ ഏറ്റവും മോശം പെർഫോമൻസ് ആ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെയാണ്. പുള്ളി കെപിസിസി പ്രസിഡന്റായി തന്നെ ഇരുന്നാൽ മതിയായിരുന്നു. പാർട്ടി ഓഫീസിലിരുന്ന് ഗ്രൂപ്പ് നോക്കിയതുപോലെ എളുപ്പമല്ലല്ലോ ലൈനും ട്രാൻസ്ഫോർമറും നോക്കുന്നത്! അന്ന് കാണിച്ച ആവേശമൊന്നും ഇപ്പുറത്ത് ലൈറ്റടിച്ചു കാണുന്നില്ല. വകുപ്പ് ഇരുട്ടിലാണോ വെളിച്ചത്തിലാണോ എന്ന് പുള്ളിക്ക് പോലും വലിയ നിശ്ചയമില്ലാത്ത മട്ടിലാണ് കാര്യങ്ങളുടെ കിടപ്പ്."

"എന്നാൽ ആഭ്യന്തരവും വിജിലൻസും നോക്കുന്ന രമേശ് ചെന്നിത്തലയുടെ പോക്ക് എങ്ങനെയുണ്ട്?" കന്നാസ് താടിക്ക് കൈകൊടുത്തു.

"ചെന്നിത്തല തൂഫാനിൽ കസറി മുന്നേറിയതൊക്കെ നേര് തന്നെ," കടലാസ് തുടർന്നു, "പക്ഷേ ചില അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കാമായിരുന്നു. വോട്ട് ചെയ്തു ജയിപ്പിച്ച അണികൾക്ക് പോലും നെഞ്ചിൽ തറയ്ക്കുന്ന രീതിയിലായിപ്പോയി ചില നീക്കങ്ങൾ. ആ റിപ്പോർട്ടർ ചാനൽ വിഷയത്തിലും, തുഷാർ വെള്ളാപ്പള്ളിയുടെയും റോഷിപാലിന്റെയുമൊക്കെ കാര്യത്തിൽ പുള്ളി കൈക്കൊണ്ട മയപ്പെടുത്തിയ നിലപാടുകൾ തീർത്തും ഒഴിവാക്കേണ്ടതായിരുന്നു. സ്വന്തം അണികളുടെ വികാരം കൂടി നോക്കി വേണ്ടേ ആഭ്യന്തരം കയ്യിലിരിക്കുമ്പോൾ നീങ്ങാൻ?"

"ടൂറിസവും സാംസ്കാരികവും നോക്കുന്ന പി. സി. വിഷ്ണുനാഥിന്റെ കാര്യം എന്താടോ? പുള്ളിയുടെ ഓഫീസിൽ ഭയങ്കര മൂവ്‌മെന്റാണെന്ന് കേൾക്കുന്നുണ്ടല്ലോ?"

"അവിടെയാണ് കന്നാസാ കാര്യമായ മാറ്റം കാണുന്നത്! വിഷ്ണുനാഥ് വെറുതെ കസേരയിലിരുന്ന് റൂട്ടീൻ ഫയൽ നോക്കുന്ന മന്ത്രിയല്ലെന്ന് തെളിയിക്കുകയാണ്. ടൂറിസം മേഖലയെ ശരിക്കും വേൾഡ് ക്ലാസ് ലെവലിലേക്ക് ഉയർത്താൻ ഇൻഡസ്ട്രിയിലെ നല്ല പ്രൊഫഷണലുകളെയും ക്രിയേറ്റീവായ മിടുക്കന്മാരെയും പുള്ളി നേരിട്ട് പോയി കാണുന്നു. വെറും ചടങ്ങുകളിലും ഉദ്ഘാടനങ്ങളിലും ഒതുങ്ങാതെ, വകുപ്പിന്റെ പെർഫോമൻസ് അടുത്ത തലത്തിലേക്ക് എത്തിക്കാൻ ആത്മാർത്ഥമായി പ്ലാൻ ഉണ്ടാക്കുകയാണ് വിഷ്ണുനാഥ്. ആ പണി വിജയിച്ചാൽ സതീശൻ മന്ത്രിസഭയിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഈ വകുപ്പായിരിക്കും!"

"തദ്ദേശ സ്വയംഭരണത്തിൽ കെ. എം. ഷാജിയുടെ ലൈൻ എന്താടോ?"

"ഷാജി ഒന്നുകൂടി മുന്നോട്ട് വരാനുണ്ട് കന്നാസാ! പഴയ തീപ്പൊരി പ്രാസംഗികന്റെ ആവേശം സെക്രട്ടേറിയറ്റിലെ ഫയലുകൾക്ക് മേലെ ഇനിയും വീണിട്ടില്ല. പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും വികസനത്തിന്റെ വേഗത കൂട്ടാൻ ഷാജി കുറച്ചുകൂടി മുന്നിൽ നിന്ന് നയിക്കേണ്ടതുണ്ട്."

"അപ്പോൾ പിന്നെ ഈ കൂട്ടത്തിൽ ഏറ്റവും ഉഷാറായി ഗ്രൗണ്ടിലിറങ്ങി പണിയെടുക്കുന്നത് ആരാണ്?" കന്നാസ് കൗതുകത്തോടെ ചോദിച്ചു.

"അവിടെ ചില ഒന്നാന്തരം വർക്കിംഗ് കുതിരകളുണ്ട്," കടലാസ് വിരലുകൾ മടക്കി എണ്ണി. "ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കാൻ ശ്രമിക്കുന്നത് എം. ലിജുവും ഷിബു ബേബി ജോണും റോജി എം. ജോണുമാണ്. റോജി വിദ്യാഭ്യാസം കട്ടക്ക് പിടിക്കുമ്പോൾ, ഷിബു തന്റെ അനുഭവസമ്പത്ത് വെച്ച് കാര്യങ്ങൾ പൂട്ടുന്നു; ലിജു എക്സൈസിലും സഹകരണത്തിലും സ്പീഡ് കൂട്ടുന്നുണ്ട്. അവരുടെ കൂടെ ഒ. ജെ. ജനീഷും പി. കെ. ബഷീറും എൻ. ഷംസുദീനും പിന്നെ നമ്മുടെ ട്രാൻസ്‌പോർട്ട് മിനിസ്റ്ററും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. കാര്യങ്ങൾ വേഗത്തിൽ പഠിച്ച് വകുപ്പുകൾ ട്രാക്കിലാക്കാൻ ഇവർ കാണിക്കുന്ന ആത്മാർത്ഥത എടുത്തുപറയേണ്ടതാണ്."

"വനിതാ-ശിശുക്ഷേമവും ലേബറും നോക്കുന്ന ബിന്ദു കൃഷ്ണയുടെ കാര്യമോ?"

"ബിന്ദു കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു," കടലാസ് നെടുവീർപ്പിട്ടു. "മൈക്കിന് മുന്നിലെ ചില പെട്ടെന്നുള്ള പ്രതികരണങ്ങളും അനാവശ്യ എടുത്തുചാട്ടങ്ങളും ഭരണത്തിന്റെ ഭാരമുള്ള കസേരയ്ക്ക് ചേർന്നതല്ല. പക്വതയോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്യേണ്ട വകുപ്പുകളാണ് കൈയിലിരിക്കുന്നത് എന്ന തിരിച്ചറിവ് ഇനിയും ഉണ്ടാകണം."

"ഇതിനിടയിൽ ലീഗിന്റെ കപ്പിത്താൻ പി. കെ. കുഞ്ഞാലിക്കുട്ടി എവിടെ നിൽക്കുന്നു?"

"കുഞ്ഞാലിക്കുട്ടി ഇപ്പോൾ അണികളിൽ ആവേശം പടർത്തുന്ന തിരക്കിലാണ്!" കടലാസ് ചിരിച്ചു. "പാർട്ടി സമ്മേളനങ്ങളും മലപ്പുറത്തെ റാലികളുമായി പുള്ളി തെരുവിലാണ്. രണ്ടു മാസം കൂടി കഴിയണം കന്നാസാ മുഖ്യമന്ത്രിക്കും കുഞ്ഞാലിക്കുട്ടിക്കും ഒക്കെ ഒന്ന് തണുത്ത് മനഃസമാധാനമായി ഭരിക്കാൻ. ലീഗിന്റെയും മുന്നണിയുടെയും അടിത്തറ ഉറപ്പിക്കുന്ന പണി കഴിഞ്ഞ് പുള്ളി ഭരണത്തിൽ മുഴുവനായി ശ്രദ്ധവെക്കാൻ ആ സമയം എടുക്കും."

"ബാക്കിയുള്ള മന്ത്രിമാരുടെ സ്ഥിതി എന്താടോ?" കന്നാസ് ഗ്ലാസ്സിലെ അവസാന തുള്ളിയും മൊത്തിക്കുടിച്ചു.

"ബാക്കിയുള്ളവരൊക്കെ ഒരൊറ്റ വാക്കിൽ പറഞ്ഞാൽ ആവറേജ്! കെ. മുരളീധരൻ ആരോഗ്യത്തിലും ദേവസ്വത്തിലും സ്വന്തം നിലയ്ക്ക് ചില ഇംപ്രൂവ്‌മെന്റുകൾ കൊണ്ടുവരാൻ കിണഞ്ഞു നോക്കുന്നുണ്ട്; ടി. സിദ്ദിഖും അനൂപ് ജേക്കബും പുതിയ നയപരമായ തീരുമാനങ്ങൾ പരീക്ഷിക്കാൻ ശ്രമിക്കുന്നു. മോൻസ് ജോസഫും കെ. എ. തുളസിയും വി. ഇ. അബ്ദുൾ ഗഫൂറുമൊക്കെ പതിയെ പണി തുടങ്ങി വരുന്നതേയുള്ളൂ. എ. പി. അനിൽകുമാർ മാത്രം കാര്യമായി ഒന്നും ചെയ്യാതെ സമയം വെറുതെ കളയുന്ന ലൈനിലാണ്. ചുരുക്കം പറഞ്ഞാൽ ചിലർ പറക്കുന്നു, ചിലർ കിതയ്ക്കുന്നു, ബാക്കി ടീം വലിയ കുഴപ്പമില്ലാതെ ഒഴുക്കൻ മട്ടിൽ കാര്യങ്ങൾ തള്ളിനീക്കുന്നു!"

"എന്നാലും കടലാസേ," കന്നാസ് ബെൽറ്റ് മുറുക്കി എഴുന്നേറ്റു, "ഈ ചായക്കട വിലയിരുത്തൽ വെറുമൊരു തുടക്കമാണ്. വരും ദിവസങ്ങളിൽ ഇവന്മാരുടെ ഫയൽ നീക്കം നോക്കി നമ്മൾ ഓരോരുത്തർക്കും പ്രത്യേകം മാർക്കിട്ടു കൊടുക്കും. നടക്ക്, സെക്രട്ടേറിയറ്റ് ഭാഗത്ത് അടുത്ത ബെല്ല് അടിക്കാൻ സമയമായി!"

മോഹൻദാസ് അപ്പ : കന്നാസും കടലാസും