നൂറു നാളുകളുടെ പ്രയാണം:

അതിരുകൾ കടന്ന വായനയും ലോകമെമ്പാടുമുള്ള മലയാളികളുടെ പിന്തുണയും
നമ്മൾ നൂറു നാളുകളിൽ എത്തിനിൽക്കുന്നു, രണ്ടു മില്യൺ തവണ വായനക്കാർ നമ്മുടെ ലേഖനങ്ങൾ വായിച്ചു, വായനക്കാരിൽ തൊണ്ണൂറ് ശതമാനവും ലേഖനങ്ങൾ പൂർണ്ണമായും വായിച്ചവരായിരുന്നു. കൊച്ചി മുതൽ ദുബായ് വരെ, കോഴിക്കോട് മുതൽ അബുദാബി വരെ, തൃശൂർ മുതൽ ഷാർജ വരെ, തിരുവനന്തപുരം മുതൽ ദോഹ വരെ, മുംബൈ, ബെംഗളൂരു, കുവൈത്ത് സിറ്റി, സാൽമിയ, ஜബ്രിയ എന്നിവിടങ്ങളിൽ നിന്നുമാത്രമല്ല, അമേരിക്കയിലെ ബോർഡ്മാൻ, പ്രൈൻവിൽ, ഫോർട്ട് വർത്ത്, ആൾട്ടൂണ, ആഷ്ബേൺ, അയർലണ്ടിലെ ഡബ്ലിൻ, സ്വീഡനിലെ ലുലിയ എന്നീ ലോക നഗരങ്ങളിൽ നിന്നുമുള്ള വായനക്കാരും ഇന്ന് THINCK.ORG നെ ചേർത്ത് പിടിക്കുകയാണ്.
അതിരുകൾ കടന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ വായനയും വിശ്വാസവും പിന്തുണയും കൊണ്ട് മുന്നേറുന്ന ഈ യാത്ര ഞങ്ങൾക്ക് വലിയ അഭിമാനവും ഉത്തരവാദിത്വവുമാണ് നൽകുന്നത്. ഓരോ വായനക്കാരനും ഹൃദയം നിറഞ്ഞ നന്ദി.
രാഷ്ട്രീയ ചായ്‌വുകളും വായനക്കാരുടെ പ്രീതി പിടിച്ചുപറ്റിയ ജനപ്രിയ പംക്തികളും
ഇക്കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിച്ച നമ്മുടെ THINCK.ORG, ഒരു രാഷ്ട്രീയക്കാരനിൽ നിന്നോ രാഷ്ട്രീയ പാർട്ടിയിൽ നിന്നോ പണം വാങ്ങിയല്ല ആരംഭിച്ചത് എന്നത് ഇവിടെ ആത്മാർത്ഥതയോടെ വെളിപ്പെടുത്തുന്നു. ചില ചായ്‌വുകൾ ഒക്കെ നമ്മൾ പ്രകടിപ്പിച്ചിട്ടുണ്ട് എന്നത് പറയാതെ വയ്യ.
അതും ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ട് മാത്രമായിരുന്നു. അതിന്റെ പേരിൽ ഏതെങ്കിലും വ്യക്തിക്കോ പാർട്ടികൾക്കോ വേദനിച്ചിട്ടുണ്ടെങ്കിൽ സദയം മാപ്പ് ചോദിക്കുന്നു. മലയാളത്തിൽ ഏറ്റവുമധികം ഷെയർ ചെയ്യപ്പെട്ടിട്ടുള്ള 'ദാസനും വിജയനും' എന്ന പംക്തിയാണ് നമ്മുടെ മുഖ്യ ആകർഷകമായിട്ടുള്ളത്.

വിമർശനാത്മകമായ 'വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ' എന്ന പംക്തിയും ഇക്കഴിഞ്ഞ പത്തുകൊല്ലത്തെ ഭരണത്തെ പൊളിച്ചെഴുതിയ 'ഇരുണ്ട നാളുകൾ' എന്ന പംക്തിയും, ആക്ഷേപഹാസ്യ പംക്തിയായ 'കന്നാസും കടലാസും' ഒട്ടേറെ വായനക്കാരുടെ പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്.
ജെൻവോട്ടർ സർവേയും വി. ഡി. സതീശന്റെ ജനപ്രീതിയും: പ്രവചനങ്ങളും യാഥാർത്ഥ്യങ്ങളും

ഏറ്റവും ശ്രദ്ധേയമായ വിഷയം നമ്മളുടെ സഹസ്ഥാപനമായ ജെൻവോട്ടർ എന്ന പോർട്ടൽ മുഖേന 55555 യുവജനതയിൽ നടത്തിയ അഭിപ്രായ സർവേകളിൽ 102-105 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നും, പുതുയുഗ യാത്ര സമാപിച്ചപ്പോൾ 70 ശതമാനം ചെറുപ്പക്കാരും ചെറുപ്പക്കാരികളും വി ഡി സതീശനെ മുഖ്യമന്ത്രിയായി കാണുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു. ഏപ്രിൽ ഒന്നിനായിരുന്നു ആ സർവേ നമ്മൾ പുറത്തുവിട്ടത്.

പിന്നീട് തിരഞ്ഞെടുപ്പിന് ശേഷം അത്രയും യുവാക്കളിൽ നിന്നും അഭിപ്രായം ആരാഞ്ഞപ്പോൾ കിട്ടിയ വിവരങ്ങൾ അനുസരിച്ചുകൊണ്ട് കണകൂട്ടിയപ്പോൾ 102 സീറ്റുകൾ യു ഡി എഫിന് ലഭിക്കുമെന്ന് നാം വെളിപ്പെടുത്തിയിരുന്നു. പക്ഷെ തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ കണക്കുകൾ നമ്മുക്ക് തെറ്റിയിരുന്നു.

'പാലക്കാഡീൽ' വെളിപ്പെടുത്തൽ: ബിജെപി - സിപിഎം രാഷ്ട്രീയ ധാരണകളും വോട്ട് മറിക്കലും
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നമ്മൾ പൊട്ടിച്ച ആദ്യ വെടിയായിരുന്നു 'പാലക്കാഡീൽ' എന്ന ലേഖനം. കേരളത്തിൽ ബിജെപി - സിപിഎം ഡീൽ പച്ചയായി തുറന്നുകാട്ടിയ ലേഖനമായിരുന്നു അത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ എൽഡിഎഫ് സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ പാലക്കാട് സീറ്റിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ അവിടേക്ക് കോൺഗ്രസുകാരനായിരുന്ന ഒരു മുസ്ലിം സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയപ്പോൾ തോന്നിയ സംശയമായിരുന്നു ആ ലേഖനത്തിന് അടിസ്ഥാനമായത്. കേരളത്തിൽ മുപ്പതോളം സീറ്റുകളിൽ എൽഡിഎഫിന് വോട്ട് മറിച്ചു കൊടുത്താൽ ബിജെപിക്ക് 10 സീറ്റുകൾ ജയിപ്പിച്ചുകൊടുക്കാമെന്നുള്ള ഡീൽ ഉടലെടുത്തത് പാലക്കാട് നിന്നുമായിരുന്നു.

ഗുരുവായൂരിൽ മുസ്ലിം എംഎൽഎ മാർ വേണോ എന്ന ചോദ്യത്തിൽ വത്തിക്കാൻ, മെക്ക വിഷയങ്ങൾ ചൂണ്ടിക്കാണിച്ച സംസ്ഥാന പ്രസിഡണ്ടിന് ശബരിമല സ്ഥിതി ചെയ്യുന്ന റാന്നിയിൽ എന്തുകൊണ്ട് ബിജെപി ഒരു പെന്തക്കോസ്ത് വിഭാഗക്കാരനെ സ്ഥാനാർത്ഥിയാക്കി എന്ന ചോദ്യം ആദ്യം ചോദിച്ചത് നമ്മളായിരുന്നു. അതുപോലെ കൊടുങ്ങല്ലൂർ - തൃശൂർ മണ്ഡലങ്ങളിലെ സിപിഐ കളിക്കാൻ ശ്രമിച്ച ഡീലും നമ്മൾ അന്ന് വെളിപ്പെടുത്തിയിരുന്നു.

തിരഞ്ഞെടുപ്പിലെ വോട്ടിന് പണം ഒഴുക്കൽ: മീഡിയ വണ്ണും അജ്മലും തുറന്നുകാട്ടിയ അട്ടിമറി ശ്രമം
പിന്നീട് നാം പൊട്ടിച്ച രണ്ടാമത്തെ വിഷയമായിരുന്നു പാലക്കാടും തൃശൂരും നേമത്തും മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ബിജെപി പണം വീശി വോട്ട് പിടിക്കുന്നുണ്ട് എന്ന വാർത്ത. ബെംഗളൂരുവിൽ നിന്നും ഓരോരോ മണ്ഡലത്തിലേക്കും കോടികളാണ് ഒഴുകിയെത്തിയത്. കൊട്ടിക്കലാശത്തിന്റെ സമയത്ത് എതിരാളികൾ തിരക്കിലാവുമ്പോൾ ഒഴുക്കാമെന്നായിരുന്നു അവരുടെ തീരുമാനം. പാലക്കാട് അന്നത്തെ ദിവസം ഏകദേശം അഞ്ചുകോടിയോളം വീശി കഴിഞ്ഞിരുന്നു.

ബാക്കിയുള്ള പ്രദേശങ്ങളിൽ വോട്ടിന് പണം എറിയുവാൻ ആളുകളെ ഇറക്കിയിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവിനെയും, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയെയും കൂട്ടാളികളെയും അറിയിക്കുകയായിരുന്നു. അവർ പല ചാനലുകാരെയും അറിയിക്കുവാൻ ശ്രമിച്ചെങ്കിലും മീഡിയ വൺ റിപ്പോർട്ടർ അജ്മൽ മാത്രമാണ് ആ റിസ്ക്ക് ഏറ്റെടുക്കുവാൻ തയ്യാറായത്. തിരഞ്ഞെടുപ്പിന്റെ തലേനാൾ ആ വിഷയം കേരളത്തെ പിടിച്ചുകുലുക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി കസേരയും കെ. സി. വേണുഗോപാലും: മുഖ്യധാരാ മാധ്യമങ്ങളെ തിരുത്തിയ THINCK.ORG വാർത്ത
കേരളത്തിലെ ഏഷ്യാനെറ്റും, മനോരമയും ഒഴികെ ഒട്ടുമിക്ക ചാനലുകാരും ഓൺലൈൻ പത്രങ്ങളും വ്ലോഗർമാരും സോഷ്യൽ മീഡിയ എഴുത്തുകാരും കേരളമുഖ്യമന്ത്രിയായി കെ സി വേണുഗോപാലിനെ ഉറപ്പിച്ചപ്പോൾ കെ സി വേണുഗോപാൽ ഇത്തവണ കേരളത്തിന്റെ മുഖ്യമന്ത്രി ഒരിക്കലും ആവില്ല എന്നെഴുതിയത് നമ്മൾ മാത്രമാണ്. ഡൽഹിയിൽ പ്രിയങ്കഗാന്ധിയുടെ അടുപ്പക്കാരും, ജയറാം രമേഷിന്റെ അടുപ്പക്കാരും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നമ്മൾ എഴുതിയപ്പോൾ അത് ഖണ്ഡിച്ചുകൊണ്ട് പലരും വാർത്തകൾ ഇറക്കിയിരുന്നു.

പോലീസിനെ ഉപയോഗിച്ചുകൊണ്ട് ബലപ്രയോഗത്തിലൂടെ മുഖ്യമന്ത്രിയാകുവാൻ വരെ മുതിർന്ന സാഹചര്യത്തിൽ പോലീസ് റിപ്പോർട്ട് അനുകൂലമായില്ല എന്നതും നമ്മൾ എഴുതിയിരുന്നു. എ ഐ സി സി പ്രഖ്യാപനത്തിന്റെ തലേ നാൾ രാത്രിയിൽ വരെ കെ സി ഉറപ്പിച്ചു എന്ന് മുഖ്യധാരാ പത്രങ്ങളും ചാനലുകളും എഴുതിപിടിപ്പിച്ചപ്പോൾ ഒരിക്കലും അങ്ങനെ സംഭവിക്കില്ല എന്ന് നമ്മൾ എഴുതിയിരുന്നു.
ജനവികാരം കൃത്യമായി വായിച്ചു; 11ൽ 10 പ്രവചനങ്ങൾ ഫലിച്ചു
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങൾ മുമ്പ് തന്നെ രാഷ്ട്രീയ സാഹചര്യങ്ങളും ജനവികാരവും വിലയിരുത്തി, ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടാൻ സാധ്യതയുള്ള 11 പ്രമുഖ സ്ഥാനാർഥികളുടെ പട്ടിക THINCK.ORG പ്രസിദ്ധീകരിച്ചിരുന്നു. ഫലം പുറത്തുവന്നപ്പോൾ ആ പട്ടികയിലെ 11 പേരിൽ 10 പേരും പരാജയപ്പെട്ടത് ശ്രദ്ധേയമായി. ഇത് വെറും യാദൃശ്ചികതയല്ല; ജനങ്ങൾക്കിടയിൽ രൂപപ്പെട്ടിരുന്ന ഭരണവിരുദ്ധ വികാരവും രാഷ്ട്രീയ മാറ്റത്തിനുള്ള ആഗ്രഹവും കൃത്യമായി വായിച്ചെടുക്കാൻ കഴിഞ്ഞതിന്റെ തെളിവാണ്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയം വെറും പ്രചാരണങ്ങളോ സോഷ്യൽ മീഡിയ തരംഗങ്ങളോ അല്ലെന്നും, ജനങ്ങളുടെ മനോഭാവം ശരിയായി വിശകലനം ചെയ്താൽ ഫലങ്ങൾ മുൻകൂട്ടി പ്രവചിക്കാനാകുമെന്നും ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. 11 പേരിൽ 10 പേരുടെ പരാജയം, രാഷ്ട്രീയ വിശകലന രംഗത്ത് THINCK.ORG നടത്തിയ വിലയിരുത്തലിന്റെ കൃത്യതയെ അടിവരയിടുന്ന നേട്ടമായി മാറി.
അമ്മാളു അമ്മയും സത്യപ്രതിജ്ഞാ ചടങ്ങും: സുരേഷ്‌കുമാറിന്റെ ആഹ്വാനവും രാഹുൽ ഗാന്ധിയുടെ വേദിയും
ഏറ്റവും രസകരമായ ഒരു സംഭവം, സത്യപ്രതിജ്ഞ ചടങ്ങിൽ വെച്ച് ഏഷ്യാനെറ്റിന്റെ പി ജി സുരേഷ്‌കുമാർ രാവിലെ 8:35 ന് അമ്മാളു അമ്മയെ ലോകത്തിന് പരിചയപ്പെടുത്തിയപ്പോൾ ഒരു കാര്യം ആവശ്യപ്പെട്ടു. വി ഡി യുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ വിവരം അവരെ അറിയിക്കണമെന്ന്. ഈ വാർത്ത കേൾക്കുമ്പോൾ നമ്മുടെ ഒരു വായനക്കാരൻ ടെലഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉടനെ അദ്ദേഹം പറഞ്ഞു, എങ്ങനെയെങ്കിലും ഇത് അവരെ അറിയിക്കണമെന്ന്. അപ്പോൾ തന്നെ പ്രതിപക്ഷനേതാവുമായി ബന്ധപ്പെട്ട ഏഴോളം പേരെ ഫോണിൽ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. നമ്മൾ ആവശ്യപ്പെട്ടത് ആ തിക്കും തിരക്കിനുമിടയിൽ നിന്ന് അമ്മാളു അമ്മയെ സദസ്സിലേക്ക് എത്തിക്കണം എന്നായിരുന്നു.

അവർ അപ്പോൾ തന്നെ അമ്മാളുഅമ്മയെ തപ്പിയെടുത്തുകൊണ്ട് രാഹുൽഗാന്ധിയുടെ പ്രോട്ടോകോൾ വിഭാഗത്തിന്റെ അടുത്ത് എത്തിക്കുകയും സ്റ്റേജിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതൊരു സന്തോഷപൂർണ്ണമായ സംഭവമായി മാറുകയും ചെയ്തു. നന്ദി പറയേണ്ടത് ഏഷ്യാനെറ്റിന്റെ പി ജി സുരേഷ്കുമാറിനോട് മാത്രമാണ് !!
ഇനിയും തിരഞ്ഞെടുപ്പുകൾ ഉണ്ടാവട്ടെ !! ഇനിയും വാർത്തകൾ പ്രചരിക്കട്ടെ !!
എഡിറ്റർ ഇൻ ചാർജ്
മാധവ് മേനോൻ




#ThinckOrg #ThinckOrg100Days #2MillionReads #MalayaliMedia #GlobalMalayalis #KeralaPolitics #KeralaElections #PalakkadDeal #VoteForMoney #PoliticalAnalysis #JenvoterSurvey #VDSatheesan #KCVenugopal #MediaOneAjmal #AsianetNews #PGSureshKumar #AmmaluAmma #DasanAndVijayan #KannasAndKadalas #PoliticalSatire #MainstreamMediaExposed #AlternativeJournalism #PublicSentiment #ElectionPredictions #KeralaAssemblyElection #PoliticalDisclosures #MediaAccuracy #MalayalamNewsPortal





