
മാധ്യമ ധർമ്മവും വിറ്റുപോയ സർവ്വേകളും
102 സീറ്റുകളാണ് യുഡിഎഫിന് കിട്ടുവാനുള്ള സാദ്ധ്യതകൾ എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായങ്ങൾ . അതിൽ ചില മുഖ്യധാരാ ചാനലുകൾ അവർക്ക് കിട്ടിയ പണത്തിന്റെ തോതനുസരിച്ച് പണം കൊടുത്തവരെ സുഖിപ്പിക്കാനായി മനസ്സിലുള്ളത് മറച്ചു വെച്ചുകൊണ്ട് അല്ലറ ചില്ലറ പിശുക്കത്തരങ്ങളും തെണ്ടിത്തരങ്ങളും കാണിച്ചിട്ടുണ്ട് . കേരളത്തിലെ സാധാരണ കൂലിപ്പണിക്കാരായ തൊഴിലാളികൾ വരെ ചാനൽ സർവേകളെ കളിയാക്കിക്കൊണ്ടാണ് ചായക്കടകളിൽ സംസാരിക്കുന്നത് . അതുതന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ മാധ്യമലോകം നേരിട്ട ഏറ്റവും വലിയ അപചയങ്ങളും . എനിക്കും കിട്ടണം പണം എന്ന് തന്നെയാണ് ആദർശത്തിന്റെ കുപ്പായമിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞുനടക്കുന്ന മാധ്യമ പ്രവർത്തകർ വരെ ഇത്തവണ ചെയ്തുകൂട്ടിയത് .
സ്ഥാനാർത്ഥി നിർണ്ണയം വൈകിപ്പിച്ചത് മനപ്പൂർവ്വമോ ?
വയനാട്ടിലെ ചിന്തൻ ശിബിരവും കനഗോലുവിന്റെ മണ്ഡലനിരീക്ഷണങ്ങളും എല്ലാം ചേർന്നുള്ള കണക്കുകൾ പ്രകാരം ഇപ്പോഴത്തെ ഈ അനുകൂല കാറ്റനുസരിച്ചു നോക്കിയാൽ 110 - 112 സീറ്റുകൾ വരെ വളരെ ഈസിയായി കിട്ടുവാൻ സാദ്ധ്യതകൾ ഉണ്ടായിരുന്നു . പക്ഷെ ചില കുത്തിത്തിരുപ്പുകൾ യുഡിഎഫിനെ സാരമായി ബാധിച്ചിരുന്നു . ഏറ്റവും പ്രധാനമായത് ഇലക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞാൽ 24 മണിക്കൂർ പിന്നിടും മുൻപായി കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്ന് പുതുയുഗയാത്രയിലുടനീളം പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരുന്നു. അങ്ങനെ അങ്ങേര് ഷൈൻ ചെയ്യേണ്ട എന്ന ചിന്താഗതി വെച്ചുകൊണ്ടുതന്നെ ആ പ്രഖ്യാപനത്തെ കുളമാക്കുവാൻ ശ്രമിച്ചതിന്റെ ഭാഗമായി അണികളിൽ ലേശം മനോവേദനയുണ്ടായി . കൂടാതെ ചാനലുകാരും പത്രക്കാരും അക്കാര്യം ഭയങ്കര വീഴ്ചയായി കൊട്ടിഘോഷിക്കുകയും ചെയ്തു .
കെ. സുധാകരനെതിരെയുള്ള മാധ്യമ വേട്ടയും ബിജെപി കഥകളും
എം പിമാർ മത്സര രംഗത്തേക്ക് വരേണ്ട എന്നുള്ള തീരുമാനം പലവട്ടം പാർട്ടി വേദികളിൽ വളരെ ശക്തമായി പറഞ്ഞിട്ടും അവസാന നിമിഷം കണ്ണൂരിലെ കെ സുധാകരനെ അദ്ദേഹത്തിന്റെ കൂടെ നടക്കുന്ന ആളുകളെ ഉപയോഗിച്ചുകൊണ്ട് ചില ചാനലുകാരുടെ സഹായം തേടിക്കൊണ്ട് വെടി പൊട്ടിച്ചപ്പോൾ നല്ല കോൺഗ്രസ്സുകാരും യുഡിഎഫുകാരും പ്രതിരോധത്തിലായി . ഒരു ചാനൽ മാത്രം 52 ബ്രെക്കിങ് ന്യൂസുകൾ വീശി . ആ മനുഷ്യനെ ബിജെപിക്കാരനാക്കി . പാർട്ടി വിട്ടു എന്നുള്ള കഥകളുണ്ടാക്കി . വിമതനായി മത്സരിക്കും എന്നുള്ള കഥകൾ വേറെ . ബിജെപി പണച്ചാക്കുമായി സുധാകരന്റെ കൂടെ നടക്കുന്നവരുടെ പിന്നാലെ കൂടി . ടീം യുഡിഎഫ് എന്ന് പ്രതിപക്ഷനേതാവ് ഉണ്ടാക്കിവെച്ച പ്രതിച്ഛായയെ ഒരു ദിവസം കൊണ്ട് തച്ചുടക്കുവാൻ ആ ദിവസത്തിന് സാധിച്ചു .
രാഹുൽ ഗാന്ധിയുടെ ഇടപെടലും സ്ഥാനാർത്ഥി പട്ടികയിലെ 'വാഴകളും'
പഴയ ആന്റണി - കരുണാകരൻ ഗ്രൂപ്പ് കളികൾക്ക് സമാനമായി കുറെയധികം വാഴകളെ സ്ഥാനാർത്ഥി ലിസ്റ്റിനുള്ളിലേക്ക് തിരുകി കയറ്റുവാൻ നേതാക്കൾ ശ്രമിച്ചപ്പോൾ കളികൾ ലേശം മനസ്സിലാക്കിയ രാഹുൽ ഗാന്ധി ആ ലിസ്റ്റ് വലിച്ചെറിഞ്ഞു കളഞ്ഞു . പാലോട് രവിയും , ചന്ദ്രശേഖരനും, വാഴക്കനും , എൽദോസും ഒക്കെ ആ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റപ്പെട്ടു . എന്നിട്ടും കുറെ റോയ് കെ പൗലോസും , പഴകുളം മധുമാർ ലിസ്റ്റിൽ നുഴഞ്ഞു കയറിയിരുന്നു . ആ ചീഞ്ഞ കളികളിൽ പതിനഞ്ചോളം ഇടങ്ങളിൽ ഈ വിധം സ്ഥാനാർത്ഥികൾ കയറിക്കൂടിയപ്പോൾ ആ മണ്ഡലങ്ങളിൽ മത്സരം കടുത്തതായി . അവിടെയെല്ലാം ജനകീയരായ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിൽ 110 -112 സീറ്റുകൾ എളുപ്പത്തിൽ ലഭിക്കാവുന്ന കാടായിരുന്നു യുഡിഎഫിന് അനുകൂലമായി വീശിയിരുന്നത് . ഇനിയിപ്പോൾ ആ കാറ്റിൽ ഇവരൊക്കെ കടന്നുകയറിയാൽ കേരളം ഞെട്ടുന്ന വിജയം ഉറപ്പ് .
ഭരണവിരുദ്ധ വികാരവും ജനകീയ മുഖ്യമന്ത്രിയും
ആളുകൂടിയാൽ പാമ്പ് ചാവില്ല എന്ന അവസ്ഥയിലായിരുന്നു യുഡിഎഫ് പല സമയത്തും . ടീം യുഡിഎഫ് എന്ന് പറയുമ്പോഴും പലരും മുഖ്യമന്ത്രി മോഹങ്ങളുമായി കറങ്ങി തിരിഞ്ഞപ്പോൾ ജനം പഴയകാല അനുഭവങ്ങൾ അയവിറക്കി . തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തമ്മിലടി ഉറപ്പ് എന്ന തരത്തിൽ ആയിരുന്നു കോൺഗ്രസ്സിന്റെ അണികളിലും അനുഭാവികളിലും സംസാരവിഷയമായത് . ഇതൊക്കെ ശരിവെക്കും വിധം ചാനലുകാർ ആ തീയിൽ പെട്രോൾ ഒഴിച്ചു കൊടുക്കുകയും ചെയ്തപ്പോൾ സാധാരണ ജനങ്ങളിലേക്കും അത് പടർത്തുവാൻ സാധിച്ചു . ഭരണവിരുദ്ധ വികാരം എന്നുള്ളത് ഈ വിഷയങ്ങളെയൊക്കെ മറി കടക്കുവാൻ സാധിച്ചിരുന്നു എങ്കിലും ജനം വോട്ട് ചെയ്തത് പുതുയുഗത്തിനായി തന്നെയാണ് .അവർക്കിഷ്ടപ്പെയാളെ തന്നെയാണ് മുഖ്യമന്ത്രിയായി സ്വീകരിക്കുക . അല്ലെങ്കിൽ അവർ പ്രതികരിക്കുമെന്നത് ഉറപ്പാണ് ,
ഹൈക്കമാൻഡിനുള്ള മുന്നറിയിപ്പ്: കേരളം ഉത്തരേന്ത്യയാകരുത്
യുപിയിലും , ബീഹാറിലും , മധ്യപ്രദേശിലും ഗുജറാത്തിലും ഒക്കെ വര്ഷങ്ങളായി ഭരണം കയ്യാളിയിരുന്ന പാർട്ടിക്ക് ഇപ്പോൾ അവിടെയൊക്കെ അഞ്ചും ആറും എംഎൽഎ മാരായി ചുരുങ്ങിയതിന്റെ കാരണക്കാർ ഇങ്ങനെയുള്ളവർ തന്നെ. ജനകീയരായ നേതാക്കളുടെ ഇടയിലേക്ക് കെട്ടിയിറക്കപ്പെടുന്ന മറ്റുള്ള നേതാക്കൾ വരുമ്പോൾ ജനം അവരെ എല്ലാവരെയും വീട്ടിലിരുത്തും . ഇനിയൊരു യുപിയോ ബീഹാറോ ഗുജറാത്തോ , മധ്യപ്രദേശോ കേരളത്തിൽ ആവർത്തിക്കാൻ പാടില്ല . പാർട്ടി ഒന്നടങ്കം തോറ്റ് തുന്നം പാടി നിന്ന കാലത്ത് കേരളം മാത്രമേ പാർട്ടിക്കൊപ്പം നിന്നുള്ളൂ . അതൊന്നും ആരും മറക്കരുത് . എത്ര വലിയ ഹൈക്കമാൻഡ് ആയാലും ജനവിധിയെ മാനിക്കണം !!
അർഹതയുള്ളവർക്ക് അംഗീകാരം കൊടുക്കുക !! അതാണ് ജനാധിപത്യ മര്യാദ !!
തല മറന്ന് എണ്ണ തേക്കരുത് എന്ന ഉപദേശത്തിൽ വോട്ടർ ദാസനും
എല്ലാം എല്ലാവരും കാണുന്നുണ്ട് കേൾക്കുന്നുണ്ട് എന്ന ചിന്ത ആർക്കും നല്ലതാണ് എന്ന ഓർമ്മപ്പെടുത്തലുമായി വോട്ടർ വിജയനും







