പഴയ എസ്എഫ്ഐ മാപ്രാക്കളെ 'അങ്ങ്' , 'താങ്കൾ' എന്നുള്ള അഭിസംബോധന മുഖ്യൻ ദയവായി ഒഴിവാക്കണം

കന്നാസ്: (കട്ടൻചായ ഊതിക്കുടിച്ച് നെടുവീർപ്പിട്ട്) എടാ കടലാസേ... പത്രസമ്മേളനത്തിൽ ചോദ്യങ്ങളുമായി ചെന്ന ദേശാഭിമാനി റിപ്പോർട്ടറെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എയറിലാക്കിയത് കേട്ടപ്പോൾ രസിച്ചെങ്കിലും, എനിക്ക് മനസ്സിൽ വല്ലാത്തൊരു വിഷമം തോന്നി.

കടലാസ്: അതെന്താ കന്നാസേ, ആ മാപ്രായെ നിർത്തിപ്പൊരിച്ചിട്ടും നിനക്കെന്താ വിഷമം?

കന്നാസ്: മറുപടിയൊക്കെ കൊള്ളാം! പക്ഷേ വി.ഡിയെപ്പോലെ ചുണയുള്ളൊരു നേതാവ്, കള്ളക്കഥ മെനഞ്ഞുണ്ടാക്കി വന്നിരിക്കുന്ന ഈ വക ആളുകളെ 'അങ്ങ്', 'താങ്കൾ' എന്നൊക്കെ വലിയ ബഹുമാനത്തിൽ അഭിസംബോധന ചെയ്യുന്നത് കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ലെടോ! എന്തിനാണ് ഇവർക്ക് ഇത്രയും ആദരവ്? 'താൻ', 'നിങ്ങൾ' എന്നൊക്കെ മുഖത്തുനോക്കി അങ്ങ് കാച്ചണ്ടേ?

കടലാസ്: (മേശപ്പുറത്ത് തട്ടി) നീ പറഞ്ഞത് നൂറു ശതമാനം ശരിയാണ് കന്നാസേ! അങ്ങനെയേ ചോദിക്കാവൂ. എന്നാലും അവിടെ നടന്നത് എന്തൊരു ഒന്നൊന്നര പൊരിക്കലായിരുന്നു എന്ന് നോക്കിക്കേ!

കന്നാസ്: ആദ്യം എന്തായിരുന്നു ആ റിപ്പോർട്ടറുടെ വക ഉരുളൽ?

കടലാസ്: റിപ്പോർട്ടറുടെ വക ഗംഭീര ചോദ്യം: "താങ്കളും രാഹുൽ ഗാന്ധിയും അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയപ്പോൾ 'പിഎം ശ്രീ' പദ്ധതിയെ രാഹുൽ എതിർത്തെന്നാണല്ലോ വാർത്ത?"

കന്നാസ്: അതിന് വി.ഡി എന്ത് പറഞ്ഞു?

കടലാസ്: വി.ഡി ഒറ്റ വെട്ട്! "റൂമിൽ ഞാനും രാഹുൽ ഗാന്ധിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംസാരിച്ചത് ഞാനും പറഞ്ഞിട്ടില്ല, രാഹുലും പറഞ്ഞിട്ടില്ല. ആകാശത്തുനിന്ന് വാർത്ത മെനഞ്ഞുണ്ടാക്കി കൊണ്ടുവന്നാൽ അതിന് മറുപടി പറയാൻ എനിക്ക് സൗകര്യമില്ല. 'പിഎം ശ്രീ' എന്നൊരു വാക്ക് പോലും അവിടെ വന്നിട്ടില്ല, അതുകൊണ്ട് വാർത്ത പടച്ചുവിട്ട നിങ്ങൾ തന്നെ അതിന്റെ ഉത്തരവും അങ്ങ് കൊടുത്തേക്ക്!" എന്ന് മുഖത്തടിച്ചതുപോലെ പറഞ്ഞു. 'താങ്കൾ' എന്ന വാക്ക് കൂടി ഒഴിവാക്കി 'താൻ പോയി പണിനോക്ക്' എന്ന് പറഞ്ഞിരുന്നെങ്കിൽ ആ മറുപടി ഇതിലും പൊളിച്ചേനെ!

കന്നാസ്: അതുകൊണ്ടും നിർത്തിയില്ലല്ലോ, അടുത്ത ഇ.ഡി ചോദ്യം എടുത്തിട്ടല്ലേ?

കടലാസ്: പിന്നല്ലാതെ! "പിണറായിക്കെതിരെ എന്ത് തെളിവാണ് ഇ.ഡി തന്നത്?" എന്ന് അടുത്ത കരച്ചിൽ. അതിന് വി.ഡിയുടെ മറുപടി കേട്ട് പുള്ളി വീണ്ടും വിയർത്തു: "നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ തെളിവുകൾ തന്നിട്ടുണ്ട്. പക്ഷേ മുൻ സർക്കാരുകളെപ്പോലെ എടുത്തുചാടി പിടിച്ചകത്തിടുന്ന പണിയല്ല ഇത്. തെളിവുകൾ കൃത്യമായി പരിശോധിച്ച് മാത്രമേ ബാക്കി നടപടികളിലേക്ക് കടക്കൂ. ഇ.ഡി എന്തെങ്കിലും കാട്ടിത്തന്നാൽ അപ്പഴേ ഓടിച്ചെന്ന് കേസ് എടുക്കുന്ന വിവരദോഷം ഈ സർക്കാരിനില്ല" എന്ന്!

കന്നാസ്: എന്നിട്ടും അടങ്ങിയില്ലല്ലോ, രാഹുലിനെയും സോണിയയെയും കൂട്ടുപിടിച്ച് വീണ്ടും ചൊറിഞ്ഞില്ലേ?

കടലാസ്: നോക്കി, അതും വാങ്ങി വീണ്ടും കരഞ്ഞു! "രാഹുലും സോണിയയും ഇ.ഡിക്ക് എതിരല്ലേ?" എന്നായി അടുത്ത പതുങ്ങിയ ചോദ്യം. വി.ഡി കാച്ചിയ കാച്ചൽ: "അവർ മണിക്കൂറുകളോളം ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് നെഞ്ചുവിരിച്ച് ചെന്നിരുന്നവരാണ്. അതുകണ്ട് സമനില തെറ്റി അണികളെ വിട്ട് വണ്ടി തല്ലിപ്പൊളിക്കാൻ ആഹ്വാനം ചെയ്തിട്ടില്ല. ആദ്യം അവരുടെ പേരിലുള്ള കേസ് എന്താണെന്നും ഈ കേസ് എന്താണെന്നും പോയി പഠിച്ചിട്ട് വന്ന് ലിങ്ക് ചെയ്യ്" എന്ന് ഒറ്റ ഡയലോഗ്!

കന്നാസ്: അതോടെ ആ ദേശാഭിമാനി റിപ്പോർട്ടറുടെ കണ്ണിൽ നിന്ന് കണ്ണീരൊഴുക്ക് തുടങ്ങിയല്ലേ?

കടലാസ്: ഒഴുക്കല്ല കന്നാസേ, മഹാപ്രളയം! ആ മോങ്ങലിൽ നിന്ന് വരുന്ന കണ്ണീരുകൊണ്ട് ഒരു ചാല് കീറി നേരെ മുല്ലപ്പെരിയാർ ഡാമിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതി സർക്കാർ ഉടനെ തുടങ്ങണം. വെറുതെ ആ കണ്ണീർജലം പാഴാക്കി കളയരുതല്ലോ!

കന്നാസ്: (മീശ പിരിച്ച് ചിരിയോടെ) അല്ല കടലാസേ, ഈ മാപ്രാക്കളുടെ കാര്യം പറയുമ്പോഴാണ് ഇന്നത്തെ മറ്റൊരു കൊലമാസ്സ് സീൻ ഓർത്തത്. നമ്മുടെ സാക്ഷാൽ 'മടിയിൽ കനമില്ലാത്ത' പിണറായി വിജയൻ ഇന്ന് ഇക്കൂട്ടർക്ക് ഇട്ട് ഒന്നാന്തരം കൊടുക്കൽ കൊടുത്തെന്നു കേട്ടല്ലോ!

കടലാസ്: (പൊട്ടിച്ചിരിച്ചു കൊണ്ട്) അത് നീയും അറിഞ്ഞോ കന്നാസേ! ചോദ്യവുമായി പിന്നാലെ ചെന്ന മുഴുവൻ മാപ്രാക്കളെയും നിർത്തിപ്പൊരിച്ചില്ലേ! "പുറത്ത് നിക്കെടോ... തൂറാൻ പോകുമ്പോഴും കൂട്ടിനു വരുന്നോ?" എന്ന ഒറ്റ ചോദ്യം!

കന്നാസ്: അതോടെ എന്തായി അവസ്ഥ?

കടലാസ്: അവസ്ഥയോ! സകല മാപ്രാകളുടെയും അണ്ണാക്കിൽ പിരിവെട്ടിപ്പോയി! ഒരൊറ്റയെണ്ണത്തിന് നാവനങ്ങിയില്ല, ഒരൊറ്റ മറുചോദ്യവും വന്നില്ല; എല്ലാവരും വാ പൊളിച്ച് വാലും ചുരുട്ടി സ്ഥലം വിട്ടു! അവിടെ പിണറായിയുടെ വക 'അങ്ങ്' ഇല്ല, 'താങ്കൾ' ഇല്ല, ഒരു ആദരവുമില്ല... മുഖത്ത് നോക്കി പച്ച മലയാളത്തിൽ കാച്ചിയ കാച്ചൽ!

കന്നാസ്: അതാണ് ഞാനും പറഞ്ഞത് കടലാസേ! വി.ഡി ഇപ്പോഴും മര്യാദക്കാരനായി 'അങ്ങ്', 'താങ്കൾ' എന്നൊക്കെ വിളിക്കുമ്പോഴാണ്, പിണറായി ശൈലിയിൽ ഒരൊറ്റ ഡയലോഗ് കൊണ്ട് എല്ലാത്തിനെയും പെട്ടിയിലാക്കുന്നത്!

കടലാസ്: അതേടാ, ഇത്തരക്കാർക്ക് കൊടുക്കേണ്ടത് പിണറായി ടോണിക്ക് തന്നെയാണ്. അടുത്ത തവണ വി.ഡിക്കും ഈ വക മാപ്രാകൾക്ക് കൊടുക്കാൻ ഇതേ ഭാഷാപ്രയോഗം കടമെടുക്കാവുന്നതാണ്! ആ കാഴ്ചയോർത്ത് തന്നെ നമുക്ക് ഓരോ ചൂട് കട്ടൻ കൂടി കുടിക്കാം... ഒഴിക്കെടാ കട്ടൻ!

മോഹൻദാസ് അപ്പ : കടലാസും കന്നാസും